News - 2026

കൊറിയയിലെ ലോക യുവജന ആഘോഷത്തിന് മുന്നോടിയായി വത്തിക്കാനിൽ ഇന്നു യുവജന സംഗമം

പ്രവാചകശബ്ദം 21-11-2026 - Saturday

വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷം കൊറിയയിലെ സിയോളിൽ നടക്കാനിരിക്കുന്ന ലോക യുവജന ദിന ആഘോഷത്തിന് മുന്നോടിയായി വത്തിക്കാനിൽ ഇന്നു യുവജന സംഗമം നടക്കും. ഇന്ന് നവംബർ 21 ശനിയാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ഹാളില്‍ നടക്കുന്ന പ്രാദേശിക യുവജന സംഗമത്തിൽ ലാസിയോ പ്രവിശ്യയിൽ നിന്നുള്ള ആറായിരത്തിലധികം യുവജനങ്ങൾ പങ്കെടുക്കും. ലാസിയോ മെത്രാൻ സമിതിയുടെ യുവജനപ്രേഷിത കമ്മീഷനാണ് ലെയോ പതിനാലാമൻ പാപ്പയുമായുള്ള ഈ സംഗമം സംഘടിപ്പിക്കുന്നത്.

2027-ൽ ലോക യുവജന ദിനത്തിന്റെ ആപ്തവാക്യമായ "ധൈര്യമായിരിക്കുവിൻ, ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു" (യോഹ. 16:33) എന്നതാണ് ഈ സമ്മേളനത്തിന്റെയും പ്രമേയം. വിശ്വാസത്തിൽ ഒത്തുചേരാനും പാപ്പായുടെ വാക്കുകൾ ശ്രവിക്കാനുമുള്ള സവിശേഷമായ അവസരമാണ് ഈ സംഗമത്തിൽ ഒരുക്കിയിരിക്കുന്നത്. വെറോണിക്ക മരിയ ജെനോവേസെയുടെ നേതൃത്വത്തിൽ 'റിന്നോവാമെന്തോ നെല്ലോ സ്പിരിത്തോ' പ്രാദേശിക ഗായകസംഘത്തിന്റെ അകമ്പടിയോടെ വിവിധ രൂപതകളിൽ നിന്നുള്ള യുവജനങ്ങളുടെ ആശംസകളും, കലാപരിപാടികളും അവതരിപ്പിക്കും.

വിശുദ്ധ പൗലോസ് ശ്ലീഹ തിമോത്തിയോസിനെഴുതിയ രണ്ടാം ലേഖനത്തിലെ (2 തിമോ. 1:1-9) വചനഭാഗത്തെ ആസ്പദമാക്കിയുള്ള പ്രാർത്ഥനാ ശുശ്രൂഷ, ലാസിയോ മെത്രാൻ സമിതിയുടെ യുവജനപ്രേഷിത വിഭാഗം പ്രതിനിധി മോൺസീഞ്ഞോർ മൗറോ പാർമെജാനി നടത്തുന്ന ആമുഖ പ്രഭാഷണം, ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള യുവജനങ്ങൾ പങ്കുവെയ്ക്കുന്ന വിശ്വാസ സാക്ഷ്യങ്ങൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമാണ്. റോം സമയം രാവിലെ 11.30-ന് ( ഇന്ത്യന്‍ സമയം വൈകീട്ട് 4 മണി) ലെയോ പതിനാലാമൻ പാപ്പായുമായുള്ള പ്രത്യേക കൂടിക്കാഴ്ച ആരംഭിക്കും. വിവിധ രൂപതകളിൽ നിന്നുള്ള യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് പാപ്പ മറുപടി നൽകും. മാമ്മോദീസ വ്രതവാഗ്ദാന നവീകരണവും നടത്തും.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »