News

ക്രിസ്തുമസ് ഒരുക്കങ്ങളുമായി വത്തിക്കാന്‍; സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു

പ്രവാചകശബ്ദം 20-11-2026 - Friday

വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസിന് മുന്നോടിയായി ഒരുക്കങ്ങളുമായി വത്തിക്കാന്‍. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ ക്രിസ്തുമസ് ട്രീയ്ക്കുള്ള മരം എത്തിച്ചു. 24 മീറ്റർ ഉയരമുള്ള കൂറ്റൻ സിൽവർ ഫിർ മരം ക്രെയിൻ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്. പൊത്തെൻസ പ്രവിശ്യയിലെ തേറനോവ ദി പൊള്ളീനോ നഗരസഭയുടെ കീഴിലുള്ള, കൂഞ്ഞോ ദെല്ലച്ചേറോ വനത്തിന്റെ ഭാഗമായുള്ള ദേശീയോദ്യാനത്തിൽനിന്നാണ് ഈ മരം വത്തിക്കാനിലേക്കെത്തിച്ചത്. പ്രകൃതി സംരക്ഷണവും സന്തുലിതാവസ്ഥയും പരിഗണിച്ചു വളര്‍ച്ച പിന്നിട്ട 75 ക്വിന്റൽ ഭാരമുള്ള മരമാണ് എത്തിച്ചിരിക്കുന്നതെന്നു വത്തിക്കാന്‍ ഗവർണറേറ്റ് വിശദീകരിച്ചു.

ഇനി അലങ്കാരത്തിന്റെ ദിവസങ്ങളാണ്. ഡിസംബർ 7-ന് ഔദ്യോഗികമായി അനാച്ഛാദനം ചെയ്യുന്നതിന് മുന്നോടിയായി ദീപാലങ്കാരങ്ങളും മറ്റ് അലങ്കാരവസ്തുക്കളും ചാർത്തി ട്രീ മനോഹരമാക്കും. ഇറ്റലിയിലെ വിവിധ ആശുപത്രികളിൽ പ്രവർത്തിക്കുന്ന "ലെനെ തുൻ" ഫൗണ്ടേഷന്റെ മൺപാത്ര നിർമാണ ചികിത്സാ ശിൽപശാലകളിൽ കുട്ടികൾ തയ്യാറാക്കിയ കളിമൺ അലങ്കാരങ്ങളായിരിക്കും വത്തിക്കാനിലെ മരത്തിൽ പ്രധാനമായും ഇടംപിടിക്കുക. കുട്ടികളുടെ പ്രതീക്ഷകളും ചിന്തകളും പ്രതിഫലിപ്പിക്കുന്ന ഈ സൃഷ്ടികൾക്കൊപ്പം അരലക്ഷത്തിലധികം എൽഇഡി ലൈറ്റുകളും മരത്തെ അലങ്കരിക്കും.

ക്രിസ്തുമസ് കാലാവധി അവസാനിക്കുന്നതുവരെ ചത്വരത്തിൽ നിലനിൽക്കുന്ന മരം പിന്നീട് മിലാനിലെ കൊൺലേഞ്ഞോ പ്രസ്ഥാനത്തിന്റെ സഹകരണത്തോടെ സാമൂഹികവും കലാപരവും ആരാധനാപരവുമായ ആവശ്യങ്ങൾക്കുള്ള വസ്തുക്കളാക്കി മാറ്റും. പരിസ്ഥിതി സംരക്ഷണത്തിനും പുനരുപയോഗത്തിനും പ്രാധാന്യം നൽകുന്ന 'ലൗദാത്തോ സി' ചാക്രിക ലേഖനത്തിലെ ആശയമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ചിയെത്തി വാസ്തോ അതിരൂപതയുടെ നേതൃത്വത്തിൽ വത്തിക്കാന്‍ ചത്വരത്തില്‍ ഒരുക്കുന്ന ഈ വർഷത്തെ പുൽക്കൂടിൽ 90 നഗരസഭകളും 146 ഇടവകകളും പങ്കാളികളാകും. വിദ്യാഭ്യാസ-പരിശീലന പദ്ധതികളിൽ ചേർന്ന് പ്രവർത്തിക്കുന്ന ഏതാനും തടവുകാരും, ഇതിന്റെ നിർമാണത്തിൽ പങ്കുചേരും. 'മഹത്തായ രഹസ്യം' എന്ന പ്രമേയത്തിലുള്ള പുൽക്കൂടിൽ യേശുവിന്റെ ജനനകാലത്തെ ബെത്ലഹേമിന്റെ ദൃശ്യങ്ങളാണ് പുനരാവിഷ്കരിക്കുന്നത്. വിയറേജ്ജ്യോയിലെ കാർണിവൽ കലാകാരന്മാരാണ് വത്തിക്കാനുള്ളിലെ പോൾ ആറാമൻ ശാലയിൽ ഇത്തവണത്തെ പുൽക്കൂട് ഒരുക്കുന്നത്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »