News
പെറുവില്‍ 60,000 യുവജനങ്ങളുമായി ലെയോ പാപ്പയുടെ കൂടിക്കാഴ്ച
പ്രവാചകശബ്ദം 13-11-2026 - Friday
ലിമ (പെറു): തെക്കേ അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായി പെറുവിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പ, തലസ്ഥാനമായ ലിമയിലെ ദേശീയ സ്റ്റേഡിയത്തിൽ യുവജന ജാഗരണ പ്രാർത്ഥനയുടെ ഭാഗമായി ഒരുമിച്ച് കൂടിയ 60,000-ത്തോളം യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. സ്റ്റേഡിയത്തിന് പുറത്തും പരിസരപ്രദേശങ്ങളിലുമായി ഏകദേശം മൂന്ന് ലക്ഷം വിശ്വാസികൾ കൂടി ചടങ്ങിൽ പങ്കുചേരാന്‍ എത്തിയിരിന്നു. ജീവിതത്തിലെ യഥാർത്ഥ ലക്ഷ്യവും വിളിയും കണ്ടെത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം ക്രിസ്തുവുമായുള്ള സൗഹൃദമാണെന്ന് പാപ്പ യുവജനങ്ങളെ ഓർമ്മിപ്പിച്ചു.
"കർത്താവിന്റെ സ്വരം തിരിച്ചറിയാൻ പഠിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ പദ്ധതികളെക്കുറിച്ച് അവനോട് സംസാരിക്കുക, അവന്റെ വചനം നിങ്ങളെ ചോദ്യം ചെയ്യാൻ അനുവദിക്കുക. അവൻ നിങ്ങളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ചോദിക്കാൻ ഭയപ്പെടരുത്" പാപ്പ പറഞ്ഞു. ചിലരെ പൗരോഹിത്യത്തിലേക്കും സമർപ്പിത ജീവിതത്തിലേക്കും, മറ്റു ചിലരെ വിവാഹത്തിലേക്കും കുടുംബജീവിതത്തിലേക്കും ദൈവം വിളിക്കുമെന്നും, എല്ലാവരും തങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ നന്മയ്ക്കായി ഉപയോഗിക്കണമെന്നും പാപ്പ യുവജനങ്ങള്‍ക്ക് നല്കിയ സന്ദേശത്തിനിടെ ആഹ്വാനം ചെയ്തു.
ഭീഷണി, വിഷാദരോഗം, പ്രിയപ്പെട്ടവരുടെ വേർപാട് തുടങ്ങിയ കഠിനമായ ജീവിതസാഹചര്യങ്ങളെ അതിജീവിച്ച് സഭയിൽ പുതിയ ദൗത്യങ്ങൾ കണ്ടെത്തിയ മൂന്ന് യുവജനങ്ങളുടെ അനുഭവസാക്ഷ്യങ്ങൾ കേട്ട ശേഷമായിരുന്നു ലെയോ പാപ്പയുടെ പ്രസംഗം. ജീവിതത്തിൽ തെറ്റുകൾ പറ്റിയവരും നിരാശയിൽ കഴിയുന്നവരും ഭയപ്പെടേണ്ടതില്ലെന്നും, അവരുടെ ജീവിതം അറിയുന്ന യേശു അവരെ ചേർത്തുപിടിക്കാൻ കാത്തിരിക്കുകയാണെന്നും പാപ്പ പറഞ്ഞു. നമ്മളെക്കുറിച്ച് നമുക്കുള്ളതിനേക്കാൾ നന്നായി, നമ്മുടെ ഉള്ളിലെ ഏറ്റവും ആഴമേറിയ ആഗ്രഹങ്ങൾ ദൈവത്തിന് അറിയാമെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate















