News - 2026

മധ്യപൂർവേഷ്യയുടെ ഭാവിയില്‍ ക്രൈസ്തവരുടെ പങ്ക്: ജോർദാനിൽ അന്താരാഷ്ട്ര സമ്മേളനം

പ്രവാചകശബ്ദം 29-10-2026 - Thursday

അമ്മാന്‍: മധ്യപൂർവേഷ്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ക്രൈസ്തവര്‍ക്കുള്ള പങ്കിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി അമ്മാനിൽ രണ്ട് ദിവസത്തെ സമ്മേളനം ആരംഭിച്ചു. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വെല്ലുവിളികൾ, മതപരമായ സഹവർത്തിത്വം, എല്ലാവരെയും ഉൾക്കൊള്ളുന്ന പൗരത്വം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് സമ്മേളനം നടക്കുന്നത്. 'കാത്തലിക് സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് മീഡിയ'യും 'കോൺറാഡ് അഡെനൗവർ ഫൗണ്ടേഷനും' ചേർന്നാണ് "കിഴക്കൻ ദേശങ്ങളിലെ ക്രിസ്ത്യാനികൾ: ഭാവി കെട്ടിപ്പടുക്കുന്നതിലെ പങ്കാളികൾ" എന്ന് പേരില്‍ സമ്മേളനം സംഘടിപ്പിച്ചത്.

പ്രധാനമന്ത്രി ജാഫർ ഹസ്സന് വേണ്ടി ടൂറിസം-പുരാവസ്തു വകുപ്പ് മന്ത്രി ഇമാദ് ഹിജാസിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മധ്യപൂർവേഷ്യയിലുടനീളമുള്ള ക്രിസ്ത്യൻ സമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികൾ, ക്രിസ്ത്യൻ ഐക്യം, വിഭാഗീയ ഭിന്നതകൾ, കുടിയേറ്റം എന്നിവയാണ് സമ്മേളനത്തില്‍ ചർച്ച ചെയ്തത്. ജോർദാനിലെ മുസ്ലീം - ക്രിസ്ത്യൻ സഹവർത്തിത്വത്തെക്കുറിച്ച് പരാമർശിച്ച മന്ത്രി ഇമാദ്, മതപരവും സാംസ്കാരികവുമായ വൈവിധ്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.

മതങ്ങൾ തമ്മിലുള്ള സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും, യുനെസ്‌കോയുടെ പട്ടികയിലുള്ള, യേശുക്രിസ്തു സ്നാനം സ്വീകരിച്ച 'ബെഥനി ബിയോണ്ട് ദി ജോർദാൻ' (Bethany Beyond the Jordan) ഉൾപ്പെടെയുള്ള ക്രിസ്ത്യൻ പുണ്യസ്ഥലങ്ങൾ സംരക്ഷിക്കുന്നതില്‍ ജോർദാൻ തുടർന്നും മുൻകൈ എടുക്കുന്നുണ്ടെന്നും ഹിജാസിൻ പറഞ്ഞു. 2030-ൽ വരാനിരിക്കുന്ന യേശുക്രിസ്തുവിന്റെ സ്നാനത്തിന്റെ 2000-ാമത് വാർഷികാഘോഷത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിശ്വാസപരമായ ടൂറിസം വികസിപ്പിക്കുന്നതിനും, അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും, പ്രാദേശിക സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു അവസരമായി ഈ വാർഷികത്തെ അദ്ദേഹം വിശേഷിപ്പിച്ചു.

മധ്യപൂർവേഷ്യൻ സമൂഹങ്ങളുടെ വികസനത്തിൽ ക്രിസ്ത്യാനികൾ നൽകിയ സംഭാവനകളെ കൂടുതൽ അംഗീകരിക്കേണ്ടതുണ്ടെന്ന് 'കാത്തലിക് സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് മീഡിയ' ഡയറക്ടർ ഫാ. റിഫാത്ത് ബാദർ ഊന്നിപ്പറഞ്ഞു. കാരക് ഗവർണറേറ്റിലെ ഹമൂദ് പ്രദേശത്തുള്ള ഒരു പള്ളിയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ജോർദാനിയൻ ജനത പ്രകടിപ്പിച്ച ഐക്യദാർഢ്യത്തെ ജർമ്മൻ അംബാസഡർ ബെർട്രാം വോൺ മോൾട്ട്കെ പ്രശംസിച്ചു. സാമൂഹിക ഐക്യത്തിന് ഇതൊരു മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. ജർമ്മൻ ഫെഡറൽ ഗവൺമെന്റിന്റെ മതസ്വാതന്ത്ര്യ ചുമതലയുള്ള കമ്മീഷണറും പാർലമെന്റ് അംഗവുമായ തോമസ് റേച്ചല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »