India - 2025
പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ ചിറമ്മേല്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍ 11-05-2017 - Thursday
തൃശൂർ: തൃശൂർ അമല ആശുപത്രിയുടെ സ്ഥാപകനും പത്മഭൂഷണ്‍ ജേതാവുമായ ഫാ.ഗബ്രിയേൽ ചിറമ്മേൽ(102) അന്തരിച്ചു. നിരവധി ആതുരാലയങ്ങൾ സ്ഥാപിച്ചിട്ടുള്ള ഫാ.ഗബ്രിയേൽ വിദ്യാഭ്യാസ വിദഗ്ദ്ധന്‍, അധ്യാപകന്‍, സംഘാടകന്‍, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടി ആയിരിന്നു. പത്മഭൂഷണ്‍ നേടുന്ന ആദ്യത്തെ വൈദികനായി ചരിത്രത്തില്‍ ഇടം പിടിച്ച വൈദികന്‍ കൂടിയാണ് ഫാ. ഗബ്രിയേല്‍. സംസ്കാരം നാളെ തൃശൂരിൽ നടക്കും.
ഇരിങ്ങാലക്കുടയില്‍ മങ്ങാടിക്കുന്ന് ക്രൈസ്റ്റ് കോളേജ്, ചാലക്കുടി കാര്‍മ്മല്‍ സ്കൂള്‍, വിലങ്ങന്‍കുന്ന് അമല കാന്‍സര്‍ ഗവേഷണ കേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ ഫാദര്‍ ഗബ്രിയേല്‍ എന്ന വൈദികന്റെ ശ്രമഫലമായി ഉദയം കൊണ്ടതാണ്. തേവര കോളജില്‍ ഏഴുവര്‍ഷം അധ്യാപകനായിരുന്ന ഫാദര്‍ ഗബ്രിയേല്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പലായും സേവനം ചെയ്തിരിന്നു.
പ്രശസ്ത ജന്തുശാസ്ത്രജ്ഞൻ കൂടിയായിരുന്ന ഫാ. ഗബ്രിയേൽ ചിറമ്മൽ സേക്രഡ് ഹാർട്ട് കോളജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെ മേധാവിയായിരുന്നപ്പോൾ കണ്ടുപിടിച്ച ‘കപ്പൽ തുരക്കുന്ന പുഴു’വിന് ‘ബാങ്കിയ ഗബ്രിയേലി’ എന്നാണു പേരു നൽകിയത്.
തേവര സേക്രഡ് ഹാർട്ട് കോളജിലെ ചിലന്തി ഗവേഷണ വിഭാഗം കണ്ടെത്തിയ തലയ്ക്കുചുറ്റും കാഴ്ചയും പല നിറങ്ങളുടെ ഭംഗിയുമുള്ള ചിലന്തിക്കും അച്ചനോടുള്ള ആദരസൂചകമായി ‘സ്റ്റെനിയലുറിയസ് ഗബ്രിയേലി’ എന്നാണ് പേരു നൽകിയത്. ഓള്‍ കേരള കത്തോലിക്കാ അവാര്‍ഡ്, ഷെയര്‍ ആന്റ് കെയര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അദ്ദേഹം അര്‍ഹനായിട്ടുണ്ട്.
