News
ഇസ്രായേലില്‍ ക്രൈസ്തവ ആരാധനാലയത്തിന് നേരെ ആക്രമണം
പ്രവാചകശബ്ദം 02-11-2026 - Monday
നഹാരിയ: ഇസ്രായേലിലെ നഹാരിയയില്‍ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാലയത്തിന് നേരെ ആക്രമണം. ഇന്നലെ ഞായറാഴ്ചയാണ് ആക്രമണം അരങ്ങേറിയത്. തങ്ങൾ ആരാധനാലയമായി ഉപയോഗിക്കുന്ന ഹാളിലെ രൂപങ്ങള്‍ തകർത്തും ചിത്രങ്ങൾ വികൃതമാക്കിയുമാണ് ആക്രമണം അരങ്ങേറിയതെന്ന് ഇസ്രായേലിലെ മാരോണൈറ്റ് സമൂഹത്തിന്റെ വക്താവായ ഫാ. യോസെഫ് യാക്കോവ് വെളിപ്പെടുത്തി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള പൂന്തോട്ടത്തോട് ചേർന്നുള്ള സ്ഥലത്താണ് ആരാധനാലയം സ്ഥിതി ചെയ്യുന്നത്.
ലെബനീസ് മാരോണൈറ്റ് സമൂഹം പ്രാർത്ഥനകൾക്കും വിശ്വാസപരമായ ചടങ്ങുകൾക്കുമായി ഒരുമിച്ച് ചേര്ന്നുകൊണ്ടിരിന്ന സ്ഥലത്തിന് നേരെയാണ് ആക്രമണം അരങ്ങേറിയത്. ഞായറാഴ്ചകളിലെ പ്രാർത്ഥനാ ചടങ്ങുകളിൽ നിരവധി ആളുകള്‍ പങ്കെടുക്കുവാന്‍ എത്തുമായിരിന്നു. ഇന്നലെ വൈകുന്നേരം 7 മണിക്ക് നിശ്ചയിച്ചിരുന്ന പ്രാർത്ഥനാ ചടങ്ങിനായി എത്തിയ ഒരാളാണ്, അക്രമം നടന്ന വിവരം കണ്ടെത്തിയതെന്ന് ഫാ. യോസെഫ് യാക്കോവ് വെളിപ്പെടുത്തി. സംഭവത്തെ ശക്തമായി അപലപിച്ചുകൊണ്ട് ഹൈഫയിലെ മാരോണൈറ്റ് അതിരൂപത രംഗത്ത് വന്നിട്ടുണ്ട്.
ആരാധനാലയത്തിന്റെ പവിത്രതയ്ക്കു നേരെയുള്ള ആക്രമണമെന്നാണ് അതിരൂപത സംഭവത്തെ വിശേഷിപ്പിച്ചത്. വിശ്വാസികൾക്ക് തങ്ങളുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും അന്തസ്സോടെയും ആചരിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റം കൂടിയാണിതെന്ന് സഭാനേതൃത്വം ചൂണ്ടിക്കാട്ടി. സംഭവത്തിൽ അന്വേഷണം നടത്താനും, ഉത്തരവാദികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സഭാ നേതൃത്വം അധികാരികളോട് ആവശ്യപ്പെട്ടു. പ്രാർത്ഥിക്കാനും ആരാധിക്കാനുമുള്ള ഞങ്ങളുടെ സ്വാഭാവിക അവകാശം വിനിയോഗിക്കുന്നതിൽ നിന്ന് പിന്തിരിയാൻ ഈ അക്രമം അനുവദിക്കില്ലായെന്നും വിശ്വാസത്തോടെ ശുശ്രൂഷകള്‍ തുടരുമെന്നും സഭാനേതൃത്വം വ്യക്തമാക്കി.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate



















