News
മരണം മൂലം വേർപിരിഞ്ഞുപോയ സകലരുടെയും ആത്മശാന്തിക്കായി പ്രാര്ത്ഥിച്ച് ലെയോ പാപ്പ
പ്രവാചകശബ്ദം 03-11-2026 - Tuesday
വത്തിക്കാന് സിറ്റി: മരണം മൂലം വേർപിരിഞ്ഞുപോയ സകലരുടെയും ആത്മശാന്തിക്കായും, യുദ്ധത്തിന്റെ ക്രൂരതകളിൽ ജീവൻ പൊലിഞ്ഞവർക്കായും പ്രാർത്ഥിച്ചുകൊണ്ട് ലെയോ പാപ്പ. സകല മരിച്ചുപോയവരുടെയും അനുസ്മരണ ദിനമായ ഇന്നലെ നവംബർ രണ്ടാം തീയതി റോമിലെ വെറാനോ സെമിത്തേരിയിൽ, വിശുദ്ധ കുർബാനയർപ്പിക്കുകയും, വചന സന്ദേശം നൽകുകയായിരിന്നു പാപ്പ. സെമിത്തേരിയെന്നത്, പ്രാർത്ഥനയുടെയും, സ്മരണകളുടെയും, വാത്സല്യത്തിന്റെയും, പ്രത്യാശയുടെയും ഇടമാണെന്നു പാപ്പ ആമുഖമായി പറഞ്ഞു.
ജ്ഞാനത്തിന്റെ പുസ്തകത്തിലെ വചനം ഉദ്ധരിച്ച്, നീതിമാന്മാരുടെ ആത്മാക്കൾ ദൈവത്തിന്റെ സുരക്ഷിതമായ കരങ്ങളിലാണെന്നും അവർക്ക് യാതൊരു പീഡയും ഏൽക്കുകയില്ലെന്നും പാപ്പ പറഞ്ഞു. ഈ സുരക്ഷിതത്വവും നിത്യമായ ഉടമ്പടിയുമാണ് മരണമടഞ്ഞ എല്ലാ വിശ്വാസികൾക്കുമായുള്ള സഭയുടെ പ്രാർത്ഥനയുടെ കേന്ദ്രബിന്ദു. വെളിപാട് പുസ്തകത്തിലും, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലും കർത്താവ് തന്റെ ജനത്തിന് വാഗ്ദാനം ചെയ്യുന്ന നിത്യജീവന്റെ അവകാശം ഏവരും പൂർണ്ണമായി ആസ്വദിക്കേണ്ടതിനു, മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന മാധ്യസ്ഥ്യം വഹിക്കുന്നു.
അഷ്ടസൗഭാഗ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ "വിലപിക്കുന്നവർ ഭാഗ്യവാന്മാർ, എന്തെന്നാൽ അവർ ആശ്വസിക്കപ്പെടും" എന്ന വചനം ഈ അവസരത്തിൽ ഏറെ പ്രസക്തമാണെന്ന് പാപ്പ പറഞ്ഞു. അടുത്തിടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കായും, പ്രത്യേകിച്ച് യുദ്ധത്തിന്റെ അർത്ഥശൂന്യമായ അക്രമങ്ങളിലൂടെ പ്രിയപ്പെട്ടവർ വേർപിരിഞ്ഞുപോയ കുടുംബങ്ങൾക്കായും വിശുദ്ധ കുർബാനയിൽ പ്രത്യേകമായി പ്രാർത്ഥിച്ചു. ദുരന്തത്തിന് ഇരയായ അമ്മമാരുടെയും കുട്ടികളുടെയും മുതിർന്നവരുടെയും കണ്ണുനീർ, ആയുധങ്ങൾ താഴെ വയ്ക്കുവാൻ ഉത്തരവാദിത്വപ്പെട്ടവരുടെ മനസ്സാക്ഷിയെ ഉണർത്തട്ടെയേന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.
ക്രിസ്തുവിലുള്ള വിശ്വാസം വഴി പരേതരുമായുള്ള നമ്മുടെ ബന്ധം വിച്ഛേദിക്കപ്പെടുന്നില്ല, മറിച്ച് അത് രൂപാന്തരപ്പെടുക മാത്രമാണ് ചെയ്യുന്നതെന്ന് പാപ്പാ വ്യക്തമാക്കി. പ്രാർത്ഥനകളിലൂടെയും വിശുദ്ധ കുർബാന അർപ്പണത്തിലൂടെയും നമ്മിൽ നിന്നും വേർപിരിഞ്ഞവർക്കൊപ്പം ദൈവത്തിന്റെ പൂർണ്ണമായ കൂട്ടായ്മയിലേക്ക് അകമ്പടി സേവിക്കുകയാണ് ചെയ്യുന്നത്. വിശുദ്ധ കുർബാനയെന്ന കൂദാശയിലൂടെ ഈ നിത്യജീവിതത്തിന്റെ സന്തോഷം നാം ഇവിടെത്തന്നെ അനുഭവിക്കുകയാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















