India
ചങ്ങനാശേരി പാറേൽ മർത്ത്മറിയം കൂദാശയും ബസിലിക്ക പ്രഖ്യാപനവും ഇന്ന്
പ്രവാചകശബ്ദം 21-11-2026 - Saturday
ചങ്ങനാശേരി അതിരൂപതയുടെ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ മർത്ത്മറിയം വലിയപള്ളി ഇന്ന് കൂദാശ ചെയ്ത് ആദ്യ ബലിയർപ്പണം നടത്തി ബസിലിക്കയായി ഉയർത്തും. ഉച്ചകഴിഞ്ഞു രണ്ടിന് ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം കൂദാശകർമം നിർവഹിക്കും. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകും. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പാറേൽ പള്ളിയെ ബസിലിക്കയായി ഉയർത്തുന്ന പ്രഖ്യാപനം നടത്തും.
ആർച്ച് ബിഷപ്പുമാരായ ഡോ. തോമസ് മാർ കൂറിലോസ്, ഡോ. തോമസ് ജെ. നെറ്റോ, ബിഷപ്പുമാരായ മാർ തോമസ് ഇലവനാൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. തോമസ് മാർ ഐറേനിയോസ്, ഡോ. ജയിംസ് ആനാപറമ്പിൽ, ഡോ.യൂഹാനോൻ മാർ തിയോഡേഷ്യസ്, മാർ തോമസ് പാടിയത്ത്, ഡോ. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ, മോൺ. ആൻ്റണി എത്തയ്ക്കാട്, അതിരൂപതയിലെ മുന്നൂറിലേറെ വൈദികർ എന്നിവർ സഹകാർമികരായിരിക്കും.
പരിശുദ്ധ കന്യകാമറിയത്തോടുള്ള വണക്കത്തിന്റെ പേരിൽ വിശ്വാസികൾ തലമുറകളായി തീര്‍ത്ഥാടനത്തിനെത്തുന്ന പുണ്യസ്ഥാനമാണ് പാറേൽപള്ളി. കന്യകാമറിയത്തിൻ്റെ അമലോത്ഭവം വിശ്വാസ സത്യമായി പിയൂസ് ഒൻപതാമൻ മാർപാപ്പ ആഗോളതലത്തിൽ പ്രഖ്യാപിച്ചതിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് 1904ൽ ആർച്ച് ബിഷപ്പ് മാർ മാത്യു മാക്കിലിൻ്റെ നിർദേശപ്രകാരം വികാരി ജനറൽ ഫാ. സിറിയക് കണ്ടങ്കരിയാണ് ഈ ദേവാലയം സ്ഥാപിച്ചത്. പാറമേൽ പണിത ദേവാലയം എന്ന നിലയിൽ 'പാറേൽ പള്ളി' എന്ന പേരിൽ പ്രശസ്തമായി. 1972ൽ ആർച്ച് ബിഷപ്പ് മാർ ആൻ്റണി പടിയറയാണ് ഇപ്പോഴുള്ള ദേവാലയത്തിനു തറക്കല്ലിട്ടത്.
1974ൽ കൂദാശ നിർവഹിച്ചതും മാർ പടിയറയാണ്. 1977ൽ പാറേൽ പള്ളിയെ അജപാലന കേന്ദ്രമായി പ്രഖ്യാപിച്ചു. 1981ൽ സ്വതന്ത്ര ഇടവകയായി. തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുകയും തീർത്ഥാടന കേന്ദ്രത്തിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തേണ്ട ആവശ്യം വരികയും ചെയ്തതോടെയാണ് പുതിയ ദേവാലയം എന്ന ആശയം രൂപപ്പെട്ടത്. 2014 ഇതിന്റെ നിർമാണത്തിനുള്ള പ്രാരംഭ നടപടി ആരംഭിച്ചിരിന്നു. 3 നിലകളിലായാണു പുതിയ ദേവാലയം ഒരുങ്ങുന്നത്. വലിയ പള്ളിയിൽ 3000 പേർക്കു തിരുക്കർമങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുമെന്നാണ് വിവരം. ദേവാലയ നിര്‍മ്മാണത്തോടൊപ്പം നൂറിലധികം നിര്‍ധനര്‍ക്ക് ഭവനങ്ങളും ഒരുക്കി നല്‍കിയിട്ടുണ്ട്.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate


















