News
രജിസ്ട്രേഷൻ ആരംഭിച്ചു; ദക്ഷിണ കൊറിയയിലേക്ക് യുവജനങ്ങളെ സ്വാഗതം ചെയ്ത് പാപ്പ
പ്രവാചകശബ്ദം 23-10-2026 - Friday
റോം: 2027-ൽ ദക്ഷിണ കൊറിയയിലെ സിയോളിൽ നടക്കാനിരിക്കുന്ന ലോകയുവജന ദിനത്തിലേക്ക് ആഗോള യുവജനങ്ങളെ സ്വാഗതം ചെയ്ത് ലെയോ പാപ്പ. വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും പ്രത്യാശയുടെയും ഒരു തീർത്ഥാടനമാണ് ഈ സമ്മേളനമെന്നും ക്രൈസ്തവ യുവജനതയെ കണ്ടുമുട്ടാൻ താൻ അതിയായ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും ഇന്നലെ വത്തിക്കാന്‍ പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ഇന്നലെ യുവജന സംഗമത്തിന് രജിസ്ട്രേഷന് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് പാപ്പയുടെ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
സംഗമത്തെ വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും പ്രത്യാശയുടെയും തീർത്ഥാടനമെന്ന് വിശേഷിപ്പിച്ച പാപ്പ, ഇതിൽ പങ്കെടുക്കാൻ ലോകമെമ്പാടുമുള്ള യുവജനങ്ങളെ ക്ഷണിച്ചു. "ധൈര്യമായിരിക്കുവിൻ: ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു (യോഹ. 16:33) എന്നതാണ് ഇത്തവണത്തെ ലോക യുവജനദിനത്തിന്റെ പ്രമേയം. ലോകയുവജനസംഗമത്തിൽ, നിങ്ങളുടെ ഹൃദയത്തിലെ സ്വപ്നങ്ങളോടും പ്രത്യാശകളോടും കൂടി മാത്രമല്ല, നിങ്ങളിലെ മുറിവുകളോടും ക്ലേശങ്ങളോടും കൂടി നിങ്ങളെ സ്വീകരിക്കാനാണ് കർത്താവ് കാത്തിരിക്കുന്നതെന്ന് പാപ്പ പറഞ്ഞു.
വിവിധ ഭാഷകളിലും സംസ്കാരങ്ങളിലും നിന്നുള്ളവരെന്ന നിലയിൽ ഉള്ള വൈവിധ്യങ്ങൾ നിലനിൽക്കുമ്പോൾത്തന്നെ, ക്രിസ്തുവിന്റെ ഏക ശരീരത്തിലെ അംഗങ്ങളെന്ന നിലയിൽ ആഴത്തിലുള്ള ഐക്യം അനുഭവിക്കാനുള്ള ഒരിടം കൂടിയായിരിക്കും സിയോള്‍ നൽകുന്നതെന്നും പാപ്പ പറഞ്ഞു. 1995-ലാണ് ഏറ്റവുമൊടുവിൽ ഏഷ്യൻ ഭൂഖണ്ഡം ലോക യുവജനസമ്മേളനത്തിന് ആതിഥ്യമരുളിയത്. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടന്ന അന്നത്തെ സമ്മേളനം ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സാന്നിധ്യം കൊണ്ട് അനുഗൃഹീതമായിരുന്നു. പോര്‍ച്ചുഗലിലെ ലിസ്ബണിലാണ് അവസാനമായി ആഗോള കത്തോലിക്ക യുവജനസംഗമം നടന്നത്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️
















