News - 2026

വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ക്ക് വേണ്ടത് ശാശ്വത പരിഹാരം: ജെറുസലേം ലാറ്റിൻ പാത്രിയാർക്കീസ്‌

പ്രവാചകശബ്ദം 28-08-2026 - Friday

ജെറുസലേം: വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ ഭാവി സംരക്ഷിക്കാൻ അടിയന്തര ദുരിതാശ്വാസ സഹായങ്ങൾ മാത്രം മതിയാകില്ലെന്നും ശാശ്വതമായ പരിഹാരമാർഗ്ഗങ്ങൾ ഉടനടി നടപ്പിലാക്കേണ്ടതുണ്ടെന്നും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ്‌ കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല. ഓഗസ്റ്റ് 21-ന് പുറത്തിറക്കിയ "പ്രതീക്ഷയ്ക്ക് പ്രവർത്തനം ആവശ്യമാണ്" (Hope Demands Action) എന്ന ലേഖനത്തിലാണ് പാത്രിയാര്‍ക്കീസിന്റെ പ്രതികരണം. യുദ്ധവും രാഷ്ട്രീയ സംഘർഷങ്ങളും കാരണം മേഖലയിലെ ക്രിസ്ത്യൻ സമൂഹം കടുത്ത സാമ്പത്തിക - സാമൂഹിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം കുറിച്ചു.

മേഖലയിലെ അതിർത്തി അടയ്ക്കലുകളും ടൂറിസം-തീർത്ഥാടന മേഖലയിലെ തിരിച്ചടിയും കാരണം വെസ്റ്റ് ബാങ്കിലെയും പരിസരങ്ങളിലെയും നിരവധി ക്രിസ്ത്യാനികൾക്കാണ് ജോലി നഷ്ടപ്പെട്ടതെന്ന് പാത്രിയാർക്കീസ്‌ ചൂണ്ടിക്കാട്ടി. തൽക്കാലത്തേക്ക് നൽകുന്ന ഭക്ഷണവും സാമ്പത്തിക സഹായവും കൊണ്ട് മാത്രം ഇവരുടെ ഭാവി സുരക്ഷിതമാക്കാനാകില്ല. സ്ഥിരമായ വരുമാന മാർഗ്ഗങ്ങളുടെ അഭാവവും വദ്ധിച്ചുവരുന്ന സുരക്ഷാഭീതിയും ക്രിസ്ത്യൻ കുടുംബങ്ങളെ നാടുവിടാൻ നിർബന്ധിതരാക്കുന്നു. വിശുദ്ധ നാട്ടിലെ ക്രൈസ്തവ സാന്നിധ്യം തീർത്തും ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണ്.

സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ, ആശുപത്രികൾ, തൊഴിൽ കേന്ദ്രങ്ങൾ എന്നിവയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കിയാൽ മാത്രമേ പ്രാദേശിക സമൂഹത്തിന് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നിലനിർത്താനാകൂ. ലഭ്യമാകുന്ന ദുരിതാശ്വാസ ഫണ്ടുകൾ താൽക്കാലിക ആശ്വാസത്തിന് ഉപകരിക്കുമെങ്കിലും, ജനങ്ങൾക്ക് മാന്യമായി ജീവിക്കാനുള്ള തൊഴിലവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണ് ദീർഘകാലാടിസ്ഥാനത്തിൽ വേണ്ടത്. വിശുദ്ധ നാട്ടിലുടനീളം, എല്ലാ തലങ്ങളിലും സഭയുടെ സാന്നിധ്യം നിലനിർത്താൻ തങ്ങളുടെ കഴിവിനൊത്തതെല്ലാം തുടർന്നും ചെയ്യുമെന്ന നിലപാട് ലാറ്റിൻ പാത്രിയാർക്കീസ്‌ ആവര്‍ത്തിച്ചു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »