News

യുദ്ധം തകർത്ത സിറിയയിൽ ക്രിസ്തുവിന്റെ സാക്ഷിയായി പ്രവര്‍ത്തിക്കുന്ന സിസ്റ്റർ ആനിക്ക് ധീരതാ പുരസ്കാരം

പ്രവാചകശബ്ദം 04-11-2026 - Wednesday

ലണ്ടൻ: ആഭ്യന്തരയുദ്ധം തകർത്ത സിറിയയിൽ ജീവൻ പണയം വെച്ചും രോഗികൾക്കും പ്രായമായവർക്കും അത്താണിയായി മാറിയ കത്തോലിക്കാ സന്യാസിനി സിസ്റ്റർ ആനി ഡെമർജിയാന് രാജ്യാന്തര കത്തോലിക്കാ സന്നദ്ധ സംഘടനയായ 'എയിഡ് ടു ദ ചർച്ച് ഇൻ നീഡ്' (ACN) നൽകുന്ന പ്രത്യേക ധീരത പുരസ്കാരം. കടുത്ത മതപീഡനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് അടിയുറച്ച വിശ്വാസവും ധീരമായ സാക്ഷ്യവും പ്രകടിപ്പിക്കുന്ന വ്യക്തികൾക്കായി എസിഎൻ യുകെ ഏർപ്പെടുത്തിയ ‘കറേജ് ടു ബി ക്രിസ്ത്യൻ’ അവാർഡിനാണ് ജീസസ് ആൻഡ് മേരി സന്യാസസമൂഹാംഗമായ സിസ്റ്റർ ആനി അർഹയായത്.

നവംബർ 18 പീഡിത ക്രൈസ്തവരെ പ്രത്യേകം അനുസ്മരിക്കുന്ന 'ചുവപ്പ് ബുധനാഴ്ച' വൈകുന്നേരം 6 മണിക്ക് സൗത്ത്‌വാർക്കിലെ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കിടെ പുരസ്കാരം സമ്മാനിക്കും. പീഡനങ്ങൾക്കിടയിലും അടിയുറച്ച വിശ്വാസത്തോടും സമർപ്പണത്തോടും കൂടി ദുരിതമനുഭവിക്കുന്നവർക്കൊപ്പം നിലകൊള്ളുന്ന നൂറുകണക്കിന് ക്രിസ്തു വിശ്വാസികൾക്ക് കൂടിയുള്ളതാണ് ഈ അംഗീകാരമെന്നും ഒത്തിരി സന്തോഷമുണ്ടെന്നും സിസ്റ്റർ ആനി പറഞ്ഞു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി സിറിയയിൽ ജീവകാരുണ്യ ആത്മീയ ആതുര സേവനരംഗത്ത് സജീവ സാന്നിധ്യമാണ് സിസ്റ്റർ ആനി. യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും മൂലം ദുരിതത്തിലായ അലപ്പോ, ദമാസ്കസ് നഗരങ്ങളിലും ലെബനോനിലും ആയിരക്കണക്കിന് ആളുകൾക്ക് അടിയന്തര സഹായം, ഭക്ഷണം, മരുന്നുകൾ, ആത്മീയ പിന്തുണ എന്നിവ എത്തിക്കുന്നതിൽ എൻജിനീയറിങ് ബിരുദധാരിയായ സിസ്റ്റർ മുൻനിരയില്‍ നിന്നു പ്രവര്‍ത്തിക്കുകയാണ്.

സിറിയൻ ആഭ്യന്തരയുദ്ധം ഏറ്റവും രൂക്ഷമായ ഘട്ടത്തിൽ പോലും അലപ്പോ നഗരം വിട്ടുപോകാൻ സിസ്റ്റര്‍ തയ്യാറായിരിന്നില്ല. ബോംബാക്രമണങ്ങളും ഭീഷണികളും വകവെക്കാതെ നിരാലംബരായ കുടുംബങ്ങളെയും വയോധികരെയും ചേർത്തുപിടിച്ച സിസ്റ്റർ, യുദ്ധക്കെടുതി അനുഭവിച്ച ജനതയ്ക്ക് വലിയൊരു പ്രതീക്ഷയായി മാറി. മാനസികാഘാതം നേരിട്ട കുട്ടികൾക്കായി ആർട്ട്-മ്യൂസിക് തെറാപ്പി, യുവജന പദ്ധതികൾ, കുടുംബങ്ങൾക്കായുള്ള ചെറുകിട സ്വയംതൊഴിൽ സഹായങ്ങൾ എന്നിവയും സിസ്റ്റർ ആവിഷ്കരിച്ചു നടപ്പിലാക്കിയിരിന്നു. യുദ്ധഭീഷണിയ്ക്കിടെയിലും സിസ്റ്ററിന്റെ നേതൃത്വത്തില്‍ ഈ സേവനങ്ങള്‍ തുടരുന്നുണ്ട്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »