News

വിശുദ്ധരുടെ മാതൃകയിൽ സുവിശേഷത്തിന് സാക്ഷ്യം നൽകാന്‍ ആഹ്വാനവുമായി ലെയോ പാപ്പ

പ്രവാചകശബ്ദം 11-11-2026 - Wednesday

ബ്യൂണസ് അയേഴ്സ്: ക്രിസ്തുവിന്റെയും വിശുദ്ധരുടെയും ജീവിതമാതൃകയിൽ ജീവിതം സമർപ്പിക്കാനും, വിശുദ്ധിയിൽ ജീവിക്കാനും, സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനും അര്‍ജന്‍റീനയിലെ ക്രൈസ്തവരോട് ആഹ്വാനവുമായി ലെയോ പതിനാലാമൻ പാപ്പ. കോർദൊബയിലെ വ്യോമയാന സ്‌കൂൾ മൈതാനത്ത് നവംബർ 10-ന് ആറര ലക്ഷത്തോളം ആളുകളുടെ പങ്കാളിത്തത്തോടെ അർപ്പിച്ച ദിവ്യബലിയിൽ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പ്രാർത്ഥനയും സ്നേഹവും സേവനവും ജീവിതത്തിന്റെ അടിത്തറയാക്കാനും, വിശുദ്ധമായ ജീവിതത്തിലൂടെ സുവിശേഷസാക്ഷ്യം നൽകാനും പാപ്പ ആഹ്വാനം ചെയ്തു.

കുടുംബങ്ങളിലും വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും സമൂഹത്തിലും സ്നേഹവും പ്രാർത്ഥനയും സേവനവും വഴി ക്രിസ്തീയവിശ്വാസം പ്രകടമാക്കണമെന്നും, വാക്കുകളേക്കാൾ ഉപരി സ്വന്തം ജീവിതമാതൃകയിലൂടെയാണ് ക്രിസ്തുവിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തേണ്ടതെന്നും പാപ്പ ഓർമ്മിപ്പിച്ചു. യേശുക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവത്തിന്റെ രക്ഷാസന്ദേശം എല്ലാ കാലത്തും പ്രസക്തമാണ്. ക്രിസ്തുവിനെപ്പോലെ സ്നേഹത്തിലും സേവനത്തിലും ജീവിതം സമർപ്പിക്കാനാണ് ഓരോ വിശ്വാസിയും വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവവുമായുള്ള പൂർണ്ണമായ ഐക്യമാണ് വിശുദ്ധിയുടെ ലക്ഷ്യം.

ക്രിസ്തുവിൽ കണ്ടെത്തിയ സ്നേഹവും സൗന്ദര്യവും മറ്റുള്ളവരിലേക്ക് പകർന്നു നൽകാനുള്ള ഉത്തരവാദിത്വം ഓരോ ക്രൈസ്തവനുമുണ്ട്. ക്രൈസ്തവർ തങ്ങളുടെ മഹത്വവും ദൈവീക വിളിയുടെ പ്രാധാന്യവും തിരിച്ചറിയണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. അർജന്റീനയിലെ സഭയ്ക്ക് വിശുദ്ധരായ വ്യക്തിത്വങ്ങളുള്ള വലിയൊരു പാരമ്പര്യമാണുള്ളതെന്ന് ഓർമ്മിപ്പിച്ച പാപ്പ, ജപമാലയുടെ വിശുദ്ധ ഹൊസേ ഗബ്രിയേൽ ബ്രോച്ചേറോ, മാമാ അന്തൂല തുടങ്ങിയവരുടെ ജീവിതമാതൃകകൾ അനുസ്മരിച്ചു. പ്രാർത്ഥനയിലും യേശുവുമായുള്ള ആത്മബന്ധത്തിലും ശക്തി കണ്ടെത്തിയ ബ്രോച്ചേറോ, കുരിശുരൂപവും ജപമാലയും കൈമുതലാക്കി സുവിശേഷം പ്രചരിപ്പിച്ചവെന്നും, ധ്യാനജീവിതത്തോടൊപ്പം മറ്റുള്ളവരെ ദൈവത്തോടടുപ്പിക്കാൻ മാമാ അന്തൂല പരിശ്രമിച്ചിരുന്നുവെന്നും പാപ്പ പറഞ്ഞു.

ദൈവത്തെ അറിയാത്തവരിലേക്ക് സുവിശേഷത്തിന്റെ സദ്‌വാർത്ത എത്തിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ദൗത്യവും ലക്ഷ്യവും. ഈ മാതൃക നാം പിന്തുടരേണ്ടതുണ്ട്. ക്രിസ്തുവിന്റെ കുരിശിലാണ് മനുഷ്യന്റെ രക്ഷയും വിശുദ്ധിയിലേക്കുള്ള വഴിയും അടങ്ങിയിരിക്കുന്നത്. ദൈവകൃപയിൽ ആശ്രയിച്ച് വിശുദ്ധിയിലേക്ക് മുന്നേറാനും "നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണെന്ന്" യേശുവിനെക്കുറിച്ച് സാക്ഷ്യം നൽകാൻ നമുക്ക് സാധിക്കട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ടാണ്, പാപ്പ സന്ദേശം ഉപസംഹരിച്ചത്. ലെയോ പാപ്പയുടെ അര്‍ജന്റീനിയന്‍ സന്ദര്‍ശനത്തിന് ഇന്നു സമാപനമാകും.



'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »