News
വിശുദ്ധരുടെ വേഷമണിഞ്ഞു കുഞ്ഞുങ്ങള്‍; ലാറ്റിൻ അമേരിക്കയില്‍ തരംഗമായി 'ഹോളിവിൻസ്' ആഘോഷം
പ്രവാചകശബ്ദം 04-11-2026 - Wednesday
ലിമ: ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ ദ്വീപുകളിലും ഹാലോവീന് പകരമായി കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ഹോളിവിൻസ്' ആഘോഷം ഇത്തവണയും ശ്രദ്ധേയമായി. വിശുദ്ധി എന്നത് ഏതാനും ചിലർക്ക് മാത്രമുള്ളതല്ല, മറിച്ച് എല്ലാവർക്കുമുള്ള ദൈവവിളിയാണെന്ന സന്ദേശം പകരാന്‍ കൂടിയാണ് ലാറ്റിന്‍ അമേരിക്കയിലെ വിവിധ രാജ്യങ്ങളില്‍ വിവിധ വിശുദ്ധരുടെ വേഷവിതാനം ധരിച്ച് കുട്ടികളും മുതിർന്നവരും രംഗത്ത് വന്നത്. മെക്സിക്കോയിലെ ചിഹ്വാഹ്വയിലുള്ള 'സെന്യോർ ഡി ലാ മിസെരികോർദിയ' ഇടവകയിൽ വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തിൽ 'വിശുദ്ധ മേള' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
മെക്സിക്കൻ രക്തസാക്ഷിയായ വിശുദ്ധ ജോസ് സാഞ്ചസ് ഡെൽ റിയോയെക്കുറിച്ചുള്ള പസിൽ മത്സരങ്ങൾ ഉൾപ്പെടെ, വിശുദ്ധരുടെ ജീവിതവും പ്രബോധനങ്ങളും പഠിപ്പിക്കുന്ന വിവിധ വിനോദ പരിപാടികൾ ഇവിടെ നടന്നു. "വിശുദ്ധി ഇന്നേയ്ക്കുള്ളതാണ്, അത് എല്ലാവർക്കുമായിട്ടുള്ളതാണ്" എന്ന സന്ദേശത്തോടെ ഇടവക സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവെച്ചു. ക്യൂബയിലെ ഹവാന കത്തീഡ്രലിൽ നടന്ന ആഘോഷങ്ങളിൽ നിർധനരായ കുടുംബങ്ങളിലെ കുരുന്നുകളാണ് മുന്നിട്ടുനിന്നത്.
കാരിത്താസ് ഹവാനയുടെയും പ്രാദേശിക സഭയുടെയും നേതൃത്വത്തിലുള്ള കത്തീഡ്രൽ നഴ്സറി എഡ്യൂക്കേഷണൽ പ്രോജക്റ്റിലെ കുട്ടികൾ ദൈവമാതാവ്, വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ മാർട്ടിൻ ഡി പോറസ് തുടങ്ങിയ വിശുദ്ധരുടെ വേഷങ്ങളിലെത്തി. തങ്ങൾ അണിഞ്ഞ വേഷങ്ങളില്‍ വിശുദ്ധരുടെ സുകൃതങ്ങളും ആത്മീയ പാരമ്പര്യവും കുട്ടികൾ പങ്കുവെച്ചു. പെറുവിലെ ലിമയിലെ ചരിത്രപ്രസിദ്ധമായ സാന്റോ ഡൊമിംഗോ കോൺവെന്റിൽ വിശുദ്ധരുടെ വേഷമണിഞ്ഞെത്തിയ കുട്ടികളുടെ ചിത്രങ്ങളും ശ്രദ്ധ നേടി.
അർജന്റീനയിലെ മിഷോണസ് പ്രവിശ്യയിൽ 'ഔർ ലേഡി ഓഫ് ബെത്‌ലഹേം ആൻഡ് സെന്റ് ജോസഫ്' ഇടവകയിൽ ജപമാല മാസ സമാപനത്തോടനുബന്ധിച്ച് വിശുദ്ധരുടെ വേഷമണിഞ്ഞ കുട്ടികളെയും ഉൾപ്പെടുത്തി തെരുവുകളിൽ പ്രാർത്ഥനാ റാലിയും വിശുദ്ധ കുർബാനയും നടത്തി. ലാറ്റിന്‍ അമേരിക്കയിലെ വിവിധ രൂപതകളും കാരിത്താസ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളും പിന്തുണ നൽകുന്നതോടെ, മേഖലയില്‍ ഉടനീളം കുരുന്നുകളില്‍ ആത്മീയതയും ക്രിസ്തീയ മൂല്യങ്ങളും വളർത്തുന്ന ജനകീയ മുന്നേറ്റമായി ഹോളിവിൻസ് മാറുകയാണ്.
'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate




















