News - 2026

നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ വീണ്ടും അക്രമം; 9 വിശ്വാസികൾ തീവ്രവാദികളുടെ തടങ്കലിൽ

പ്രവാചകശബ്ദം 26-11-2026 - Thursday

കടുണ: നൈജീരിയായിലെ കടുണ സംസ്ഥാനത്തു ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനകള്‍ക്കിടെ തട്ടിക്കൊണ്ടുപോയ 9 പേര്‍ തടങ്കലില്‍ തുടരുന്നു. ചിക്കുൻ ലോക്കൽ ഗവൺമെന്റ് ഏരിയയിലുള്ള കുർമിൻ വാലി കമ്മ്യൂണിറ്റിയിൽ സായുധ സംഘം അക്രമം നടത്തിയാണ് 12 വിശ്വാസികളെ തട്ടിക്കൊണ്ടുപോയത്. ഇവരിൽ ഒന്‍പത് പേർ ഇപ്പോഴും തടവില്‍ തുടരുകയാണെന്ന് 'ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ' (CAN) കടുണ സ്റ്റേറ്റ് ഘടകം അറിയിച്ചു.

നവംബർ 15നാണ് സായുധ സംഘം ആക്രമണം നടത്തിയത്. പ്രദേശവാസികൾ പള്ളിയിൽ ആരാധനയിൽ പങ്കെടുക്കുമ്പോൾ സായുധ സംഘം അവിടെയെത്തി 12 വിശ്വാസികളെ തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് 'ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ' സ്റ്റേറ്റ് ചെയർമാൻ കാലേബ് ബാവ മാജി പറഞ്ഞു. തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ മൂന്ന് പേർ പിന്നീട് രക്ഷപ്പെട്ട് തിരിച്ചെത്തിയെങ്കിലും, ഒന്‍പത് പേർ ഇപ്പോഴും അക്രമികളുടെ പിടിയിൽ തുടരുകയാണ്.

ഒക്ടോബർ 5-ന് നടന്ന മറ്റൊരു ആക്രമണത്തിനിടെ അഞ്ച് പ്രദേശവാസികളെ തട്ടിക്കൊണ്ടുപോയതായും മാജി അറിയിച്ചു. ഇവർ അഞ്ചുപേരും ഇപ്പോഴും തടവിലാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പുതിയ സംഭവത്തോടെ, രണ്ട് ആക്രമണങ്ങളിലായി തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ ഇപ്പോഴും തടവിൽ കഴിയുന്നവരുടെ എണ്ണം 14 ആയി ഉയർന്നു. വടക്കൻ-മദ്ധ്യ നൈജീരിയയിൽ സ്ഥിതി ചെയ്യുന്ന കടുണ സംസ്ഥാനത്ത് ക്രൈസ്തവ സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും അനുദിനം വർദ്ധിച്ചുവരികയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി ക്രൈസ്തവര്‍ രംഗത്തുണ്ടെങ്കിലും ഭരണകൂടം നിശബ്ദത തുടരുകയാണ്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »