India

കാരുണ്യത്തിന്റെ പുതിയ അധ്യായത്തിനു തുടക്കമിട്ട് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രല്‍

പ്രവാചകശബ്ദം 04-11-2026 - Wednesday

ഇരിങ്ങാലക്കുട: ഭവനരഹിതർക്കു വീടൊരുക്കിയും അറ്റകുറ്റപ്പണികൾ ആവശ്യമായ വീടുകൾക്കു കൈത്താങ്ങായും കാരുണ്യത്തിന്റെ പുതിയ അധ്യായത്തിനു തുടക്കമിട്ട് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിൽ കാരുണ്യവർഷത്തിനു തുടക്കമായി. ഇടവകയുടെ നേതൃത്വത്തിൽ അഞ്ചു ഭവനരഹിത കുടുംബങ്ങൾക്ക് പുതുവീട് നിർമിച്ചു നൽകുന്നതിനും പത്തു വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമുള്ള ഭവനപദ്ധതികൾക്കാണു തുടക്കമായത്. കാരുണ്യ വര്‍ഷത്തിന്റെ ഉദ്ഘാടനം ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ നിർവഹിച്ചു. കത്തീഡ്രൽ വികാരി ഫാ. ഡോ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

ഭവനനിർമാണ പദ്ധതിക്കായി സംഭാവന നൽകിയവരിൽനിന്ന് ബിഷപ് ചെക്കുകൾ ഏറ്റുവാങ്ങി. സാമ്പത്തികപരാധീനത മൂലം സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാത്ത കുടുംബങ്ങൾക്ക് സുരക്ഷിതമായ പാർപ്പിടമൊരുക്കുന്നതിനൊപ്പം നിലവിലുള്ള വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തി ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയുമാണു പദ്ധതിയുടെ ലക്ഷ്യം. ഇടവകയിലെ വിശ്വാസികളുടെയും സംഘട നകളുടെയും കുടുംബസമ്മേളന യൂണിറ്റുകളുടെയും കൂട്ടായ പങ്കാളിത്തത്തോടെയാണ് കാരുണ്യപ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

അസി. വികാരിമാരായ ഫാ. ലിൻ്റോ കാരേക്കാടൻ, ഫാ. ക്രിസ്റ്റോൺ കൈനാടത്തുപറമ്പിൽ, ഫാ. വിബിൻ വേരംപിലാവ്, ട്രസ്റ്റിമാരായ ജിജി പ ള്ളായി, ടോണി ചെറിയാടൻ, ജോമി ചേറ്റുപുഴക്കാരൻ, ഷോബി കിഴക്കേപീടിക, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡൻ്റ് ജോബി അക്കരക്കാരൻ എന്നിവർ നേതൃത്വം നൽകി. കാരുണ്യവർഷ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇടവകയിലെ വിവിധ സംഘടനകളുടെയും കുടുംബസമ്മേളന യൂണിറ്റുകളുടെയും നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു. നാടൻ പലഹാരങ്ങൾ മുതൽ വ്യത്യസ്‌ത രുചിക്കൂട്ടുകളിലുള്ള ഭക്ഷ്യവിഭവങ്ങൾവരെ ഒരുക്കിയ ഫുഡ് ഫെസ്റ്റ് ജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കത്തീഡ്രൽ ഇടവക കാരുണ്യ വർഷ ത്തിൽ രണ്ടുകോടി രൂപയുടെ സഹായങ്ങളാണ് നൽകുന്നത്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »