News - 2026
ഭരണം മാറിയതോടെ സഹായം നിലച്ചു; പീഡിത ക്രൈസ്തവരെ ചേര്‍ത്തുപിടിക്കാന്‍ ഹംഗേറിയന്‍ സംഘടനകള്‍
പ്രവാചകശബ്ദം 30-09-2026 - Wednesday
ബുഡാപെസ്റ്റ്: ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ ക്ഷേമത്തിനായി ഹംഗറിയിൽ രൂപീകരിച്ച സർക്കാർ വകുപ്പ് നിർത്തലാക്കിയെങ്കിലും സഹായ പ്രവർത്തനങ്ങൾ തുടരുവാന്‍ സംഘടനകളുടെ ഇടപെടല്‍. ആഗോള തലത്തില്‍ പീഡനങ്ങൾ നേരിടുന്ന ക്രൈസ്തവരെ സഹായിക്കുന്നതിനായി മുന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍റെ നിര്‍ദ്ദേശപ്രകാരം ഹംഗേറിയൻ സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന പ്രത്യേക സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഭരണം മാറിയതിന് ശേഷം നിർത്തലാക്കപ്പെട്ടുവെങ്കിലും സംഘടനകള്‍ വഴി സഹായം തുടരുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
സർക്കാർ സംവിധാനം ഒഴിവായെങ്കിലും ക്രൈസ്തവ സമൂഹങ്ങൾക്കായുള്ള സഹായങ്ങൾ നിലയ്ക്കില്ലെന്ന് മുൻ സ്റ്റേറ്റ് സെക്രട്ടറിയും പീഡിത ക്രൈസ്തവര്‍ക്കായുള്ള ദൗത്യത്തിന് നേതൃത്വം നൽകിയിരുന്ന ട്രിസ്റ്റൻ അസ്ബെജ് അറിയിച്ചു. 'ആക്സിയോമ സെന്‍റര്‍ ഫോര്‍ പെര്‍സിക്യൂട്ടഡ് ക്രിസ്ത്യന്‍സ്'എന്ന പുതിയ സിവിൽ-സൊസൈറ്റി സംരംഭത്തിലൂടെയും സന്നദ്ധ സംഘടനകളിലൂടെയും ഈ സഹായ പദ്ധതികൾ തുടർന്നും മുന്നോട്ട് കൊണ്ടുപോകും. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് തുണയാകുന്നത് മുൻകാല സർക്കാരിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ മാത്രമല്ല, അതൊരു ധാർമിക ഉത്തരവാദിത്തമായി കണ്ടാണ് ഇടപെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ പല സംഘടനകളും ഹംഗേറിയൻ സർക്കാരിന്റെ ഈ വകുപ്പ് നിർത്തലാക്കിയതിനെ വലിയൊരു നഷ്ടമായി കാണുന്നുണ്ടെന്നും, അവർ അന്താരാഷ്ട്ര സന്നദ്ധ സഹകരണത്തിലൂടെ ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വിക്ടര്‍ ഓര്‍ബാന്‍ നയിച്ച മുന്‍ ഭരണകൂടത്തിന്റെ ലോകത്ത് പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ശക്തമായ വിധത്തില്‍ സഹായപദ്ധതികള്‍ വിഭാവനം ചെയ്തു നടപ്പിലാക്കിയ രാജ്യമാണ് ഹംഗറി.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















