India - 2026

സീറോ മലബാർ സഭയിൽ ഒക്ടോബർ മുഴുവൻ 'മിഷൻ മാസമായി' ആചരിക്കുവാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആഹ്വാനം

പ്രവാചകശബ്ദം 20-09-2026 - Sunday

കാക്കനാട്: സീറോ മലബാർ സഭയിൽ ഇനിമുതൽ ഒക്ടോബർ മാസം മുഴുവൻ 'മിഷൻ മാസമായി' ആചരിക്കും. 2024ൽ പാലായിൽ നടന്ന മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ നിർദേശപ്രകാരം സിനഡ് കൈക്കൊണ്ട തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ഈവർഷം മുതൽ ഒക്ടോബർ മാസം മിഷൻ മാസമായി ആചരിക്കാൻ നിർദേശിച്ചുകൊണ്ടുള്ള സർക്കുലർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പുറപ്പെടുവിച്ചു. ഇതിനുമുമ്പ് സാർവത്രിക സഭയോടൊപ്പം ഒക്ടോബർ മാസത്തിൽ മിഷൻ ഞായർ ആചരിക്കുന്നതിനുപുറമെ, 2016 മുതൽ ജനുവരി മാസത്തിൽ ദനഹാത്തിരുനാൾ മുതൽ 12 വരെ മിഷൻ ആഭിമുഖ്യം വളർത്തിയെടുക്കുന്നതിനുവേണ്ടി സീറോ മലബാർ സഭയിൽ മിഷൻ വാരമായി ആചരിച്ചുവരികയായിരുന്നു.

എന്നാൽ, 2024ൽ പാലായിൽ നടന്ന മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ നിർദേശപ്രകാരം ജനുവരിയിലെ മിഷൻ വാരാചരണത്തിനു പകരം ഒക്ടോബർ മാസം മുഴുവനും മിഷൻ മാസമായി ആചരിക്കാൻ സീറോമലബാർ സഭയുടെ മെത്രാൻ സിനഡ് തീരുമാനിച്ചു. കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ മിഷൻ ഓഫീസിനായിരിക്കും ആചര ണത്തിന്റെ ഏകോപനച്ചുമതല. മിഷൻ മാസാചരണത്തിന്റെ ഭാഗമായി ഓരോ ആഴ്‌ചയിലും പ്രത്യേക വിഷയങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തനങ്ങൾ നടക്കും.

ഒന്നാം ആഴ്‌ച ആഗോള മിഷൻ പ്രവർത്തനങ്ങളെ പരിചയപ്പെടൽ, രണ്ടാം ആഴ്‌ച സീറോ മലബാർ സഭയുടെ മിഷൻ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കലും പങ്കാളിത്തവും, മൂന്നാം ആഴ്ച്‌ച അതത് രൂപതകളുടെ മിഷൻ പ്രവർത്തനങ്ങളിലെ സഹകരണം, നാലാം ആഴ്ച ഇടവകതലത്തിലുള്ള പ്രേഷിതദൗത്യ ഏകോപനം എന്നിങ്ങനെയായിരിക്കും പ്രവർത്തനങ്ങൾ. മിഷൻ മാസം മുഴുവനും ഇടവകകളിലും കുടുംബ യൂണിറ്റുകളിലും കുടുംബങ്ങളിലും മിഷനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം.

ജപമാലയിലും വിശുദ്ധ കുർബാനയിലെ പ്രാർത്ഥനകളിലും ലോകമെങ്ങും സേവനം ചെയ്യുന്ന മിഷണറിമാരെയും വിശ്വാസത്തെപ്രതി പീഡനവും മരണവും ഏറ്റുവാങ്ങുന്നവരെയും പ്രത്യേകം അനുസ്‌മരിക്കണം. ഞായറാഴ്ചകളിലെ വചനപ്രഘോഷണം, വിശ്വാസപരിശീലന ക്ലാസുകൾ, മിഷൻ അനുഭവങ്ങളുടെ പങ്കുവയ്ക്കൽ, മിഷൻ ക്വസ്റ്റ് ക്വിസ് മത്സരം, മിഷൻ സ്‌കിറ്റുകൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ കുട്ടികളിലും യുവജനങ്ങളിലും മുതിർന്നവരിലും മിഷൻ ചൈതന്യം വളർത്താൻ ഉതകുന്ന രീതിയിൽ ക്രമീകരിക്കണം.

പ്രത്യേകിച്ച് നവസുവിശേഷവത്കരണ സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അല്‍മായരെ രൂപതതലത്തിൽ കണ്ടെത്തി ഏകോപിപ്പിക്കുകയും മിഷൻപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയുംചെയ്യുന്നത് വളരെ മാതൃകാപരമാണെന്നു മേജർ ആർച്ച് ബിഷപ്പ് ഓർമിപ്പിച്ചു. സഭയിൽ ആരംഭിച്ചിട്ടുള്ള 'ജീവൻ ജ്യോതി' എന്ന ഔദ്യോഗിക അല്‌മായ പ്രേഷിതമുന്നേറ്റത്തിന് എല്ലാ രൂപതകളിലും ഇടവകകളിലും തുടക്കം കുറിക്കണമെന്നും 2033ലെ ഈശോമിശിഹായുടെ രക്ഷാകര സംഭവത്തിൻ്റെ മഹാജൂബിലിക്ക് ഒരുങ്ങുന്ന സഭയ്ക്ക് ഈ മിഷൻ മാസാചരണം പുതിയ പ്രേഷിത ഉണർവ് സമ്മാനിക്കുമെന്നും മേജർ ആർച്ച് ബിഷപ്പ് സർക്കുലറിൽ വ്യക്തമാക്കി.


Related Articles »