News

വിശുദ്ധ തുരീബിയൂസിനെ മനുഷ്യാവകാശ മധ്യസ്ഥനായി പ്രഖ്യാപിച്ച് പെറു സർക്കാർ

പ്രവാചകശബ്ദം 12-11-2026 - Thursday

ലിമ: പെറുവിലെ ലിമ അതിരൂപതയുടെ രണ്ടാമത്തെ ആർച്ച് ബിഷപ്പായിരുന്ന വിശുദ്ധ തുരീബിയൂസിനെ ദേശീയ മനുഷ്യാവകാശ മധ്യസ്ഥനായി പെറു സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചു. ഔദ്യോഗിക ഗസറ്റായ 'എൽ പെറുവാനോ'യിൽ (El Peruano) പ്രസിദ്ധീകരിച്ച സുപ്രീം ഡിക്രി നമ്പർ 016-2026-JUS വഴിയാണ് ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. നീതിന്യായ - മനുഷ്യാവകാശ മന്ത്രിയും വിദേശകാര്യ മന്ത്രിയും സംയുക്തമായാണ് ഉത്തരവിൽ ഒപ്പുവെച്ചത്.

വിശുദ്ധ തുരീബിയസിന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഗവേഷണം ചെയ്യാനും പ്രചരിപ്പിക്കാനും നീതിന്യായ മന്ത്രാലയത്തിന് നിർദ്ദേശം നൽകുന്നതാണ് ഡിക്രി. പെറുവിന് പുറത്ത് അദ്ദേഹത്തിന്റെ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുമതല വിദേശകാര്യ മന്ത്രാലയത്തിനും ശുപാര്‍ശ ചെയ്യുന്നുമുണ്ട്. എല്ലാ വർഷവും ഏപ്രിൽ 27-ന് അദ്ദേഹത്തിന്റെ പൈതൃകത്തെ അനുസ്മരിക്കണമെന്നും ഉത്തരവ് നിഷ്കർഷിക്കുന്നു.

ലെയോ പതിനാലാമൻ മാർപാപ്പ പെറുവില്‍ എത്തിചേരുന്നതിന് തൊട്ടുമുമ്പാണ് ഈ പ്രഖ്യാപനം വന്നത് എന്നതു ശ്രദ്ധേയമാണ്. വിശുദ്ധ തുരീബിയൂസിനെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ 300-ാം വാർഷികത്തിന്റെ സമാപന ആഘോഷങ്ങൾക്ക് ലാംബയെക്വെ മേഖലയിലെ സാനയിൽ പാപ്പ നേതൃത്വം നൽകുന്നുണ്ട്. കൊളോണിയൽ കാലഘട്ടത്തിൽ പെറുവിലെ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വമായി ശ്രദ്ധ നേടിയ ആളായിരിന്നു വിശുദ്ധ തുരീബിയൂസ് (1538–1606).

ലിമയുടെ ആർച്ച്ബിഷപ്പ് എന്ന നിലയിൽ, അക്കാലത്തെ പീഡനങ്ങൾക്കെതിരെ ശക്തമായി നിലകൊള്ളുകയും തദ്ദേശീയരായ ജനങ്ങളെയും അടിമകളെയും സംരക്ഷിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിന്നു. പാവപ്പെട്ടവർക്ക് ദോഷകരമാകുന്ന തീരുമാനങ്ങൾ ഭരണകൂടം എടുത്തപ്പോഴെല്ലാം അധികാരികള്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിന്നു. 1985-ലെ പെറു സന്ദർശന വേളയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ "മനുഷ്യവ്യക്തിയുടെ അന്തസ്സിന്റെ ധീരനായ സംരക്ഷകന്‍" എന്നാണ് വിശേഷിപ്പിച്ചത്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »