News

മെഡ്ജുഗോറിയയ്ക്കു പുതിയ അപ്പസ്തോലിക പ്രതിനിധി

പ്രവാചകശബ്ദം 02-11-2026 - Monday

റോം: ബോസ്‌നിയയില്‍ പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ മെഡ്ജുഗോറിയില്‍ പുതിയ അപ്പസ്തോലിക വിസിറ്റേറ്ററെ നിയമിച്ച് ലെയോ പാപ്പ. ഇറ്റാലിയൻ സ്വദേശിയും കാർപി രൂപതയുടെ മുൻ അധ്യക്ഷനുമായിരിന്ന മോൺസിഞ്ഞോർ ഫ്രാഞ്ചെസ്‌കോ കവിനയ്ക്കാണ് പുതിയ ഉത്തരവാദിത്വം. 80 വയസ്സ് തികഞ്ഞ നിലവിലെ അപ്പസ്തോലിക വിസിറ്റേറ്റർ ആർച്ച് ബിഷപ്പ് അൽഡോ കവല്ലിയുടെ രാജി സ്വീകരിച്ചുകൊണ്ടാണ് പാപ്പ പുതിയ നിയമനം നടത്തിയത്. 2021 നവംബറില്‍ ഫ്രാൻസിസ് പാപ്പയാണ് അൽഡോ കവല്ലിയെ മെഡ്ജുഗോറിയയിലെ അപ്പസ്തോലിക വിസിറ്റേറ്ററായി നിയോഗിച്ചത്.

2017-ൽ ആണ് ഫ്രാൻസിസ് മാർപാപ്പ മെഡ്ജുഗോറിയിലേക്ക് ആദ്യമായി പ്രത്യേക പ്രതിനിധിയെ നിയമിക്കുന്നത്. പോളിഷ് ആര്‍ച്ച് ബിഷപ്പ് ഹെന്‍റ്റിക് ഹോസറിനാണ് ഈ ഉത്തരവാദിത്വം ലഭിച്ചത്. മരിയൻ പ്രത്യക്ഷീകരണങ്ങൾ നടന്നതായി വിശ്വസിക്കപ്പെടുന്ന സ്ഥലത്തെ അജപാലന ആവശ്യങ്ങൾക്ക് മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വവും വികസനത്തിനു കര്‍മ്മപദ്ധതിയുമായിരിന്നു അദ്ദേഹത്തിന്റെ ഉത്തരവാദിത്വം. 2021 ആഗസ്റ്റ് 13നു അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെടുകയായിരിന്നു.



1981-ല്‍ ബോസ്നിയയിലെ മെഡ്ജുഗോറിയില്‍ ആറു കുട്ടികള്‍ക്കാണ് പരിശുദ്ധ കന്യകാമാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പലപ്പോഴും മാതാവ് പ്രത്യക്ഷപ്പെട്ടതായും സന്ദേശങ്ങള്‍ നല്‍കിയതുമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ഓരോ വര്‍ഷം 10 ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകരാണ് മെഡ്ജുഗോറി സന്ദര്‍ശിക്കുവാന്‍ എത്തുന്നത്. എന്നാല്‍ സഭാതലത്തില്‍ ഔദ്യോഗിക തീര്‍ത്ഥാടനങ്ങളൊന്നും മെഡ്ജുഗോറിയിലേക്ക് സംഘടിപ്പിച്ചിരുന്നില്ല. 2017 ഡിസംബറില്‍ രൂപതകള്‍ക്കും, സഭാ സംഘടനകള്‍ക്കും മെഡ്ജുഗോറിയിലേക്ക് ഔദ്യോഗിക തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിക്കുവാന്‍ കഴിയുമെന്ന് ഹെന്‍റിക്ക് മെത്രാപ്പോലീത്ത വ്യക്തമാക്കിയിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »