India - 2026
ആധ്യാത്മികതയും ആതുരസേവനവും സമന്വയിപ്പിച്ച് ശുശ്രൂഷ ചെയ്ത ഫാ. ജോസഫ് ചിറ്റൂർ വിടവാങ്ങി
പ്രവാചകശബ്ദം 03-11-2026 - Tuesday
മാനന്തവാടി: ആധ്യാത്മികതയും ആതുരസേവനവും സമന്വയിപ്പിച്ച് ആറു പതിറ്റാണ്ടുകാലം മിഷ്ണറി പ്രവർത്തനങ്ങളിൽ മുഴുകിയ മാനന്തവാടി രൂപതയിലെ മുതിർന്ന വൈദികൻ ഫാ. ജോസഫ് ചിറ്റൂർ (90) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷ നാളെ (4/11/2026) ബുധനാഴ്ച്ച രാവിലെ 10:30 ന് മാനന്തവാടി രൂപതാദ്ധ്യക്ഷൻ മാര്‍ ജോസ് പൊരുന്നേടത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. വൈദിക ശുശ്രൂഷയ്ക്കൊപ്പം തന്നെ ആരോഗ്യരംഗത്തും പാരമ്പര്യ ഔഷധ വിജ്ഞാന മേഖലയിലും സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്കിയ ഫാ. ജോസഫ് ചിറ്റൂര്‍ ജാതി മതഭേദമന്യേ ഏവര്‍ക്കും സ്വീകാര്യനായിരിന്നു. ആചാര്യ വിനോബഭാവെ നാഷണൽ അവാർഡും സി.പി.സി.ഐ (CPCI) നാഷണൽ എക്സലൻസ് അവാർഡും ഉള്‍പ്പെടെയുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
1936 സെപ്റ്റംബർ 20-ന് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് മാർത്തമറിയം ഇടവകയിൽ ചിറ്റൂർ വർക്കി-മോണിക്ക ദമ്പതികളുടെ അഞ്ചു മക്കളിൽ ഏറ്റവും ഇളയ മകനായിട്ടാണ് ജോസഫ് അച്ചന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഒരു ഇടവക വൈദികനാകണമെന്ന ആഗ്രഹത്തോടെ തലശ്ശേരി രൂപതാ സെമിനാരിയിൽ ചേർന്ന് പഠനമാരംഭിച്ചു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിലെ വൈദിക പരിശീലനത്തിനുശേഷം 1964 ഡിസംബർ 1-ന് ബോംബെയിൽ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ വെച്ചാണ് വൈദികപട്ടം സ്വീകരിച്ചത്.
സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽനിന്ന് വൈദികപട്ടം സ്വീകരിച്ചശേഷം തലശ്ശേരി അതിരൂപതയിലെ കണിച്ചാർ, കുന്നോത്ത്, കൂടരഞ്ഞി, കർണാടകയിലെ നരസിംഹരാജപുരം, എൻ.ആർ.പുരം, മാനന്തവാടി രൂപതയിലെ ദീപ്തിഗിരി, കാവുംമന്ദം, സീതാമൗണ്ട് എന്നീ ഇടവകകളിലും വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ (WSSS) ഡയറക്ടറായും അദ്ദേഹം സ്തുത്യർഹമായ സേവനം കാഴ്ചവെച്ചു.
വിശ്വാസ പരിശീലനത്തിൽ നൂതന മാർഗ്ഗങ്ങളെക്കുറിച്ച് പഠിക്കാൻ അദ്ദേഹം എപ്പോഴും താൽപര്യപ്പെട്ടിരുന്നു. തുടർപഠനത്തിനായി ഫിലിപ്പീൻസിലെ അത്തനെയോ ഡി മനില (Ateneo de Manila) സർവകലാശാലയിൽ അവസരം ലഭിച്ചു. കാറ്റക്കിസം ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദമാണ് അദ്ദേഹം അവിടെനിന്ന് പൂർത്തിയാക്കിയത്. പിന്നീട് സ്പെഷ്യൽ എജ്യുക്കേഷനിലും സ്കൂൾ ഗൈഡൻസ് ഓർഗനൈസേഷനിലും ബിരുദാനന്തര ബിരുദം നേടി. വൈദിക ശുശ്രൂഷയ്ക്കൊപ്പം തന്നെ ആരോഗ്യരംഗത്തും പാരമ്പര്യ ഔഷധ വിജ്ഞാന മേഖലയിലും സമാനതകളില്ലാത്ത സംഭാവനകള്‍ നല്കി. ബാംഗ്ലൂരിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ ഹെർബൽ മെഡിസിനിൽ വിസിറ്റിംഗ് പ്രൊഫസറായും ഹൈദരാബാദിലെ സി.എച്ച്.എ.ഐ (CHAI) കൺസൾട്ടന്റായും പ്രവർത്തിച്ച അദ്ദേഹം, ഗ്രാമങ്ങൾതോറും പാരമ്പര്യ അറിവുകൾ പകർന്നുനൽകുന്നതിനായി ക്ലാസുകളും സെമിനാറുകളും സംഘടിപ്പിച്ചുപോന്നു.
കർണാടകയിലെ ഹാൻഡ് പോസ്റ്റ് കേന്ദ്രമാക്കിയുള്ള 'ജീവധാരു' എന്ന ആയുർവേദ ചികിത്സാകേന്ദ്രം ഏറെ ശ്രദ്ധ നേടിയിരിന്നു. സ്ഥാപനത്തിന്റെ ഡയറക്ടറായി ചിറ്റൂരച്ചൻ സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ പ്രയത്നവും ആത്മസമർപ്പണവും കഴിവും കൊണ്ടാണ് ജീവധാരു എന്ന സംരംഭം നന്മയുടെ മാതൃകയായി വളർന്നത്. നിരവധി ഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചും അച്ചനുണ്ടായിരിന്ന ശാസ്ത്രീയമായ അറിവ് ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായിരുന്ന എം.എസ്.സ്വാമിനാഥനെ പോലും അതിശയിപ്പിച്ചിട്ടുണ്ട്.
ഇരുന്നൂറോളം ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അറിവുകൾ മലയാളത്തിലും കന്നഡയിലുമായി പുസ്തകരൂപത്തിലാക്കിയിരിന്നു. മികച്ച സേവനങ്ങളെ മുൻനിർത്തി 2001-ൽ ആചാര്യ വിനോബഭാവെ നാഷണൽ അവാർഡും 2008-ൽ സി.പി.സി.ഐ (CPCI) നാഷണൽ എക്സലൻസ് അവാർഡും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2022-ൽ ബെസ്റ്റ് പ്രീസ്റ്റ് സോഷ്യൽ വർക്കറിനുള്ള സീറോ മലബാർ സോഷ്യൽ മിനിസ്ട്രി അവാർഡിനും മിഷൻ പ്രദേശങ്ങളിലെ പ്രവർത്തനങ്ങളും ദൈവവിളി രംഗത്തെ സംഭാവനകളും പരിഗണിച്ച് 2024-ലെ ജോസഫ് മാലിപ്പറമ്പിൽ അവാർഡിനും ചിറ്റൂരച്ചൻ അർഹനായി. 2019 മുതൽ വിയാനിഭവനിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















