News

ലെയോ പാപ്പയുടെ അർജന്റീനിയൻ സന്ദർശനം ചരിത്രത്താളുകളില്‍: ദിവ്യബലിയിൽ പങ്കുചേർന്നത് 25 ലക്ഷം വിശ്വാസികള്‍

പ്രവാചകശബ്ദം 10-11-2026 - Tuesday

ബ്യൂണസ് അയേഴ്സ്: ലാറ്റിന്‍ അമേരിക്കന്‍ പര്യടനത്തിന്റെ ഭാഗമായി അര്‍ജന്‍റീനയില്‍ സന്ദര്‍ശനം തുടരുന്ന ലെയോ പാപ്പ, ഇന്നലെ ബ്യൂണസ് അയേഴ്സില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് 25 ലക്ഷം വിശ്വാസികള്‍. ഇന്നലെ ബ്യൂണസ് അയേഴ്ഡിലെ, സ്പാനിഷ് സ്മാരകത്തിൽ അര്‍പ്പിച്ച ബലിയില്‍ പങ്കുചേരാനാണ് ലക്ഷകണക്കിന് വിശ്വാസികള്‍ ഒരുമിച്ച് എത്തിയത്. കർത്താവ് നമ്മെ ഏൽപ്പിച്ച ഏറ്റവും മനോഹരമായ സമ്മാനം അവിടുത്തെ പരിശുദ്ധ സഭയാണെന്നും, ദൈവജനം അവിടത്തോട് നന്ദി പറയാൻ ഒരേ മേശയ്ക്ക് ചുറ്റും ഒത്തുകൂടുമ്പോഴെല്ലാം ഈ മനോഹാരിത അനുഭവിക്കുവാൻ ഏവർക്കും സാധിക്കുന്നുവെന്നും ലെയോ പാപ്പ വചന സന്ദേശത്തില്‍ പാപ്പ പറഞ്ഞു.

വിശ്വാസത്താൽ സജീവമായ കുടുംബങ്ങൾ കൂട്ടായ്മയിൽ ജീവിക്കുകയും, സുവിശേഷം പ്രഘോഷിക്കുന്നതിനുള്ള ശുശ്രൂഷയിൽ സമർപ്പിക്കുകയും ചെയ്യുമ്പോൾ, സഭാചൈതന്യത്തിന്റെ ഉത്സാഹം വീണ്ടെടുക്കപ്പെടുകയാണെന്നു പാപ്പ പറഞ്ഞു. ദേവാലയ ശുദ്ധീകരണത്തെ ഉദ്ധരിച്ച പാപ്പ ദൈവത്തോട് വിലപേശാൻ മനുഷ്യരാശി എല്ലായ്പ്പോഴും പ്രലോഭിപ്പിക്കപ്പെടുന്നുവെന്നു ചൂണ്ടിക്കാട്ടി.

നമുക്ക് എല്ലാ നന്മയും നൽകാൻ എപ്പോഴും തയ്യാറുള്ള പിതാവാണ് ദൈവം, അതിനാൽ ആ ദൈവത്തിന്റെ സാന്നിധ്യത്തിന്റെ വാസസ്ഥലമായ ദേവാലയം തന്റെ എല്ലാ മക്കൾക്കും പ്രാർത്ഥനാഭവനമായി നല്കിയിരിക്കുന്നു.

ഇന്ന് ഏറെ സങ്കീർണ്ണമായ അവസ്ഥകളിലൂടെയാണ് കുടുംബങ്ങൾ കഴിയുന്നത്. എന്നാൽ ഈ കഷ്ടപ്പാടുകൾക്കും പ്രതിസന്ധികൾക്കുമിടയിൽ, ദൈവവചനം നമുക്ക് പ്രത്യാശയുടെ കിരണം നൽകുന്നു. ക്രിസ്തുവായ പാറയിൽ, നമ്മുടെ കുടുംബങ്ങളും സമൂഹവും അടിത്തറ കണ്ടെത്തുന്നു. അതിനാൽ നാം ഭയപ്പെടേണ്ടതില്ല. ക്രിസ്തു തന്റെ പുനരുത്ഥാനത്തിലൂടെ ഇതിനകം തന്നെ തന്റെ ഹൃദയത്തിൽ നമുക്ക് ഇടം നൽകിയിട്ടുണ്ട്. അതിനാൽ ഈ കൃപയെ നമ്മുടെ കുടുംബങ്ങളിലേക്ക് സ്വാഗതം ചെയ്യണം. ക്രിസ്തുവിനെ അറിയാനും കണ്ടുമുട്ടാനുമുള്ള പ്രത്യേക സ്ഥലമാണ് കുടുംബമെന്നും, ഇതാണ് ഫ്രാൻസിസ് പാപ്പ, പഠിപ്പിച്ചതെന്നും ലെയോ പതിനാലാമൻ പാപ്പ അനുസ്മരിച്ചു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »