News

പാക്കിസ്ഥാനിൽ ക്രൈസ്തവ പീഡനം രൂക്ഷം: പാശ്ചാത്യ രാജ്യങ്ങൾ ഇടപെടണമെന്ന് കൊല്ലപ്പെട്ട മുൻ മന്ത്രിയുടെ സഹോദരൻ

പ്രവാചകശബ്ദം 30-10-2026 - Friday

ലണ്ടൻ: പാക്കിസ്ഥാനിൽ ക്രൈസ്തവർ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളും പീഡനങ്ങളും തടയാൻ പാശ്ചാത്യ രാജ്യങ്ങൾ നയതന്ത്ര സമ്മർദ്ദം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പാക്കിസ്ഥാനിലെ ഏക ക്രൈസ്തവ മന്ത്രിയായിരുന്ന ഷഹ്ബാസ് ഭട്ടിയുടെ സഹോദരൻ പീറ്റർ ഭട്ടി. ആഗോള തലത്തില്‍ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളെ കുറിച്ച് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ 'എയിഡ് ടു ദി ചർച്ച് ഇൻ നീഡ്' (ACN) തയ്യാറാക്കിയ “പെർസിക്യൂട്ടഡ് ആൻഡ് ഫോർഗോട്ടൻ?" എന്ന റിപ്പോർട്ടിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടനടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ പാക്കിസ്ഥാനിലെ പീഡിത ക്രൈസ്തവർക്കായി വേണ്ടത്ര ഇടപെടലുകൾ നടത്തുന്നില്ലെന്ന് പീറ്റർ ഭട്ടി കുറ്റപ്പെടുത്തി. പാക്കിസ്ഥാനിൽ മതസൗഹാർദ്ദം പുനഃസ്ഥാപിക്കാനും ന്യൂനപക്ഷങ്ങൾക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനും പാശ്ചാത്യ രാജ്യങ്ങൾ ഇടപെടല്‍ നടത്തണം. യു.കെ, യു.എസ്, യൂറോപ്യൻ യൂണിയൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഒന്നിച്ച് ചേർന്ന് ഒരു പൊതുനയം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിൽ പാകിസ്ഥാനിൽ മതന്യൂനപക്ഷങ്ങളുടെ അവസ്ഥ മുൻപത്തേക്കാൾ ദയനീയമാണെന്നും ഭീകരരെ ഭയന്ന് മനുഷ്യാവകാശ പ്രവർത്തകർ പോലും നിശബ്ദരാക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതനിന്ദ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ശബ്ദമുയർത്തിയതിനും വ്യാജ മതനിന്ദാ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആസിയ ബീബിയെന്ന ക്രൈസ്തവ വനിതയുടെ മോചനത്തിനായി വാദിച്ചതിനുമാണ് 2011-ൽ ഫെഡറൽ ന്യൂനപക്ഷകാര്യ മന്ത്രിയായിരുന്ന ഷഹ്ബാസ് ഭട്ടി ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »