News

ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി പീഡനമേല്‍ക്കുന്നവരുടെ സ്മരണയില്‍ ഇന്ന് 'ചുവപ്പ് ബുധന്‍'

പ്രവാചകശബ്ദം 18-11-2026 - Wednesday

ലണ്ടന്‍: ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ആഗോളതലത്തില്‍ പീഡനത്തിനു ഇരയാകുന്ന ക്രൈസ്തവരുടെ നിസ്സഹായവസ്ഥ ലോക ശ്രദ്ധയില്‍ കൊണ്ടുവരുവാനും, മതമര്‍ദ്ദനത്തിനിരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനുമായി ക്രൈസ്തവ സന്നദ്ധ സംഘടനയായ 'എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡി'ന്റെ ആഭിമുഖ്യത്തിലുള്ള ചുവപ്പ് ബുധന്‍ (റെഡ് വെനസ്‌ഡേ) ദിനാചരണം ഇന്ന് നടക്കുന്നു. ദിനാചരണത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 130 കത്തീഡ്രലുകൾ ഉൾപ്പെടെ ആയിരക്കണക്കിന് ദേവാലയങ്ങളും മറ്റു സ്മാരകങ്ങളും ചുവപ്പുനിറത്തിൽ പ്രകാശിപ്പിക്കും.

ആഗോള ക്രൈസ്തവര്‍ നേരിടുന്ന പീഡനത്തിലേക്ക് ലോകശ്രദ്ധ ആകര്‍ഷിക്കുന്നതിനായി 2015-ൽ സംഘടന ആരംഭിച്ച "ചുവപ്പുബുധൻ" (Red Wednesday) എന്ന പേരിൽ അറിയപ്പെടുന്ന പരിപാടിയുടെ ഈ വർഷത്തെ ആചരണത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഒന്നേകാൽ ലക്ഷത്തിലധികം ആളുകൾ സവിശേഷമായ രീതിയിൽ പങ്കെടുക്കുന്നുണ്ട്. ചുവന്ന നിറവും പ്രകാശവും ഉപയോഗിക്കുന്നതിന് പുറമെ, പ്രാർത്ഥനാസമ്മേളനങ്ങൾ, അനുഭവസാക്ഷ്യങ്ങൾ, പൊതുപരിപാടികൾ, വിദ്യാലയങ്ങളിൽ നടത്തുന്ന പ്രത്യേക പരിപാടികൾ, മതപീഡനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിൽനിന്നുള്ള ക്രൈസ്തവരുമായുള്ള കൂടിക്കാഴ്ചകൾ എന്നിവയും ഒരുക്കുന്നുണ്ട്.

ലോകത്ത് നാൽപ്പത്തിയൊന്ന് കോടിയിൽപ്പരം ക്രൈസ്തവർ, മതസ്വാതന്ത്ര്യത്തിനെതിരായ ഗുരുതരമായ ലംഘനങ്ങൾ നടക്കുന്ന രാജ്യങ്ങളിലാണ് ജീവിക്കുന്നതെന്നും, ഇരുപത്തിരണ്ട് കോടിയോളം ക്രൈസ്തവർ മതപീഡനവുമായി ബന്ധപ്പെട്ട ഭീഷണികൾ നേരിടുന്നുണ്ടെന്നും അടുത്തിടെ സംഘടന വ്യക്തമാക്കിയിരിന്നു. പീഡനങ്ങൾ ഏറ്റുവാങ്ങുന്ന ക്രൈസ്തവർക്കായുള്ള പ്രാർത്ഥനയുടെയും ഐക്യദാർഢ്യത്തിന്റെയും ഭാഗമായി നവംബർ 14 മുതൽ 22 വരെ 'ചുവപ്പ് വാരമായി' സംഘടന ആചരിച്ചു വരികയാണ്. ഇതിന്റെ പ്രധാനദിനമെന്ന നിലയിലാണ് 'ചുവപ്പ് ബുധന്‍' ആചരണം.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »