India - 2026
പശ്ചിമ ബംഗാളിലെ ക്രൈസ്തവ വേട്ട: മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി ബംഗാൾ ക്രിസ്ത്യൻ കൗൺസിൽ
പ്രവാചകശബ്ദം 17-11-2026 - Tuesday
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്രൈസ്തവ ദേവാലയങ്ങൾക്കും വിശ്വാസികൾക്കും നേരെ നടക്കുന്ന തുടർച്ചയായ അതിക്രമങ്ങളിൽ പ്രതിഷേധവുമായി ബെംഗാൾ ക്രിസ്ത്യൻ കൗൺസിൽ. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ക്രൈസ്തവ സമൂഹങ്ങള്ക്കും പുരോഹിതന്മാർക്കും നേരെ നടക്കുന്ന അക്രമ സംഭവങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി കത്ത് നൽകുകയും കൂടിക്കാഴ്ചയ്ക്ക് സമയം തേടുകയും ചെയ്തു.
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ദേവാലയങ്ങൾക്ക് നേരെ അക്രമങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ടെന്ന് കൗൺസിൽ പ്രസിഡന്റും സിഎസ്ഐ ബിഷപ്പുമായ പരിതോഷ് കാനിങ് കൊൽക്കത്തയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സൗത്ത് 24 പർഗാനാസ്, കൃഷ്ണനഗർ (നാദിയ), ഈസ്റ്റ് ബർധമാൻ, മാൾഡ, ഹൗറ, ഈസ്റ്റ് മേദിനിപൂർ, വെസ്റ്റ് മേദിനിപൂർ തുടങ്ങിയ വിവിധ ജില്ലകളിലെ ഒമ്പതോളം കേന്ദ്രങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്കും പ്രാർത്ഥനാകൂട്ടായ്മകൾക്കും നേരെ അക്രമങ്ങൾ അരങ്ങേറിയിട്ടുണ്ട്.
ക്രിസ്തുമസ് ആഘോഷങ്ങളിൽ അർദ്ധരാത്രിയിലെ കുർബാനകൾ, പ്രാർത്ഥനാ ശുശ്രൂഷകൾ, കരോൾ ഗാനങ്ങൾ എന്നിവ യാതൊരു ഭയപ്പാടോ തടസ്സങ്ങളോ ഇല്ലാതെ സമാധാനപരമായി നടത്താൻ ക്രൈസ്തവ സമൂഹത്തിന് സംസ്ഥാന സർക്കാർ വേണ്ടത്ര സുരക്ഷ ഉറപ്പാക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു. സഭാ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മിഷനറി സ്കൂളുകൾക്കും എതിരായി ഉയരുന്ന നിർബന്ധിത മതപരിവർത്തന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബിഷപ്പ് പറഞ്ഞു. സമുദായങ്ങൾക്കിടയിൽ പരസ്പര ഐക്യവും സമാധാനവും നിലനിർത്താൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















