India - 2025
ഫാ. ഗബ്രിയേല്‍ വലിയ കാര്യങ്ങള്‍ വിനയപൂര്‍വ്വം വിജയത്തിലെത്തിച്ച വ്യക്തി: കര്‍ദിനാള്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 12-05-2017 - Friday
കൊച്ചി: വലിയ കാര്യങ്ങൾ വിനയപൂർവം വിജയത്തിലെത്തിച്ച വ്യക്തിയാണ് ആദരണീയനായ ഫാ.ഗബ്രിയേൽ ചിറമ്മൽ സിഎംഐയെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഗബ്രിയേലച്ചന്റെ പാവനസ്മരണയ്ക്കു മുന്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അമല കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, ക്രൈസ്റ്റ് കോളജ് എന്നീ സ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ ഇതിഹാസ സൃഷ്ടികൾ ആണെന്നു പറയാം. സഹപ്രവർത്തകരോടും വിദ്യാർഥികളോടുമുള്ള അദ്ദേഹത്തിന്റെ സമീപനം ഹൃദയാവർജ്ജകമായിരുന്നു. വിദ്യാഭ്യാസ മേഖലയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കർമരംഗം. പാവപ്പെട്ട വിദ്യാർഥികൾക്കു പ്രത്യേക പരിഗണന നൽകി അവരെ ഉന്നത വിദ്യാഭ്യാസത്തിലേക്കു കൈപിടിച്ചുയർത്താൻ അദ്ദേഹത്തിനു സാധിച്ചു.
സിഎംഐ സന്യാസസഭയിലെ സമർപ്പിത വൈദികനെന്ന നിലയിൽ ഗബ്രിയേലച്ചൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നൽകിയിട്ടുള്ള നേതൃത്വം സഭയും സമൂഹവും എന്നും കൃതജ്ഞതയോടെ അനുസ്മരിക്കും. ജന്തുശാസ്ത്ര രംഗത്ത് അദ്ദേഹം ഈടുറ്റ സംഭാവനകൾ നൽകി. സമഗ്രസംഭാവനകൾ പരിഗണിച്ചു രാഷ്ട്രം അദ്ദേഹത്തിനു പദ്മഭൂഷൺ നൽകി ആദരിച്ചു. അധ്യാപനത്തിലും നേതൃത്വ വൈഭവത്തിലും ആധ്യാത്മിക സാക്ഷ്യത്തിലും വൈദികർക്കും സന്യസ്തർക്കും അദ്ദേഹം ഒളിമങ്ങാത്ത മാർഗദീപമാണ്. കര്‍ദിനാള്‍ പറഞ്ഞു.
