News - 2026

പീഡിത ക്രൈസ്തവരുടെ ആശ്രയ സംഘടനയായ 'എയിഡ് ടു ദി ചർച്ച് ഇൻ നീഡി'ന് പുതിയ നേതൃത്വം

പ്രവാചകശബ്ദം 14-09-2026 - Monday

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക ജീവകാരുണ്യ പ്രേഷിത സംഘടനയായ 'എയിഡ് ടു ദി ചർച്ച് ഇൻ നീഡി'ന്റെ (ACN) പുതിയ കോർഡിനേറ്ററായി ഓസ്ട്രിയക്കാരനായ മോൺസിഞ്ഞോർ ഫ്രെഡറിക് ബെച്ചിനയെ തിരഞ്ഞെടുത്തു. റോമിൽ ചേർന്ന അസംബ്ലിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. എൺപത് വർഷത്തോളം പാരമ്പര്യമുള്ള പൊന്തിഫിക്കൽ സംഘടന 140-ലധികം രാജ്യങ്ങളിൽ പീഡിത ക്രൈസ്തതവര്‍ക്ക് സഹായവുമായി സജീവമാണ്. ക്രൈസ്തവ ഐക്യത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവനായ കർദ്ദിനാൾ കർട്ട് കോച്ചാണ് എസിഎന്നിന്റെ പ്രസിഡന്റ്.

ആയിരത്തിമുന്നൂറോളം രൂപതകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന എസിഎൻ, പ്രതിവർഷം അയ്യായിരത്തിലധികം പദ്ധതികൾക്കാണ് സാമ്പത്തികവും ആത്മീയവുമായ പിന്തുണ നൽകുന്നത്. മധ്യപൂർവദേശത്ത് യുദ്ധവും പീഡനങ്ങളും കാരണം തകർന്നടിഞ്ഞ ക്രൈസ്തവ സമൂഹങ്ങളെ പുനരധിവസിപ്പിക്കാനും അവർക്ക് പുതുജീവിതം നൽകാനും എസിഎൻ മുന്‍പന്തിയിലുണ്ട്. ദേവാലയങ്ങളുടെ നിർമ്മാണം, വൈദികരുടെയും സന്ന്യസ്തരുടെയും അൽമായരുടെയും പരിശീലനം എന്നിവയ്ക്കും സംഘടന ഊന്നൽ നൽകുന്നു.

വൈദികവിളികൾ ധാരാളമുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ പഠനസൗകര്യമില്ലാത്ത ഇരുനൂറ്റിഅന്‍പതില്‍പരം സെമിനാരി വിദ്യാർത്ഥികൾക്കും വൈദികർക്കും എസിഎൻ നേരിട്ട് സാമ്പത്തിക സഹായം നൽകുന്നുണ്ട്. നയതന്ത്രപരമായ കാരണങ്ങളാൽ പരിശുദ്ധ സിംഹാസനത്തിന് പരസ്യമായി പറയാൻ സാധിക്കാത്ത കാര്യങ്ങൾ, പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് വേണ്ടി തുറന്നുപറയാനും ലോകശ്രദ്ധയിൽ കൊണ്ടുവരാനും എസിഎന്നിന് കഴിയാറുണ്ട്. സാമ്പത്തിക സഹായം നൽകുന്നതിലുപരി, പീഡനങ്ങൾ സഹിക്കുന്ന പ്രാദേശിക സഭകളുടെ പ്രത്യാശയും വിശ്വാസ തീക്ഷ്ണതയും ആഗോള സഭയുമായി പങ്കുവെക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിയുക്ത കോഓർഡിനേറ്റർ മോൺ. ഫ്രെഡറിക് ബെച്ചിന വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »