News
ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ പത്താം മരണ വാര്‍ഷികത്തില്‍ റോമില്‍ അനുസ്മരണം
പ്രവാചകശബ്ദം 19-09-2026 - Saturday
റോം: വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ചാടകനായി ആഗോള ശ്രദ്ധ നേടിയ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ പത്താം മരണ വാര്‍ഷികത്തില്‍ റോമില്‍ അനുസ്മരണ പരിപാടി. ഫാ. ഗബ്രിയേല്‍ അമോർത്ത്: സഭയ്ക്കും നമ്മുടെ കാലഘട്ടത്തിനുമുള്ള സജീവമായ പൈതൃകം" എന്ന വിഷയത്തിൽ കഴിഞ്ഞ ദിവസം റോമിലെ സെൻ്റ് മേരി ക്വീൻ ഓഫ് അപ്പോസ്തലസ് ബസിലിക്ക ദേവാലയത്തില്‍ നടന്ന സമ്മേളനത്തിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു.
ഇന്റർനാഷ്ണൽ അസോസിയേഷൻ ഓഫ് എക്സോർസിസ്റ്റ്‌സിന്റെ വൈസ് പ്രസിഡന്റ് ഫാ. ഫ്രാൻസെസ്കോ ബമോണ്ടെ, അസെറ രൂപതയിലെ ഭൂതോച്ചാടകനും ഫാ. അമോർത്തിൻ്റെ ജീവിതത്തെക്കുറിച്ച് പഠനം നടത്തിയ വ്യക്തിയുമായ ഫാ. മാർസെല്ലോ ലാൻസ, ഭൂതോച്ചാടകനും 'പോപ്പ് ജോൺ ഇരുപത്തിമൂന്നാമൻ കമ്മ്യൂണിറ്റി'യുടെ കീഴിലുള്ള 'ആന്റി-കൾട്ട് സർവീസ്' കോ-ഓർഡിനേറ്ററുമായ ഫാ. ആൽഡോ ബുവോനായിയൂട്ടോ ഉള്‍പ്പെടെയുള്ളവര്‍ പ്രഭാഷണം നടത്തി.
1925-ല്‍ ഇറ്റലിയിലെ മൊഡേണയിലാണ് ഫാ. അമോര്‍ത്ത് ജനിച്ചത്. 1954-ല്‍ തിരുപ്പട്ട സ്വീകരണം നടത്തിയ അദ്ദേഹം 1986 മുതല്‍ 2016-ല്‍ 91-മത്തെ വയസ്സില്‍ മരിക്കുന്നതുവരെ റോം രൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായി സേവനം ചെയ്തിരുന്നു. 1990-ല്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ് എന്ന സംഘടനക്കും അദ്ദേഹം തന്നെയാണ് രൂപം നല്‍കിയത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ ആത്മീയ പോരാട്ടം നയിച്ച വ്യക്തിയായിട്ട് കൂടിയാണ് അദ്ദേഹത്തെ ഏവരും നോക്കിക്കാണുന്നത്'.
ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതം കേന്ദ്രമാക്കിയുള്ള സിനിമ ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ എന്ന സിനിമ ഏറെ ശ്രദ്ധ നേടിയിരിന്നു. ‘ആന്‍ എക്സോര്‍സിസ്റ്റ് ടെല്‍സ് ഹിസ് സ്റ്റോറി’, ‘ആന്‍ എക്സോര്‍സിസ്റ്റ്സ് മോര്‍ സ്റ്റോറീസ്' എന്നീ പേരുകളിലുള്ള ഫാ. അമോര്‍ത്തിന്റെ രണ്ട് ഓര്‍മ്മകുറിപ്പുകളെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഫാ. അമോര്‍ത്തിന്റെ പല പുസ്തകങ്ങളും മലയാളത്തിലും ഇറങ്ങിയിട്ടുണ്ട്. ജീവിച്ചിരിന്ന കാലഘട്ടത്തില്‍ വലിയ ആത്മീയ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഫാ. ഗബ്രിയേല്‍ അനേകരെ സ്വഭാവിക ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയിരിന്നു.



















