News
ക്രിസ്തുമസ് ആഘോഷങ്ങൾക്ക് 30 ദശലക്ഷം; ക്രൈസ്തവര്‍ക്ക് അധിക ധനസഹായവുമായി ബംഗ്ലാദേശ് സർക്കാർ
പ്രവാചകശബ്ദം 18-11-2026 - Wednesday
ധാക്ക: 2026-ലെ ക്രിസ്തുമസ് ആഘോഷങ്ങൾക്കായി ബംഗ്ലാദേശ് സർക്കാർ 30 ദശലക്ഷം ടാക്ക (237,073 യുഎസ് ഡോളർ) അനുവദിച്ചു. 'ക്രിസ്ത്യൻ റിലീജിയസ് വെൽഫെയർ ട്രസ്റ്റ്' ആവശ്യപ്പെട്ട 20 ദശലക്ഷം ടാക്കയെക്കാൾ (158,049 യുഎസ് ഡോളർ) 50 ശതമാനം അധിക തുകയാണ് ഇത്തവണ അനുവദിച്ചത് എന്നത് ശ്രദ്ധേയമാണ്. നവംബർ 2നു മതകാര്യ മന്ത്രാലയം സമർപ്പിച്ച ശുപാര്‍ശ പ്രകാരം ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനാണ് ഈ തുക അനുവദിച്ചത്. ബംഗ്ലാദേശിലെ ക്രൈസ്തവ സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വാർഷിക ആഘോഷമായ ക്രിസ്തുമസ് ആഘോഷങ്ങളെ പിന്തുണയ്ക്കുന്നതിനായി, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ-ക്ഷേമ നിധിയിൽനിന്നാണ് ഈ തുക ലഭ്യമാക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ക്രിസ്തുസിനോടനുബന്ധിച്ച് രാജ്യത്തുടനീളം ആസൂത്രണം ചെയ്തിട്ടുള്ള വിശ്വാസപരവും സാമൂഹികവുമായ ക്ഷേമ പ്രവർത്തനങ്ങൾക്കായി 20 ദശലക്ഷം ടാക്കയുടെ പ്രത്യേക സഹായം നൽകണമെന്ന് ക്രിസ്ത്യൻ റിലീജിയസ് വെൽഫെയർ ട്രസ്റ്റ് പ്രധാനമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചിരിന്നു. എന്നാൽ, അനുവദിക്കുന്ന തുക 30 ദശലക്ഷം ടാക്കയായി വർദ്ധിപ്പിക്കാൻ റഹ്മാൻ നിർദ്ദേശിക്കുകയായിരുന്നു. ക്രിസ്ത്യൻ റിലീജിയസ് വെൽഫെയർ ട്രസ്റ്റ് സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ലിന്റസ് റൊസാരിയോ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
ഒരാഴ്ചയ്ക്കുള്ളിൽ തുക ലഭിക്കുമെന്നും, തുടർന്ന് അത് വിവിധ പള്ളികൾക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും വിതരണം ചെയ്യുമെന്നും ക്രിസ്തുമസിനോട് അനുബന്ധിച്ച് വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. 2025-ലെ ക്രിസ്തുമസ് വേളയിൽ, 854 പള്ളികൾക്കായി 20 ദശലക്ഷം ടാക്ക സർക്കാർ ധനസഹായമായി ട്രസ്റ്റ് വിതരണം ചെയ്തു. ഈ വർഷം ഏകദേശം 1,000 പള്ളികൾക്ക് സഹായം നൽകാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്രിസ്തുമസ് അലങ്കാരങ്ങൾ, നവീകരണ പ്രവർത്തനങ്ങൾ, ക്രിസ്തുമസ് ആഘോഷങ്ങൾ എന്നിവയ്ക്കാണ് പ്രധാനമായും ഈ ധനസഹായം ഉപയോഗിക്കുന്നത്. 2018-ൽ ഈ പദ്ധതി ആരംഭിച്ചപ്പോൾ 5 ദശലക്ഷം ടാക്ക (39,512 യുഎസ് ഡോളർ) ആയിരുന്നു ആദ്യഘട്ട സഹായം. അതിനുശേഷം ഓരോ വർഷവും തുക വർധിപ്പിച്ചുകൊണ്ട്, ഇതുവരെ ആകെ 130 ദശലക്ഷം ടാക്ക (1.03 ദശലക്ഷം യുഎസ് ഡോളർ) ട്രസ്റ്റ് വഴി ഇതുവരെ സര്‍ക്കാര്‍ വിതരണം ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിലെ ആകെ ജനസംഖ്യയുടെ ഏകദേശം 0.3 ശതമാനമാണ് ക്രൈസ്തവര്‍.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate



















