News

നാസികളുടെ കൊടും പീഡനത്തിന് ഇരയായ ഒന്‍പത് സലേഷ്യൻ വൈദികര്‍ വാഴ്ത്തപ്പെട്ട പദവിയില്‍

പ്രവാചകശബ്ദം 08-06-2026 - Monday

ക്രാക്കോവ്: രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ കൊടും പീഡനത്തിന് ഇരയായ ഒന്‍പത് സലേഷ്യൻ വൈദികരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. പോളണ്ടിലെ ക്രാക്കോവിലെ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ദേവാലയത്തില്‍വെച്ച് നടന്ന തിരുക്കര്‍മ്മങ്ങളില്‍ വിശുദ്ധരുടെ കാര്യാലയത്തിന്റെ പ്രിഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമെറാരോ മുഖ്യകാര്‍മ്മികനായി. ഇരുണ്ടതും അക്രമാസക്തവുമായ ഒരു യുഗത്തിൽ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും യഥാർത്ഥ വിത്ത് പാകിയവരാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതെന്ന് കർദ്ദിനാൾ സെമെറാരോ പറഞ്ഞു.

ജാൻ സ്വിയർ, ഇഗ്‌നസി അൻ്റൊനോവിക്‌സ്, ഇഗ്‌നസി ഡോബിയാസ്, കരോൾ ഗോൾഡ, ഫ്രാൻസിസ്‌സെക് ഹരാസിം, ഫ്രാൻസിസ്‌സെക് മിഷ്‌ക, ലുഡ്‌വിക് മ്രൊസെക്, വോഡ്‌സിമിയേർസ് സെംബെക് എന്നിവരാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. 1941നും 1942നും ഇടയിൽ ഓഷ്വിറ്റ്സിലെയും ഡാച്ചൗവിലെയും കോൺസെൻട്രേഷൻ ക്യാമ്പുകളിൽ പീഡനങ്ങളും മർദ്ദനങ്ങളും മൂലം അങ്ങേയറ്റം സഹനങ്ങളിലൂടെയും കടന്നുപോകുകയും ഒടുവില്‍ ജീവന്‍ വെടിയുകയും ചെയ്തവരാണ് ഈ വൈദികര്‍.

1939 സെപ്റ്റംബർ ഒന്നിനാണ് പോളണ്ടിലെ ജർമ്മൻ അധിനിവേശത്തെത്തുടർന്ന്, കത്തോലിക്കാ സഭയ്‌ക്കെതിരെ തീവ്രതയോടെ പീഡനം ആരംഭിച്ചത്. പോളണ്ടിനെ ജർമ്മന്‍വൽക്കരിക്കാനും ആധിപത്യം സ്ഥാപിക്കാനുമുള്ള അവരുടെ പദ്ധതിക്ക് തടസ്സമായാണ് നാസികൾ സഭയെ വീക്ഷിച്ചത്. ഇതേ തുടര്‍ന്നു ആയിരക്കണക്കിന് വൈദികരെയും സന്യാസിമാരെയും സെമിനാരി വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്തു. പള്ളികൾ, ആശ്രമങ്ങൾ, സെമിനാരികൾ, കത്തോലിക്കാ സ്കൂളുകൾ എന്നിവ അടച്ചുപൂട്ടുകയോ കണ്ടുകെട്ടുകയോ ചെയ്തതും ഇക്കാലയളവിലായിരിന്നു.

നിരവധി വൈദികരെ ഓഷ്വിറ്റ്സ്, ഡാച്ചൗ തുടങ്ങിയ കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് മാറ്റി. അനേകം വൈദികരെ വിചാരണ കൂടാതെ വധിച്ചു. ആയിരക്കണക്കിന് വൈദികര്‍ പീഡനം, പട്ടിണി, രോഗം, നിർബന്ധിത തൊഴിൽ എന്നിവയെ തുടര്‍ന്നു മരണപ്പെട്ടിരിന്നു. കാലഘട്ടത്തെ "രാഷ്ട്രത്തിന്റെ ചരിത്രത്തിലെ ഒരു നാടകീയ അധ്യായം" എന്നാണ് കർദ്ദിനാൾ സെമെറാരോ വിശേഷിപ്പിച്ചത്. ക്രൂരമായ സംഭവങ്ങളുടെ ദയനീയാവസ്ഥ അനുസ്മരിക്കുക എന്നതല്ല, ക്രിസ്തുവിനൊപ്പം ജീവൻ നൽകിയ വിശുദ്ധ ഡോണ്‍ ബോസ്കോയുടെ പുത്രന്മാരെ അനുസ്മരിക്കുകയെന്നതാണ് ഇന്നത്തെ ദിവസത്തെ വേറിട്ടതാക്കുന്നതെന്നും കർദ്ദിനാൾ സെമെറാരോ പറഞ്ഞു.

ഫാ. ഇഗ്നസി ഡോബിയാസ്, ഫാ. ഫ്രാൻസിസ്സെക് ഹരാസിം, ഫാ. കാസിമിയേഴ്സ് വോജ്സിചോവ്സ്കി എന്നിവർ നാസികൾക്ക് കീഴിൽ കഠിനമായ ജോലി ചെയ്യുന്നതിനിടെയാണ് മരണപ്പെട്ടത്. ക്യാമ്പ് ആശുപത്രിയിൽ തടവിലാക്കപ്പെട്ടു മനുഷ്യത്വരഹിതമായ അവസ്ഥകൾക്കു വിധേയരായി മരണപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. കോൺസെൻട്രേഷൻ ക്യാമ്പിലെ കഠിനമായ സാഹചര്യങ്ങൾ സഹിച്ചതിന് ശേഷം ഫാ. വ്ലോഡ്സിമിയേഴ്‌സ് സെംബെക്കും മരിച്ചു.

ജർമ്മൻ പട്ടാളക്കാരുടെ കുമ്പസാരം കേട്ടതിന് ഫാ. കരോൾ ഗോൾഡയെ നാസികൾ ഒറ്റപ്പെടുത്തി വധശിക്ഷയ്ക്ക് വിധേയനാക്കി. തങ്ങളുടെ ചട്ടങ്ങളുടെ ലംഘനമായാണ് അവര്‍ കുമ്പസാരത്തെ കണ്ടത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ഭരണകൂടത്തിനു കീഴിൽ കത്തോലിക്ക വൈദികര്‍ അനുഭവിച്ച വ്യവസ്ഥാപിത പീഡനത്തെയാണ് അവരുടെ ഇവരുടെ ജീവിതം പ്രതിഫലിപ്പിക്കുന്നത്. വാഴ്ത്തപ്പെട്ട പ്രഖ്യാപന തിരുക്കര്‍മ്മങ്ങളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »