News
ആർച്ച് ബിഷപ്പ് വാൾഡെമാർ സോമർടാഗ് ഭാരതത്തിന്റെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷോ
പ്രവാചകശബ്ദം 14-11-2026 - Saturday
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള പുതിയ അപ്പസ്തോലിക് ന്യൂൺഷ്യോയായി പോളണ്ടില്‍ നിന്നുള്ള ആർച്ച് ബിഷപ്പ് വാൾഡെമാർ സ്റ്റാനിസ്ലാവ് സോമർടാഗിനെ നിയമിച്ച് ലെയോ പാപ്പ. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നാണ് വത്തിക്കാന്‍ നടത്തിയത്. അപ്പസ്തോലിക് ന്യൂൺഷ്യോ എന്ന നിലയിൽ, ആർച്ച് ബിഷപ്പ് സോമർടാഗ് ഇന്ത്യയിലേക്കുള്ള വത്തിക്കാന്റെ നയതന്ത്ര പ്രതിനിധിയായും, രാജ്യത്തെ കത്തോലിക്ക സഭയിൽ പാപ്പയുടെ പ്രതിനിധിയായും സേവനമനുഷ്ഠിക്കും. പുതിയ അപ്പസ്തോലിക ന്യൂണ്‍ഷോയുടെ നിയമനത്തെ ഭാരത കത്തോലിക്ക മെത്രാന്‍ സമിതി സ്വാഗതം ചെയ്തു.
1968 ഫെബ്രുവരി 6-ന് പോളണ്ടിലെ വീക്ക്ബോർക്കിൽ ജനിച്ച അദ്ദേഹം, 1993 മെയ് 30-ന് പോളണ്ടിലെ പെൽപ്ലിൻ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കൽ എക്ലീസിയാസ്റ്റിക്കൽ അക്കാദമിയിൽ നയതന്ത്രപഠനവും, റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ദ ഹോളി ക്രോസിൽ കാനൻ നിയമപഠനവും നടത്തി. 2000-ൽ പഠനം പൂർത്തിയാക്കി. 2000 ജൂലൈ ഒന്നിന് പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര സേവനത്തിൽ പ്രവേശിച്ചു. ടാൻസാനിയ (2000–2003), നിക്കരാഗ്വേ (2003–2005), ബോസ്നിയ & ഹെർസെഗോവിന, മോണ്ടിനെഗ്രോ (2005–2010), ഇസ്രായേൽ, പലസ്തീൻ, സൈപ്രസ് (2010–2013) എന്നീ രാജ്യങ്ങളിലും നയതന്ത്ര വിഭാഗത്തില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2013 മുതൽ 2018 വരെ, വത്തിക്കാന്റെ വിദേശകാര്യമന്ത്രിക്ക് തുല്യമായ 'സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള വിഭാഗത്തിൽ' സെക്രട്ടറിയുടെ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 2018 ഫെബ്രുവരി 15-ന്, ഫ്രാൻസിസ് മാർപ്പാപ്പ അദ്ദേഹത്തെ മാസ്ട്രിക്റ്റിലെ സ്ഥാനിക ആർച്ച് ബിഷപ്പായും നിക്കരാഗ്വേയിലേക്കുള്ള അപ്പസ്തോലിക് ന്യൂൺഷ്യോയായും നിയമിച്ചു. 2018 മാർച്ച് 19-ന് വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ച് ഫ്രാൻസിസ് പാപ്പയിൽ നിന്ന് അദ്ദേഹം മെത്രാഭിഷേകം സ്വീകരിച്ചു. 2022 സെപ്റ്റംബർ മുതല്‍ സെനഗൽ, കേപ് വെർഡെ, ഗിനിയ-ബിസൗ, എന്നിവിടങ്ങളിലേക്കുള്ള അപ്പസ്തോലിക് ന്യൂൺഷ്യോയായി സേവനം ചെയ്തു വരികയായിരിന്നു.
'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate


















