News
വിവാഹത്തിന്റെ പരിശുദ്ധിയ്ക്കു വേണ്ടി പോരാടി മരണം വരിച്ച ജോർജിയൻ രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ട നിരയില്‍
പ്രവാചകശബ്ദം 02-11-2026 - Monday
സവാന: വിവാഹത്തിന്റെ പരിശുദ്ധി സംരക്ഷിക്കുവാന്‍ ചെറുത്തുനില്‍പ്പ് നടത്തിയതിന്റെ പേരില്‍ കൊല്ലപ്പെട്ട ജോർജിയൻ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. 400 വർഷങ്ങൾക്ക് മുന്‍പ്, വിവാഹത്തിന്റെ വിശുദ്ധിക്കുവേണ്ടി മരണം വരിച്ച പെഡ്രോ ഡി കോർപ്പ, ബ്ലാസ് റോഡ്രിഗസ്, മിഗുവൽ ഡി അഞോൺ, അന്റോണിയോ ഡി ബഡാജോസ്, ഫ്രാൻസിസ്കോ ഡി വെറാസ്കോള എന്നീ വൈദികരെയാണ് ഒക്ടോബർ 31-ന് സവാനയിൽവെച്ച് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. ടൊറന്റോ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പായ കർദ്ദിനാൾ ഫ്രാങ്ക് ലിയോ, മാര്‍പാപ്പയുടെ പ്രതിനിധിയായി തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികനായി.
അഞ്ച് മിഷ്ണറിമാർക്ക് ലഭിച്ച ഈ അംഗീകാരം പ്രാദേശിക സഭയ്ക്ക് ലഭിച്ച ബഹുമതി മാത്രമല്ല, മറിച്ച് സാർവത്രിക സഭയ്ക്ക് ലഭിച്ച ഒരു ദാനമാണെന്ന് കർദ്ദിനാൾ ലിയോ പറഞ്ഞു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട്, രക്തസാക്ഷിത്വം എന്നത് പരിശുദ്ധാത്മാവിന്റെ ഒരു പ്രത്യേക ദാനമാണെന്നും, അത് സഭയ്ക്കും കൃപയുടെയും വിശുദ്ധിയുടെയും ഉറവിടമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ സേവിക്കുന്നതിനും സുവിശേഷം പങ്കുവെക്കുന്നതിനുമുള്ള ഒരു വിളിയായാണ് മിഷ്ണറിമാർ തങ്ങളുടെ നിയോഗത്തെ കണ്ടിരുന്നതെന്നും, അതിനായി സ്വന്തം ജീവൻ പോലും നൽകാൻ അവർ സന്നദ്ധരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സവാന കൺവെൻഷൻ സെന്ററില്‍ നടന്ന ചടങ്ങുകളില്‍ ഒന്‍പതിനായിരത്തോളം പേര്‍ പങ്കെടുത്തു. ഫ്രാൻസിസ്കൻ സന്യാസിമാർ, 31 മെത്രാന്മാര്‍, നൂറിലധികം ഡീക്കന്മാരും സെമിനാരി വിദ്യാർത്ഥികളും, അപ്പസ്തോലിക് ന്യൂൺഷ്യോ, ഇരുനൂറിലധികം വൈദികര്‍, നൈറ്റ്‌സ് ഓഫ് കൊളംബസ്, നൈറ്റ്‌സ് ഓഫ് മാൾട്ട, നൈറ്റ്‌സ് ഓഫ് ദി ഹോളി സെപ്പൽക്കർ, നൈറ്റ്‌സ് ഓഫ് പീറ്റർ ക്ലാവർ' എന്നീ സംഘടനകളിലെ ഇരുനൂറോളം അംഗങ്ങളും പങ്കെടുത്തു.
ആരായിരിന്നു ഈ രക്തസാക്ഷികള്‍?
1570-ൽ തന്നെ ജോർജിയൻ തീരത്തെ തദ്ദേശീയരായ ഗ്വാളെ ജനതയ്ക്കിടയിൽ സുവിശേഷപ്രഘോഷണത്തിനും കൂദാശകൾ പങ്കുവെയ്ക്കാനുമായി ഫ്രാൻസിസ്കൻ സന്യാസിമാർ എത്തിയിരുന്നു. ആയിരത്തോളം പേരുള്ള ഒരു ഗ്രാമത്തിൽ പലപ്പോഴും ഒരു സന്യാസി മാത്രമാണ് ശുശ്രൂഷ ചെയ്തിരുന്നത്. 1580–1590 കാലഘട്ടമായപ്പോഴേക്കും, 'ജോർജിയ രക്തസാക്ഷികൾ' എന്നറിയപ്പെട്ട അഞ്ചുപേർ ഉൾപ്പെടെ നിരവധി സന്യാസിമാർ വിവിധ മിഷൻ ഗ്രാമങ്ങളിൽ സേവനമാരംഭിച്ചു.
ബഹുഭാര്യത്വം നിലനിന്നിരുന്ന ഒരു സംസ്കാരമായിരുന്നു അവിടുത്തേത്. ഇതിനിടെ, ക്രൈസ്തവ വിശ്വാസം സ്വീകരിച്ച തദ്ദേശീയ നേതാവായ ജുവാനില്ലോ രണ്ടാമതൊരു വിവാഹത്തിന് തുനിഞ്ഞപ്പോൾ, അത് ക്രിസ്ത്യാനിക്ക് ഇത് അനുവദനീയമല്ലെന്ന് സന്യാസിമാരിലൊരാളായ ഫാ. പെഡ്രോ ഡി കോർപ വ്യക്തമാക്കി. വൈദികന്റെ ഈ എതിർപ്പ് ജുവാനില്ലോയെ പ്രകോപിപ്പിച്ചു. തുടർന്ന് ഫ്രാൻസിസ്കൻ മിഷ്ണറിമാർക്ക് നേരെ അക്രമം അഴിച്ചുവിട്ട അദ്ദേഹം, ക്രൈസ്തവ ധാർമ്മികബോധനങ്ങളെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ വൈദികരെ അതിക്രൂരമായി മർദ്ദിക്കുകയും ചിലരെ അമ്പെയ്തും കൊലപ്പെടുത്തുകയും ചെയ്തു.
പ്രദേശത്തു പങ്കുവെച്ചിരിന്ന ക്രിസ്തീയ ധാർമ്മിക പ്രബോധനങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയായിട്ടായിരിന്നു ഈ കൊലപാതകങ്ങള്‍. 1597 സെപ്റ്റംബര്‍ 14-17 തീയതികള്‍ക്കിടെ 5 ഫ്രാന്‍സിസ്കന്‍ വൈദികരും രക്തസാക്ഷിത്വം വരിച്ചു. 1950-ല്‍ ജോർജിയന്‍ രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ഔദ്യോഗികമായി ആരംഭിച്ചിരിന്നു.
'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate



















