News - 2026
സിനഡിന് കൂടുതല്‍ അധികാരങ്ങള്‍; പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്‌കാരങ്ങളുമായി വത്തിക്കാന്‍
പ്രവാചകശബ്ദം 31-08-2026 - Monday
വത്തിക്കാന്‍ സിറ്റി: പൗരസ്ത്യ സഭകളുടെ സിനഡുകളുടെ അധികാരം വിപുലീകരിക്കുകയും, പാത്രിയർക്കീസിനെ നീക്കം ചെയ്യുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്തുകൊണ്ട് പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്‌കാരങ്ങളുമായി വത്തിക്കാന്‍. "മൂത്തുവ കൊൻകോർദിയ" (Mutua Concordia) എന്ന തൻെറ പുതിയ മോത്തു പ്രോപ്രിയോ വഴിയാണ് ലെയോ പതിനാലാമൻ പാപ്പ പൗരസ്ത്യ സഭകളുടെ കാനോൻ നിയമത്തിലെ 106, 126 കാനോനുകൾ ഭേദഗതി ചെയ്തത്. പൗരസ്ത്യ സഭകളിലെ പാത്രിയാർക്കീസിനെ തിരഞ്ഞെടുക്കുന്നതിനുള്ള ശരിയായ ഇടം മെത്രാൻ സിനഡാണെന്നും ഇത് സഭയുടെ സഹവർത്തിത്വ സ്വഭാവത്തെ വെളിപ്പെടുത്തുന്നുവെന്നും മോത്തു പ്രോപ്രിയോയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് കേവലം ഒരു നിയമമാറ്റമല്ല, മറിച്ച് പൗരസ്ത്യ സഭകളുടെ സിനഡൽ പാരമ്പര്യത്തിന്റെയും സഭാനടത്തിപ്പിലെ അവരുടെ പൊതുവായ ഉത്തരവാദിത്തത്തിന്റെയും ആഴം വർദ്ധിപ്പിക്കലാണ്. പാത്രിയാർക്കീസും മറ്റ് മെത്രാന്മാരും തമ്മിലുള്ള കൂട്ടായ്മയ്ക്ക് ഗുരുതരമായ തടസ്സം നേരിടുന്ന സാഹചര്യങ്ങളിൽ ചില സംവിധാനങ്ങൾ ഈ നിയമ പരിഷ്കരണത്തിൽ ഉൾപ്പെടുന്നു. പാത്രിയാർക്കീസ്, സിനഡിന്റെ വെറുമൊരു അധ്യക്ഷൻ മാത്രമല്ല, മറിച്ച് 'ഒന്നാമൻ' ആണെങ്കിലും, സിനഡുമായുള്ള കൂട്ടായ്മയിൽ നിന്ന് വേറിട്ട് അദ്ദേഹത്തിന്റെ ശുശ്രൂഷയെ മനസ്സിലാക്കാനാവില്ല.
അടിയന്തര സാഹചര്യങ്ങളിൽ ഈ ബന്ധം ഗുരുതരമായി തകർന്നാൽ, പാത്രിയാർക്കീസിനോട് വിശദീകരണം ചോദിക്കാനും ആവശ്യമെങ്കിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനും സിനഡിന് അധികാരം ഉണ്ടായിരിക്കും. പുതിയ മാറ്റങ്ങളിൽ പാത്രിയാർക്കീസിനെ നീക്കം ചെയ്യുന്നതിനുള്ള കൃത്യമായ നടപടിക്രമങ്ങളും ഉള്‍പ്പെടുന്നു. 126-ാം കാനോനിലെ 4-ാം ഖണ്ഡിക പ്രകാരം, ഗുരുതരമായ കാരണത്താൽ സിനഡ് ആവശ്യപ്പെട്ട രാജിക്കത്ത് പാത്രിയാർക്കീസ് സ്വീകരിച്ചില്ലെങ്കിൽ, വോട്ടവകാശമുള്ള ഏറ്റവും മുതിർന്ന മെത്രാൻ പുതിയ സിനഡ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് നേതൃത്വം നൽകണം.
തുടർന്ന് രഹസ്യ വോട്ടിംഗിലൂടെ സിനഡ് നീക്കം ചെയ്യൽ പ്രക്രിയ നടത്തണം. ഇതിനായി വോട്ടവകാശമുള്ള അംഗങ്ങളുടെ മൂന്നിൽ രണ്ട് വോട്ട് ആവശ്യമാണ്. പാത്രിയർക്കീസിന് സിനഡിന് മുന്നിൽ സ്വയം പ്രതിരോധിക്കാനുള്ള പൂർണ്ണ അവകാശമുണ്ടാകും, എന്നാൽ അന്തിമ തീരുമാനം പാപ്പയുടെ അംഗീകാരത്തിന് വിധേയമായിരിക്കും. പൗരസ്ത്യ പാത്രിയർക്കൽ സഭകളുടെ ആഭ്യന്തര സ്വയംഭരണാധികാരത്തിന് വ്യക്തമായ നിയമപരിരക്ഷ നൽകാനാണ് പാപ്പ ഇതിലൂടെ ശ്രമിക്കുന്നതെന്നൂ വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പരിഷ്കരണങ്ങൾ, അവയുടെ സ്വഭാവമനുസരിച്ച്, മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭകൾക്കും ബാധകമാണ്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️














