News
അർജന്റീനയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പെറുവില്‍; പഴയ കർമ്മ ഭൂമിയില്‍ ആഗോള സഭയുടെ ഇടയനായി ലെയോ പാപ്പ
പ്രവാചകശബ്ദം 12-11-2026 - Thursday
ലിമ: അർജന്റീനയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ലെയോ പാപ്പ ലാറ്റിന്‍ അമേരിക്കന്‍ അപ്പസ്തോലിക പര്യടനത്തിലെ അവസാന രാജ്യമായ പെറുവിലെത്തി. പതിറ്റാണ്ടുകളോളം മിഷ്ണറിയായും മെത്രാനായും താൻ സേവനമനുഷ്ഠിച്ച പെറുവിന്റെ മണ്ണിലേക്ക് ആഗോള കത്തോലിക്ക സഭയുടെ തലവനായി ലെയോ പതിനാലാമൻ പാപ്പ തിരിച്ചെത്തിയപ്പോള്‍ പെറുവിലെ ജനത ഒരുക്കിയത് ആവേശകരമായ സ്വീകരണമായിരിന്നു. അമേരിക്കൻ വംശജനായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് (ലെയോ പതിനാലാമൻ പാപ്പ) തന്റെ പൗരോഹിത്യ ജീവിതത്തിന്റെ സിംഹഭാഗവും ചിലവഴിച്ചത് പെറുവിലായിരുന്നു.
അപ്പസ്തോലിക യാത്രയുടെ രണ്ടാം പാദമായ അർജന്റീനയിലെ അവസാനദിനമായ ഇന്നലെ നവംബർ 11 ബുധനാഴ്ച തലസ്ഥാനത്ത് തന്നെയുള്ള കൊംപ്ളേഹോ പെനിത്തെൻസ്യാറിയോ ഫെദെറാൽ എന്ന പേരിൽ അറിയപ്പെടുന്ന ജയിലിൽ പാപ്പ സന്ദര്‍ശനം നടത്തി. ജയിലിലെത്തിയ പാപ്പാ അവിടെ പ്രത്യേകമായി ഒരുക്കിയിരുന്ന സ്റ്റേജിലേക്കെത്തി. സ്വാഗത ഗാനാലാപനത്തിനും, അതിരൂപതാദ്ധ്യക്ഷന്റെ ആമുഖപ്രഭാഷണത്തിനും ശേഷം, ജയിൽ ചാപ്ലയിൻ ഫാ. മത്തിയാസ് മർത്തീനി പാപ്പയെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. തടവുകാരായ മൂന്ന് പേരുടെ സാക്ഷ്യത്തിനും ഗാനാലാപനത്തിനും ശേഷം പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം നടത്തി.
തലസ്ഥാനത്തെ ജയിൽ സന്ദർശനത്തിന് ശേഷം എട്ടരയോടെ പാപ്പ, രാജ്യത്തെ തന്റെ അവസാന ഔദ്യോഗിക ചടങ്ങായ, പാമ്പ പ്രദേശത്തുള്ള ലൂഹാനിൽ പരിശുദ്ധ അമ്മയുടെ പേരിലുള്ള ബസിലിക്ക ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കാനായി കാറിൽ യാത്രയായി. ഒൻപതരയോടെ ബസലിക്കയിലെത്തിയ പാപ്പ, അവിടെയുണ്ടായിരുന്ന ഇരുപത് ലക്ഷത്തോളം വരുന്ന വിശ്വാസികൾക്കിടയിലൂടെ പോപ് മൊബീല്‍ വാഹനത്തിൽ സഞ്ചരിക്കുകയും, പത്തുമണിയോടെ വിശുദ്ധ ബലിയർപ്പിക്കുകയും സുവിശേഷസന്ദേശം നൽകുകയും ചെയ്തു. ഉച്ചകഴിഞ്ഞ് ഒന്നരയോടെ വിമാനത്താവളത്തിലെത്തിയ പാപ്പയ്ക്കു, പ്രസിഡന്റിന്റെ പ്രോട്ടോകോൾ വിഭാഗവും സഭാനേതൃത്വവും ചേര്‍ന്നു യാത്രയയപ്പ് നല്കി.
ഇന്നലെ നവംബർ 11 ബുധനാഴ്ച പ്രാദേശികസമയം ഉച്ചകഴിഞ്ഞ് 2.38-ന് അർജന്റീനയിലെ മിനിസ്ത്രോ പിസ്തറീനി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട് മൂവായിരത്തി അഞ്ഞൂറ് കിലോമീറ്ററുകൾ സഞ്ചരിച്ച്, പ്രാദേശികസമയം വൈകുന്നേരം അഞ്ചുമണിയോടെയാണ് ( ഇന്ത്യയില്‍ ഇന്ന് നവംബർ 12 പുലര്‍ച്ചെ മൂന്നരയോടെ) വിമാനം പെറുവിലെ വ്യോമസേനയുടെ വിമാനത്താവളത്തിലെത്തി ചേര്‍ന്നത്.
ലിമയ്ക്ക് സമീപമുള്ള കല്ലാവോ നഗരത്തിൽ എത്തിയ ലെയോ പാപ്പയ്ക്കു ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്. വിമാനത്തിൽ നിന്നിറങ്ങി ജനക്കൂട്ടത്തിന് നേരെ കൈവീശിയപ്പോൾ, വിമാനത്താവളത്തിലുണ്ടായിരുന്നവർ പതാകകൾ വീശിയും ആർപ്പുവിളിച്ചും പാപ്പയെ സ്വീകരിച്ചു. പ്രസിഡന്റ് കെയ്ക്കോ ഫ്യൂജിമോരി, വിദേശകാര്യ മന്ത്രി കാർലോസ് എസ്പാ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പാപ്പയെ സ്വീകരിക്കാനെത്തിയിരുന്നു. പാപ്പയുടെ പെറു സന്ദര്‍ശനം 17 വരെ നീളും.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















