News
ക്രിസ്തു വിശ്വാസത്തെ പ്രതി ജീവന്‍ സമർപ്പിച്ച മെക്സിക്കന്‍ രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്ക് ഒരു നൂറ്റാണ്ട്
പ്രവാചകശബ്ദം 19-08-2026 - Wednesday
മെക്സിക്കോ സിറ്റി: കത്തോലിക്ക വിശ്വാസവും വൈദികശുശ്രൂഷയും ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന്റെ ഫലമായി മരണം വരിച്ച മെക്സിക്കന്‍ രക്തസാക്ഷികളുടെ ജീവത്യാഗത്തിന് ഒരു നൂറ്റാണ്ട്. മെക്സിക്കോയിലെ സാകാറ്റെകാസ് സംസ്ഥാനത്തുള്ള ചാൽച്ചിഹുയിറ്റ്സില്‍, ക്രിസ്റ്റെറോ യുദ്ധകാലത്ത് രക്തസാക്ഷിത്വം വരിച്ച നാല് വിശുദ്ധരുടെ നൂറാം വാർഷികം ആചരണത്തിന് ഏകദേശം 15,000 വിശ്വാസികളാണ് ഇക്കഴിഞ്ഞ ശനിയാഴ്ച (ഓഗസ്റ്റ് 15) ഒത്തുകൂടിയത്. നൂറാം വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങിൽ, മെക്സിക്കോയിലെ അപ്പസ്തോലിക് ന്യൂൺഷ്യോയും മാർപാപ്പയുടെ പ്രതിനിധിയുമായ ആർച്ച് ബിഷപ്പ് ജോസഫ് സ്പിറ്റേരി അധ്യക്ഷത വഹിച്ചു.
1926 ഓഗസ്റ്റ് 15-ന് പ്യൂർട്ടോ ഡി സാന്താ തെരേസ പട്ടണത്തിൽവെച്ചാണ് ലൂയിസ് ബാറ്റിസ് സെയ്ൻസ്, മാനുവൽ മൊറേൽസ്, സാൽവഡോർ ലാറ പുഎന്റെ, ഡേവിഡ് റോൾഡാൻ ലാറ എന്നിവർ രക്തസാക്ഷിത്വം വരിച്ചത്. ഇതേ സ്ഥലത്തു ഡുരാംഗോ അതിരൂപത നടത്തിയ അനുസ്മരണ ചടങ്ങിലേക്ക് ആയിരകണക്കിന് വിശ്വാസികള്‍ എത്തിച്ചേരുകയായിരിന്നു. ദൈവത്തിലുള്ള തങ്ങളുടെ വിശ്വാസം സ്വതന്ത്രമായും സമാധാനപരമായും പ്രഖ്യാപിച്ചുകൊണ്ട് ആ നാല് രക്തസാക്ഷികളും തങ്ങളുടെ ജീവൻ സമർപ്പിക്കുകയായിരിന്നുവെന്ന് വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ജോസഫ് സ്പിറ്റേരി അനുസ്മരിച്ചു.
അന്ന് രക്തസാക്ഷിത്വം വരിച്ചവര്‍ ഇവര്‍..!
സാൻ പെഡ്രോ ഇടവകയിലെ വൈദികനായിരുന്ന വിശുദ്ധ ലൂയിസ് ബാറ്റിസ് സെയ്ൻസ്, യുവജനങ്ങള്‍ക്കിടയിലുള്ള തന്റെ പ്രവർത്തനങ്ങൾ കൊണ്ട് ഏറെ ശ്രദ്ധേയനായിരുന്നു. പ്ലൂട്ടാർക്കോ ഏലിയാസ് കാലെസിന്റെ ഭരണകൂടത്തിന് കീഴിൽ മതപരമായ പീഡനങ്ങൾ ശക്തമായ കാലഘട്ടമായിരിന്നു അത്. മെക്സിക്കോയിൽ പരസ്യമായ ആരാധനകൾക്കു അന്നു വിലക്കേര്‍പ്പെടുത്തി. 15 ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 1926 ഓഗസ്റ്റ് 15-ന് മെക്സിക്കൻ ഫെഡറൽ സൈനികര്‍ അദ്ദേഹത്തെ വെടിവെച്ചു കൊലപ്പെടുത്തി.
വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായിരുന്ന മാനുവൽ മൊറേൽസ് 'മെക്സിക്കൻ കാത്തലിക് യൂത്ത് ആക്ഷൻ' എന്ന സംഘടനയിലെ അംഗവും ഫെഡറൽ ഗവൺമെന്റിന്റെ മതവിരുദ്ധ വ്യവസ്ഥകൾ റദ്ദാക്കാൻ ശ്രമിച്ച 'നാഷ്ണൽ ലീഗ് ഫോർ ദി ഡിഫൻസ് ഓഫ് റിലീജിയസ് ലിബർട്ടി' എന്ന സംഘടനയുടെ പ്രസിഡന്റുമായിരുന്നു. ലൂയിസ് ബാറ്റിസിനൊപ്പമാണ് അദ്ദേഹത്തെയും വെടിവെച്ച് കൊലപ്പെടുത്തിയത്. 21 വയസ്സ് പൂർത്തിയായ സാൽവഡോർ ലാറ പുഎന്റെ ഒരു ഖനന കമ്പനിയിൽ ജോലി ചെയ്തിരിന്നു. 'കാത്തലിക് ആക്ഷൻ' എന്ന സംഘടനയിൽ സജീവമായി പ്രവർത്തിച്ച അദ്ദേഹത്തെ തേടി പട്ടാളക്കാർ എത്തിയപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരിന്നു- "ഇതാ, ഞാനിവിടെയുണ്ട്."
ഇരുപത്തിനാലു വയസ്സുകാരനായ ഡേവിഡ് റോൾഡാൻ ലാറയും ഖനന കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഇടവകയിലെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേർന്നിരുന്ന വ്യക്തിയുമായിരുന്നു. അദ്ദേഹവും ലാറയും അടുത്ത ബന്ധുക്കളായിരുന്നു. ഇരുവരെയും സൈന്യം വെടിവെച്ച് കൊലപ്പെടുത്തുകയായിരിന്നു. 1992 നവംബർ 22-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇവരെ വാഴ്ത്തപ്പെട്ടവരായി ഉയര്‍ത്തുകയും 2000 മെയ് 21നു വിശുദ്ധരായി പ്രഖ്യാപിക്കുകയുമായിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




















