News
പുതിയ കാലഘട്ടത്തിന്റെ വിശുദ്ധരാകാന്‍ യുവജനങ്ങളോട് ലെയോ പാപ്പയുടെ ആഹ്വാനം
പ്രവാചകശബ്ദം 06-08-2026 - Thursday
അസ്സീസി, ഇറ്റലി: ഇക്കാലഘട്ടത്തിന്റെ പുതിയ വിശുദ്ധരാകാനും അധികാരത്തിന്റെ സംസ്കാരത്തെ തിരസ്കരിക്കാനും, ആധിപത്യത്തിന് പകരം സാഹോദര്യത്തിൽ അധിഷ്ഠിതമായ ഒരു ലോകം കെട്ടിപ്പടുക്കാൻ സഹായിക്കാനും യുവജനങ്ങളോട് ആഹ്വാനവുമായി ലെയോ പാപ്പ. ഫ്രാൻസിസ് അസ്സീസിയുടെ എണ്ണൂറാം മരണവാർഷികത്തിന്റെ സ്മരണയ്ക്കിടെ, “ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിങ് 2026” എന്ന പേരില്‍ നടത്തുന്ന യുവജന സമ്മേളനത്തിൽ ഇന്നു പങ്കെടുത്ത് സംസാരിക്കുകയായിരിന്നു പാപ്പ. "പ്രിയ യുവജനങ്ങളേ, പുതിയ വിശുദ്ധരായിത്തീരാൻ യൂറോപ്പും ലോകം മുഴുവനും ഇന്ന് നിങ്ങളിലേക്കാണ് ഉറ്റുനോക്കുന്നത്," - പാപ്പ പറഞ്ഞു.
വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതവുമായും ദൈവവിളിയുമായും അടുത്ത ബന്ധമുള്ള ചാപ്പലായ 'പോർസ്യുങ്കുള്ള'യ്ക്ക് മുന്നിലുള്ള 'സെന്റ് മേരി ഓഫ് ദി ഏഞ്ചൽസ്' ബസിലിക്കയിൽ വിശുദ്ധ കുർബാന അര്പ്പണത്തിനിടെയാണ് 2,500 യുവജനങ്ങള്‍ക്ക് പാപ്പ സന്ദേശം നല്‍കിയത്. നമ്മുടെ ജീവിതത്തിന് പുതിയൊരു രൂപം കൈവരിക്കാനും പ്രകാശം പരത്താനും ലോകത്തെ സുഖപ്പെടുത്താനും കഴിയുമെന്ന് അവിടുന്നു നമ്മോട് മന്ത്രിക്കുകയാണെന്നു പാപ്പ പറഞ്ഞു.
വിശുദ്ധരായ ഫ്രാൻസിസിന്റെയും ക്ലാരയുടെയും ആയിരക്കണക്കിന് മറ്റ് യുവജനങ്ങളുടെയും രൂപാന്തരീകരണം ആരംഭിച്ചത് ഇവിടെനിന്നാണ്. അവർ സുവിശേഷത്തെ അതിന്റെ ലാളിത്യത്തിൽ സ്വീകരിച്ചു. അപ്പോൾ യേശുവിന്റെ ജീവിതം അവരിൽ പുതുതായി ആരംഭിക്കുകയാണ് ചെയ്തത്. ജീവിതത്തിന് അർത്ഥം കണ്ടെത്താനാവുമെന്നും ഒരു പാത ദർശിക്കാനാവുമെന്നും സുവിശേഷത്തിൽ നാം കാണുന്നു. യേശു നമ്മോടൊപ്പമുണ്ട്. അവിടുത്തെ സാന്നിധ്യമാണ് പ്രധാനം. സുവിശേഷ വചനത്തിൽ വിശ്വസിക്കാൻ ധൈര്യപ്പെടുക; യേശുക്രിസ്തു നൽകുന്ന സ്വാതന്ത്ര്യത്തോടെ പൂർണ്ണ മനുഷ്യരായിത്തീരണമെന്നും പാപ്പ പറഞ്ഞു.
"നിങ്ങളുടെ സംഗമത്തിന്റെ പേരായ 'പോവുക!' (Go!) എന്നത് ഒരു ദൗത്യമാണ്; ഭൂപടങ്ങളില്ലാത്ത വഴികളിലേക്കുള്ള ഒരു യാത്രയാണത്. ഹൃദയത്തിന്റെ സ്വരം ശ്രവിച്ചും പരിശുദ്ധാത്മാവിനെ അനുസരിച്ചും, ഉയിർത്തെഴുന്നേറ്റവൻ നമുക്ക് മുൻപേ പോകുന്ന വഴികളിലൂടെ അവനെ അനുഗമിച്ചുമാണ് ആ പാതകൾ നമ്മുക്ക് മുന്നില്‍ വെളിവാകുന്നതെന്നും പാപ്പ പറഞ്ഞു. യുവജനസമ്മേളനവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകൾക്കും വിശുദ്ധ ബലിയർപ്പണത്തിനും ശേഷം ഉച്ചയോടെ പാപ്പ, അസ്സീസിയിൽനിന്ന് തിരികെ വത്തിക്കാനിലേക്ക് മടങ്ങി.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















