India
ജോൺ പോൾ രണ്ടാമൻ ഇൻസ്റ്റിറ്റ്യൂട്ടിന് പൊന്തിഫിക്കൽ പദവി ലഭിച്ചതിന്റെ രജത ജൂബിലി ആഘോഷം നാളെ
പ്രവാചകശബ്ദം 30-10-2026 - Friday
തുരുത്തി: വിവാഹത്തെയും കുടുംബത്തെയും സംബന്ധിച്ച ഗവേഷണ പഠന കേന്ദ്രമായ ഇന്ത്യയിലെ ജോൺ പോൾ രണ്ടാമൻ ഇൻസ്റ്റിറ്റ്യൂട്ടിന് പൊന്തിഫിക്കൽ പദവി ലഭിച്ചതിന്റെ രജത ജൂബിലിയും കുടുംബങ്ങൾക്കുവേണ്ടിയുള്ള അപ്പസ്തോലിക പ്രബോധനമായ സ്നേഹത്തിൻ്റെ ആനന്ദം പ്രസിദ്ധീകരിച്ചതിന്റെ ദശവത്സരാഘോഷവും പൂർവ വിദ്യാർഥി സംഗമവും നാളെ രാവിലെ 9.30ന് തുരുത്തിയിലുള്ള കാനായിൽ ആഘോഷിക്കും.
വിവാഹത്തെയും കുടുംബത്തെയും കുറിച്ചുള്ള ദൈവശാസ്ത്രപരവും വിവിധ പഠനശാഖകളെ ഏകോപിപ്പിക്കുന്നതുമായ പഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ സ്ഥാപിച്ച, റോമിലെ 'പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടി'ന്റെ പ്രധാന ശാഖയാണ് 'ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് - ഇന്ത്യൻ വിഭാഗം'. 1997-ൽ തന്നെ അക്കാദമിക് പ്രോഗ്രാമുകൾ ആരംഭിച്ചിരുന്നെങ്കിലും, കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാൻ കാര്യാലയം പുറപ്പെടുവിച്ച ഉത്തരവിലൂടെ, 2001 ഒക്ടോബറിലാണ് ഈ സ്ഥാപനം 'ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടി'ന്റെ ഔദ്യോഗിക ഇന്ത്യൻ വിഭാഗമായി അംഗീകരിക്കപ്പെട്ടത്.
നാളെ നടക്കുന്ന രജത ജൂബിലി പരിപാടികൾക്ക് കാനാ ഡയറക്ടർ ഫാ. ഡോ. തോമസ് വള്ളിയാനിപ്പുറം, ജോൺ പോൾ രണ്ടാമൻ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റ് ഫാ. ഡോ. ടോം കൈനിക്കര, പ്രൊക്ക്യൂറേറ്റർ ഫാ. ഐബിൻ പകലോമറ്റം, അക്കാദമിക് സെക്രട്ടറി സിസ്റ്റർ സിൽവിയ എം.എൽ.എഫ്, ഫാ. സജീവ് വർഗീസ്, ഫാ. അഭിലാഷ് സേവ്യർ എന്നിവർ നേതൃത്വം നൽകും.
കെസിബിസി ഫാമിലി കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.ഡോ. ക്ലീറ്റസ് കതിർപറമ്പിൽ ഇന്ത്യയിൽ കുടുംബ പ്രേഷിതരംഗത്തെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെക്കുറിച്ചും ബാംഗളൂർ ധർമ്മരാം വിദ്യക്ഷേത്രത്തിലെ പ്രൊഫസർ ഫാ. ഡോ. ഷാജി കൊച്ചുതറ സ്നേഹത്തിൻ്റെ ആനന്ദം എന്ന പ്രബോധന രേഖ ഇന്ത്യയിൽ എന്ന വിഷയത്തെക്കുറിച്ചും പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ.പി.സി. അനിയൻകുഞ്ഞ് മോഡറേറ്റർ ആയിരിക്കും. ഏകദിന സെമിനാർ റവ. ഡോ. സ്കറിയ കന്യാകോണിൽ ഉദ്ഘാടനം ചെയ്യും.
അധ്യാപക, പൂർവവിദ്യാർഥി സംഗമത്തിൽ ഇന്ത്യയിലെ ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈസ് ചാൻസലറും ചങ്ങനാശേരി അതിരൂപത ആർച്ചുബിഷപ്പുമായ മാർ തോമസ് തറയിൽ സന്ദേശം നൽകും. ചടങ്ങിൽ ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സ്ഥാപക ഡയറക്ടർ ഫാ. ഡോ. ജോസ് ആലഞ്ചേരിയെ ആദരിക്കും.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️


















