News
ആഴ്ചയിൽ ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണവും സഹായവും: പെറുവില്‍ കരുണയുടെ ദൗത്യം തുടര്‍ന്ന് സലേഷ്യന്‍ സന്യാസ സമൂഹം
പ്രവാചകശബ്ദം 26-05-2026 - Tuesday
ലിമ: ആഴ്ചയിൽ ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണവും സഹായം ലഭ്യമാക്കി പെറുവിലെ സലേഷ്യന്‍ സന്യാസ സമൂഹം കരുണയുടെ ദൗത്യം തുടരുന്നു. ഭക്ഷണ പദ്ധതി കൂടാതെ രാജ്യത്തുടനീളമുള്ള 165 പദ്ധതികളിലൂടെ പ്രതിവർഷം 27,000-ത്തിലധികം ആളുകൾക്ക് വിവിധങ്ങളായ സഹായം ഡോൺ ബോസ്കോ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ലഭ്യമാക്കുന്നുണ്ട്. ലിമയിലെ ക്രിസ്ത്യാനികളുടെ സഹായമായ മേരി ബസിലിക്കയുടെ ഇടവക വികാരിയും സലേഷ്യന്‍ സമൂഹാംഗവുമായ ഫാ. ഡാനിയേൽ കൊറോണലിന്റെ സൂപ്പ് കിച്ചൺ പദ്ധതി വഴി ഓരോ ദിവസവും ഇരുനൂറോളം ആളുകള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ 200 പേർക്ക് വീതം ഭക്ഷണം നൽകുന്നുണ്ടെന്നും ആഴ്ചയിൽ ആയിരത്തിലധികം ഭക്ഷണ പൊതി തയാറാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ് പെറുവിയൻ വനത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലകളിലും ഇറ്റലിയില്‍ കുടിയേറ്റക്കാർക്കിടയിലും മിഷ്ണറിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഫാ. കൊറോണൽ. ഡോൺ ബോസ്കോ ഫൗണ്ടേഷന്റെ ജീവകാരുണ്യ ദൗത്യം തുടരാൻ ഇത് തന്നെ സഹായിച്ചിട്ടുണ്ടെന്നു അദ്ദേഹം പറയുന്നു. ദുർബല സമൂഹങ്ങൾക്ക് ഭക്ഷണം നൽകുന്ന 79 കമ്മ്യൂണിറ്റി സംരഭങ്ങളെ നിലവിൽ സംഘടന സഹായിക്കുന്നുണ്ടെന്ന് ഫൗണ്ടേഷന്റെ ഫണ്ട്‌റൈസിംഗ് കോർഡിനേറ്റർ എലീന ഗനോസ പറഞ്ഞു.
ദുരിതങ്ങളില്‍ കഴിയുന്ന കൗമാരക്കാർക്കും യുവജനങ്ങള്‍ക്കും അഭയ കേന്ദ്രം ഒരുക്കിയും വിദ്യാഭ്യാസം, തൊഴിൽ പരിശീലനം എന്നിവ നൽകിയും വിശുദ്ധ ഡോൺ ബോസ്കോ സ്ഥാപിച്ച സലേഷ്യന്‍ സന്യാസ സമൂഹം അനേകരെ ചേര്‍ത്തുപിടിക്കുന്നുണ്ട്. വിദ്യാഭ്യാസം നല്‍കുന്നതിന് ഒപ്പം വിജയകരമായി തൊഴിൽ മേഖലയിൽ പ്രവേശിക്കുന്നതുവരെ അവരെ പിന്തുണയ്ക്കുന്നതും സലേഷ്യന്‍ സമൂഹം തങ്ങളുടെ ദൗത്യത്തിന്റെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















