News

അൽബാനോ തടാകത്തിലെ മരിയന്‍ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്ന് പാപ്പ

പ്രവാചകശബ്ദം 31-08-2026 - Monday

റോം: മാര്‍പാപ്പയുടെ വേനല്‍ക്കാല വിശ്രമ വസതി കാസ്റ്റല്‍ ഗന്ധോൾഫോയ്ക്കു അരികെയുള്ള അൽബാനോ തടാകത്തിലെ മരിയന്‍ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്ന് ലെയോ പാപ്പ. പ്രാദേശികസമയം വൈകുന്നേരം ആറു മണിക്ക് ഇന്ത്യയിലെ സമയം രാത്രി ഒൻപതരയ്ക്ക് വളളത്തിൽ, പരിശുദ്ധ അമ്മയുടെ ത്രിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലാണ് പാപ്പയും പങ്കുചേര്‍ന്നത്. ചരിത്രത്തിലാദ്യമായാണ് അൽബാനോ പ്രദക്ഷിണത്തില്‍ ഒരു മാര്‍പാപ്പ പങ്കുചേരുന്നത്. വിശുദ്ധ പോൾ ആറാമൻ പാപ്പ ആശീർവദിച്ച, മരിയ സാന്തിസിമ ദെൽ ലാഗോ ദേവാലയത്തിൽ വിശുദ്ധ ബലി അര്‍പ്പിച്ച ശേഷമാണ് പാപ്പ പ്രദക്ഷിണത്തില്‍ പങ്കെടുത്തത്.

പത്തോളം ചെറു ബോട്ടുകളും, തുഴച്ചിൽ വള്ളങ്ങളും, സുരക്ഷാ സേനയുടെ വള്ളങ്ങളും പാപ്പയുടെ യാത്രയിൽ തടാകത്തിൽ അനുഗമിക്കുന്നുണ്ടായിരിന്നു. വിശുദ്ധ പോൾ ആറാമനും വിശുദ്ധ ജോൺ പോൾ രണ്ടാമനും ഈ ദേവാലയം സന്ദർശിച്ചിട്ടുണ്ടെങ്കിലും, തടാകത്തിലൂടെയുള്ള പ്രദക്ഷിണത്തിൽ പങ്കെടുത്തിരുന്നില്ല. ഈ സന്ദർശനം ദൈവസൃഷ്ടിയായ പ്രകൃതിയോടുള്ള പാപ്പയുടെ ആദരവായാണ് കാണുന്നതെന്ന് ഇടവകയുടെ വികാരിയും സലേഷ്യൻ വൈദികനായ ഫാ. ഡോൺ തദേവൂസ് പറഞ്ഞു.

പ്രകൃതിരമണീയമായ അൽബാനോ തടാകവും പരിസരവും സംരക്ഷിക്കപ്പെടേണ്ട ഒന്നാണെന്ന സന്ദേശം ഈ യാത്രയിലൂടെ പാപ്പ നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാപ്പ സഞ്ചരിച്ച ബോട്ടില്‍ വൈദികരും സന്യസ്തരും ഉള്‍പ്പെടുന്ന സംഘവുമുണ്ടായിരിന്നു. അഗ്നിപർവ്വത ഗർത്തത്തിൽ രൂപപ്പെട്ട, ഏകദേശം രണ്ട് ചതുരശ്ര മൈൽ വിസ്തൃതിയുള്ള അൽബാനോ തടാകത്തിന് അഭിമുഖമായാണ് പാപ്പയുടെ വേനല്‍ക്കാല വസതി സ്ഥിതി ചെയ്യുന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »