News - 2026
സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ദിനത്തില്‍ പാപ്പ കാസ്റ്റൽ ഗന്തോൾഫോയില്‍ ദിവ്യബലി അര്‍പ്പിക്കും
പ്രവാചകശബ്ദം 26-08-2026 - Wednesday
വത്തിക്കാൻ സിറ്റി: സൃഷ്ടി സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനത്തോട് ലെയോ പാപ്പ ഇറ്റലിയിലെ കാസ്റ്റൽ ഗന്തോൾഫോയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥന നടത്തും. സെപ്റ്റംബർ 1-ന് കാസ്റ്റൽ ഗന്തോൾഫോയിലുള്ള 'ലൗദാത്തോ സി' ഗാര്‍ഡനില്‍ എത്തുന്ന പാപ്പ 'മാഡോണിന' ഉദ്യാനത്തിൽ വൈകുന്നേരം 6:30-നാണ് വിശുദ്ധ കുർബാന അര്‍പ്പിക്കുക. സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയും 'ലൗദാത്തോ സി' ഉന്നത വിദ്യാഭ്യാസ കേന്ദ്രവും ചേർന്നാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ ക്രൈസ്തവ വിഭാഗങ്ങളുമായി ഐക്യപ്പെട്ട്, ഒക്ടോബർ 4 വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ വരെ ‘സൃഷ്ടിയുടെ കാലഘട്ട’ അനുസ്മരണവുമായി ബന്ധപ്പെട്ട് ആചരണം നടത്തുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. "അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും" (ഏശയ്യാ 2:4) എന്ന തിരുവചനമാണ് ഈ വർഷത്തെ പ്രാർത്ഥനാ ദിനത്തിനുള്ള പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണവും സമാധാനവും തമ്മിലുള്ള ബന്ധത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ പ്രമേയം.
2015-ൽ ഫ്രാൻസിസ് മാർപാപ്പ ഭൂമിയുടെ പരിപാലനത്തെ കേന്ദ്രമാക്കി എഴുതിയ ചാക്രികലേഖനമായ 'ലൗദാത്തോ സി'ക്ക് അനുസൃതമായി സ്ഥാപിച്ചതാണ് സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാർത്ഥനാദിനം. ഫ്രാന്‍സിസ് പാപ്പ തുടങ്ങിവെച്ച ആചരണം നടത്തണമെന്ന ആഹ്വാനം ലെയോ പാപ്പ കഴിഞ്ഞ വര്‍ഷവും നടത്തിയിരിന്നു. പൊതു ഭവനമായ ഭൂമിയെ സംരക്ഷിക്കുന്നതും മനുഷ്യന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതും ഒരേ ദൗത്യത്തിന്റെ രണ്ടു വശങ്ങളാണെന്നും പാരിസ്ഥിതിക നാശവും ദാരിദ്ര്യവും മൂലം ദുരിതമനുഭവിക്കുന്നവരെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ക്രിസ്തീയ ധർമ്മമാണെന്നും വത്തിക്കാന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















