News - 2026

ലെയോ പാപ്പയെ കോസ്റ്റ റിക്കയിലേക്ക് നേരിട്ട് ക്ഷണിച്ച് പ്രസിഡന്റ് ലോറ ഫെർണാണ്ടസ്

പ്രവാചകശബ്ദം 29-10-2026 - Thursday

വത്തിക്കാന്‍ സിറ്റി: മധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്റ റിക്കയിലേക്ക് ലെയോ പാപ്പയെ നേരിട്ടു ക്ഷണിച്ച് പ്രസിഡന്റ് ലോറ ഫെർണാണ്ടസ്. ഇന്നു ഒക്ടോബർ 29 വ്യാഴാഴ്ച വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് പാപ്പയെ പ്രസിഡന്‍റ് നേരിട്ടു ക്ഷണിച്ചത്. കോസ്റ്റാറിക്ക സന്ദർശിക്കാനും, കോസ്റ്റ റിക്കയുടെ മധ്യസ്ഥ വിശുദ്ധയായ 'നെഗ്രിറ്റ ഡി ലോസ് ആഞ്ചലസിനെ' കാണാന്‍ ക്ഷണിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തിയെന്ന് പ്രസിഡന്റ് ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസിനോട് പറഞ്ഞു.

1983-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കോസ്റ്റ റിക്ക സന്ദർശിച്ചതിന് ശേഷം, വീണ്ടുമൊരു മാർപാപ്പയുടെ സന്ദർശനം കൂടി രാജ്യത്തുണ്ടാകുന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ കാര്യമായിരിക്കുമെന്നും ലോറ ഫെർണാണ്ടസ് കൂട്ടിച്ചേർത്തു. ഏകദേശം 30 മിനിറ്റോളം നീണ്ടുനിന്ന ഈ കൂടിക്കാഴ്ചയിൽ, കോസ്റ്റ റിക്കയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും വത്തിക്കാനുമായുള്ള രാജ്യത്തിന്റെ ബന്ധത്തെക്കുറിച്ചും ചർച്ച ചെയ്യാൻ അവസരമുണ്ടായെന്നും പ്രസിഡന്‍റ് പറഞ്ഞു.

കഴിഞ്ഞ മെയ് മാസത്തില്‍ കോസ്റ്റ റിക്കയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ലോറ ഫെർണാണ്ടസ് വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെയാണ് തന്റെ ഭരണത്തിന് തുടക്കം കുറിച്ചത്. വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് പിന്നാലെ, തന്റെ പ്രസിഡൻഷ്യൽ കവചം, പ്രസിഡന്‍റ് ദേവാലയത്തില്‍ സമര്‍പ്പിച്ചിരിന്നു. കോസ്റ്റാറിക്കയിലെ ഭൂരിപക്ഷം വിശ്വാസികളും കത്തോലിക്ക വിശ്വാസം പിന്തുടരുന്നവരാണ്. ഭരണഘടനപ്രകാരം ഔദ്യോഗിക വിശ്വാസമായി കത്തോലിക്ക വിശ്വാസത്തെ അംഗീകരിച്ച രാജ്യം കൂടിയാണ് കോസ്റ്റ റിക്ക.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »