News
സിറിയയിൽ മെൽക്കൈറ്റ് ആർച്ച് ബിഷപ്പിന് നേരെ ആക്രമണം
പ്രവാചകശബ്ദം 20-11-2026 - Friday
ഹോംസ് (സിറിയ): സിറിയയിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെ കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തി പുരാതന നഗരമായ ഹോംസിൽ മുതിർന്ന ആർച്ച് ബിഷപ്പിന് നേരെ സായുധാക്രമണം. മെൽക്കൈറ്റ് ഗ്രീക്ക് കാത്തലിക് ആർച്ച് ബിഷപ്പ് യൂഹന്ന അബ്ദോ അർബാഷിന് (74) നേരെയാണ് നവംബർ 14-ന് ക്രൂരമായ ആക്രമണമുണ്ടായത്. ഹോംസിലെ അതിരൂപതാ ആസ്ഥാനത്തേക്ക് അതിക്രമിച്ചു കയറിയ അഞ്ചംഗ സായുധ സംഘം ആർച്ച് ബിഷപ്പിനെ മർദ്ദിക്കുകയും, കണ്ണുകളും വായും ടേപ്പ് ഒട്ടിച്ച് കെട്ടിയിടുകയും ചെയ്തു.
തുടർന്ന് ഓഫീസ് കൊള്ളയടിച്ച അക്രമികൾ ഏകദേശം 20,000 ഡോളറും, മൂന്ന് ദശലക്ഷം സിറിയൻ പൗണ്ടും, അദ്ദേഹത്തിന്റെ കഴുത്തില്‍ അണിഞ്ഞ കുരിശും മറ്റ് വിലപിടിപ്പുള്ള തിരുവസ്തുക്കളും കവർന്നു. ആർച്ച് ബിഷപ്പിന്റെ കുരിശ് ബലമായി പിടിച്ചുപറിച്ചതായും അദ്ദേഹത്തെ അപമാനിച്ചതായും സിറിയയിലെ ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിന്റെ തലവൻ ഫാ. ഫിറാസ് ലുത്ഫി സ്ഥിരീകരിച്ചു. താൻ സുരക്ഷിതനാണെന്നും പ്രാർത്ഥനകൾക്കും ഐക്യദാർഢ്യത്തിനും നന്ദി അറിയിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് അർബാഷ് വ്യക്തമാക്കി. 2012 മുതൽ ഹോംസ് അതിരൂപതയെ നയിക്കുന്ന അദ്ദേഹം സിറിയൻ ആഭ്യന്തരയുദ്ധകാലത്ത് ജീവകാരുണ്യ-പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ആക്രമണത്തെ അപലപിച്ചുകൊണ്ട് സിറിയയിലെ വിവിധ സഭകളുടെ അദ്ധ്യക്ഷന്മാര് സംയുക്ത പ്രസ്താവന പുറത്തിറക്കി. രാജ്യത്ത് ക്രൈസ്തവർക്ക് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളെയും തട്ടിക്കൊണ്ടുപോകലുകളെയും മോചനദ്രവ്യ ഭീഷണികളെയും വെറും ഒറ്റപ്പെട്ട ക്രിമിനൽ സംഭവങ്ങളായി കാണാനാകില്ലെന്ന് മെൽക്കൈറ്റ് ഗ്രീക്ക് കാത്തലിക് പാത്രിയാർക്കീസ് യൂസഫ് ഒന്നാമൻ അബ്സി, ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് ജോൺ പത്താമൻ, സുറിയാനി ഓർത്തഡോക്സ് പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അക്രമികൾക്ക് ലഭിക്കുന്ന ശിക്ഷാ ഇളവുകളും അധികൃതരുടെ ഭാഗത്തുനിന്നുള്ള നിസംഗതയും സിറിയയിലെ ക്രൈസ്തവരുടെ ഭാവിയെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. മോഷണം എന്നതിലുപരി, ഒരു പ്രമുഖ ക്രൈസ്തവ നേതാവിനെ സ്വന്തം ആസ്ഥാനത്തുവെച്ച് കെട്ടിയിട്ട് അപമാനിക്കുകയും വിശ്വാസപരമായ പ്രതീകങ്ങള്‍ കവരുകയും ചെയ്തത് സിറിയയിലെ ഇടക്കാല ഭരണകൂടത്തിന്റെ നിഷ്ക്രിയത്വമാണെന്ന ആരോപണം ശക്തമാണ്. ഇതോടെ രാജ്യത്ത് നിലനിൽക്കുന്ന അരക്ഷിതാവസ്ഥ പരിഹരിക്കാൻ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാവുകയാണ്.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate


















