News - 2026
കഴിഞ്ഞ വര്‍ഷം യുണൈറ്റഡ് ബൈബിൾ സൊസൈറ്റി ലോകമെമ്പാടും വിതരണം ചെയ്തത് 148.3 മില്യൺ ബൈബിളുകള്‍
പ്രവാചകശബ്ദം 29-08-2026 - Saturday
ലണ്ടന്‍: യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ബൈബിൾ സൊസൈറ്റി കഴിഞ്ഞ വർഷം ലോകമെമ്പാടുമായി വിതരണം ചെയ്തത് 14.83 കോടിയോളം (148.3 മില്യൺ) അച്ചടിച്ച ബൈബിളുകളും അനുബന്ധ സുവിശേഷ ഭാഗങ്ങളും. സംഘടനയുടെ സ്ഥാപനത്തിന്റെ 80-ാം വാർഷിക ആഘോഷങ്ങൾക്കിടെയാണ് "യു.ബി.എസ് ഡിസ്ട്രിബ്യൂഷൻ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് 2025" പുറത്തുവിട്ടത്. കഴിഞ്ഞ വർഷം വിതരണം ചെയ്തതിൽ 2.24 കോടി സമ്പൂര്‍ണ്ണ ബൈബിളുകളും ഒരു കോടി പുതിയ നിയമവും 11.59 കോടി വിശുദ്ധ ഗ്രന്ഥത്തിന്റെ വിവിധ ഭാഗങ്ങളും ഉൾപ്പെടുന്നു.
മധ്യ-തെക്കേ അമേരിക്കൻ രാജ്യങ്ങളിലാണ് അച്ചടിച്ച പ്രതികളുടെ വിതരണം ഏറ്റവും കൂടുതൽ നടന്നിട്ടുള്ളത്. ഏകദേശം 9.85 കോടി കോപ്പിയാണ് ഇവിടെ വിതരണം ചെയ്തത്. ഏഷ്യയിലും ആഫ്രിക്കയിലും ബൈബിളുകൾക്ക് ആവശ്യക്കാർ ഏറെയാണെന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സമ്പൂര്‍ണ്ണ ബൈബിൾ വിതരണത്തിൽ സ്പാനിഷ്, പോർച്ചുഗീസ്, ഇംഗ്ലീഷ്, മന്ദാരിൻ (ചൈനീസ്), ഇന്തോനേഷ്യൻ എന്നീ ഭാഷകളാണ് മുൻപന്തിയിൽ നിൽക്കുന്നത്. ഏറ്റവും കൂടുതല്‍ വിവരണം ചെയ്ത ബൈബിളുകളില്‍ തെലുങ്കു ബൈബിളും ആദ്യ 10 ഭാഷകളിൽ ഇടം നേടിയിട്ടുണ്ട്.
അച്ചടിച്ച പ്രതികൾക്കൊപ്പം തന്നെ മൊബൈൽ ആപ്പുകൾ വഴിയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള വിശുദ്ധ ഗ്രന്ഥ വായനയിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബൈബിൾ അധ്യായങ്ങൾ ഡിജിറ്റലായി വായിക്കപ്പെട്ടത് 3,220 കോടിയോളം തവണയാണെന്ന് സംഘടന വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 13.8% വർദ്ധനവാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. 1946-ൽ യുണൈറ്റഡ് ബൈബിൾ സൊസൈറ്റി സംഘടന രൂപീകരിച്ചതിനുശേഷം ഇതുവരെ 110 കോടി സമ്പൂര്‍ണ്ണ ബൈബിളുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















