News
പ്രതിസന്ധികളിലും സഭ വിശ്വാസികൾക്കൊപ്പം: തയ്ബെയിലെ ക്രൈസ്തവർക്ക് ഐക്യദാർഢ്യവുമായി ജെറുസലേം പാത്രിയാർക്കീസ്
പ്രവാചകശബ്ദം 17-08-2026 - Monday
ജെറുസലേം: വിശുദ്ധ നാട്ടിലുടനീളം, എല്ലാ തലങ്ങളിലും സഭയുടെ സാന്നിധ്യം നിലനിർത്താൻ തങ്ങളുടെ കഴിവിനൊത്തതെല്ലാം തുടർന്നും ചെയ്യുമെന്ന് ജെറുസലേം പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ദിനത്തിൽ വെസ്റ്റ് ബാങ്കിലെ ഏക ക്രൈസ്തവ ഗ്രാമമായ തയ്ബെ സന്ദർശനത്തിടെ സംസാരിക്കുകയായിരിന്നു അദ്ദേഹം. ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന തയ്ബെ ഗ്രാമത്തിൽ താമസക്കാരല്ലാത്തവർക്ക് പ്രവേശനം നിരോധിച്ചുകൊണ്ടു ഇസ്രായേൽ സൈന്യം രംഗത്ത് വന്നിരിന്നു. ഇതിന് പിന്നാലെയാണ് കര്‍ദ്ദിനാളിന്റെ സന്ദര്‍ശനം.
"മാനുഷികമായോ ലൗകികമായോ ഉള്ള ഉത്തരങ്ങൾ എന്റെ പക്കലുണ്ടാകണമെന്നില്ല, എന്നാൽ എനിക്ക് ദൈവത്തിൽ വിശ്വാസമുണ്ട്. അവിടുത്തെ ആശ്രയിച്ചുകൊണ്ട്, തയ്ബെയിലായാലും നമുക്ക് തുടർന്നും ജീവൻ പകർന്നുനൽകാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്,"- തയ്ബെയിലെ 'ക്രൈസ്റ്റ് ദ റിഡീമർ' ലാറ്റിൻ പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കിടെ കർദ്ദിനാൾ പിസബല്ല പറഞ്ഞു. ദുഷ്കരമായ സമയങ്ങളിൽ ദൈവജനത്തിനൊപ്പം നിലകൊള്ളുന്ന ഒരു പിതാവിനെപ്പോലെയാണ് കർദിനാളിന്റെ സാന്നിധ്യമെന്ന് വികാരി ഫാ. ബഷാർ ഫവാദ്ലെ പറഞ്ഞു.
"ഈ നാടിന്റെ കുരിശും പ്രത്യാശയും" വഹിച്ചുകൊണ്ട് സഭ തന്റെ മക്കൾക്കൊപ്പം നിലകൊള്ളുന്നുവെന്നും, തങ്ങൾ ഒറ്റയ്ക്കല്ലെന്നു കർദ്ദിനാൾ പിസാബല്ലയുടെ സാന്നിധ്യം വിശ്വാസിസമൂഹത്തെ ഓർമ്മിപ്പിക്കുന്നുവെന്നും ഫാ. ബഷാർ കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ആഴ്ചയാണ് വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായേലി കുടിയേറ്റക്കാർ പാലസ്തീനികൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ തയ്ബെ ഗ്രാമത്തിൽ താമസക്കാരല്ലാത്തവരുടെ പ്രവേശനം ഇസ്രായേൽ സൈന്യം നിരോധിച്ചത്. തയ്ബെയിൽ ഏകദേശം 1,200 മുതൽ 1,300 വരെ ക്രൈസ്തവരുണ്ടെന്നാണ് കണക്ക്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️


















