News

വേദനയുടെ മൂർദ്ധന്യാവസ്ഥയിലും ക്രിസ്തുവിനെ മുറുകെപ്പിടിച്ച മരിയയുടെ നാമകരണ നടപടികള്‍ക്കു അനുമതി

പ്രവാചകശബ്ദം 18-11-2026 - Wednesday

പെൻസിൽവാനിയ: സഹനത്തിന്റെ മൂർദ്ധന്യാവസ്ഥയിലും വിശുദ്ധിയുടെയും പ്രാര്‍ത്ഥനയുടെയും മാതൃകയായി ജീവിച്ച് സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട കൗമാരക്കാരി മരിയ മിഡിൽട്ടന്റെ നാമകരണ നടപടികളുമായി മുന്നോട്ട് പോകാൻ യു.എസ്. കാത്തലിക് ബിഷപ്പ് കോൺഫറൻസിന്റെ (USCCB) തീരുമാനം. ബാൾട്ടിമോറിൽ നടന്ന ബിഷപ്പുമാരുടെ വാർഷിക പ്ലീനറി സമ്മേളനത്തിലാണ് ചരിത്രപരമായ തീരുമാനം ഉണ്ടായത്. 2020-ൽ അന്തരിച്ച മരിയ മിഡിൽട്ടന്റെ ജീവിതവും വിശ്വാസവും ധീരമായ സഹനവുമെല്ലാം സഭ ഔദ്യോഗികമായി പരിശോധിക്കുന്ന രൂപതാതല ഘട്ടത്തിലേക്കാണ് ഇതോടെ കടന്നിരിക്കുന്നത്.

വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടവരിൽ നിരവധി ചെറുപ്പക്കാർ ഉണ്ടായിരുന്നത് സഭയ്ക്ക് ചരിത്രത്തിലുടനീളം ലഭിച്ച ഒരു അനുഗ്രഹമാണെന്നും വിശുദ്ധ ജോവാൻ ഓഫ് ആർക്ക് മുതല്‍ വിശുദ്ധ കാർളോ അക്യൂട്ടിസ് വരെ ഇത് നീളുകയാണെന്നും കാനോനിക്കൽ കാര്യങ്ങൾക്കും സഭാ ഭരണത്തിനുമുള്ള സമിതിയുടെ ചെയർമാനായ ബിഷപ്പ് തോമസ് പാപ്രോക്കി പറഞ്ഞു. നമ്മുടെ ഈ കാലഘട്ടത്തിൽ, നമ്മുടെ നാട്ടിൽ ജീവിച്ച മരിയ മിഡിൽട്ടൺ എന്ന യുവതിയെ വാഴ്ത്തപ്പെട്ടവളായും വിശുദ്ധയായും പ്രഖ്യാപിക്കപ്പെടുന്നതിനുള്ള പ്രാരംഭ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരാണ് മരിയ മിഡിൽട്ടണ്‍? ‍

2002 സെപ്റ്റംബർ 10-ന് പെൻസിൽവാനിയയിലെ ഫിലാഡൽഫിയ അതിരൂപതയ്ക്ക് കീഴിലുള്ള ബക്സ് കൗണ്ടിയിലാണ് മരിയയുടെ ജനനം. സാധാരണക്കാരായ കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു വളര്‍ന്ന അവൾ, ലളിതവും ഭക്തിനിർഭരവുമായ ജീവിതശൈലിയിലൂടെയാണ് ബാല്യകാലം ചെലവഴിച്ചത്. പഠനത്തിലും സാമൂഹിക ഇടപെടലുകളിലും സജീവമായിരുന്ന മരിയ, കൂട്ടുകാർക്കും കുടുംബാംഗങ്ങൾക്കും കണ്ടുമുട്ടുന്ന ഓരോരുത്തര്‍ക്കും ഒരുപോലെ സ്നേഹനിധിയായി മാറിയിരിന്നു.

'നാഷണൽ ഓണർ സൊസൈറ്റി'യിലെ അംഗവും ക്ലാസ് പ്രസിഡന്റുമായിരുന്ന അവൾ, പഠനത്തിൽ മികവ് പുലർത്തുകയും സ്കൂളിൽ സന്നദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും തന്റെ ഇടവകയിൽ വിവിധ ചുമതലകൾ നിർവഹിക്കുകയും ചെയ്തു. വളരെ ചെറുപ്പം മുതലേ അവളുടെ ജീവിതത്തിൽ വിശ്വാസത്തിന് വലിയ സ്ഥാനമുണ്ടായിരുന്നു. മാമ്മോദീസാ സ്വീകരിച്ചപ്പോൾ മരിയയെ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ചിരുന്നു.

അവൾക്ക് മൂന്ന് വയസ്സുള്ളപ്പോൾ തന്നെ പെൻസിൽവാനിയയിലെ ഡോയ്‌ൽസ്‌ടൗണിലുള്ള 'നാഷണൽ ഷ്രൈൻ ഓഫ് അവർ ലേഡി ഓഫ് സെസ്റ്റോചോവ'യിൽ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് അമ്മയായ സൂസൻ അവളെ എല്ലാ ആഴ്ചയും കൊണ്ടുപോകുമായിരുന്നു. അവിടെ വെച്ച്, 'ദൈവകരുണയുടെ ജപമാല'യും മറ്റ് പ്രാര്‍ത്ഥനകളും ചൊല്ലാൻ പഠിച്ച മരിയ, അഗാധമായ ഭക്തിയിലും വിശുദ്ധിയിലും വളർന്നു വന്നു.

സഹനത്തിന്റെ നാളുകള്‍ ‍

ജീവിതം അതിന്റെ മനോഹരമായ യൗവനത്തിലേക്ക് കടക്കുന്നതിനിടയിലാണ് 2019 ജനുവരിയിൽ, 16-ാം വയസ്സില്‍ മരിയയെ മാരകമായ ബ്രെയിൻ സ്റ്റെം കാൻസർ ബാധിച്ചത്. തുടർന്ന് അവളുടെ ആരോഗ്യം ക്രമേണ ക്ഷയിച്ചു. അതികഠിനമായ വേദനകളും ശാരീരിക ബുദ്ധിമുട്ടുകളും നിറഞ്ഞ ആ നാളുകളിലും അവൾ ഒരിക്കലും ദൈവത്തിൽ നിന്നോ തന്റെ ആത്മീയ ജീവിതത്തില്‍ നിന്നോ അകന്നുപോയില്ല. തനിക്ക് ലഭിച്ച സഹനത്തെ ക്രൂശിതനായ ഈശോയോട് ചേര്‍ത്തു പരാതികളില്ലാതെ, ശാന്തതയോടെ സ്വീകരിക്കാന്‍ അവള്‍ തയാറായി. പതിനൊന്നാമത്തെ വയസ്സിൽ എഴുതിയ, അവളുടെ ആദ്യത്തെ ഡയറിക്കുറിപ്പ് ലളിതമായ ഒരു പ്രസ്താവനയായിരുന്നു. അത് ഇപ്രകാരമായിരിന്നു- “ദൈവം കരുണാമയനാണ്.”

രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലും വിശുദ്ധ കുർബാന സ്വീകരിക്കാനുള്ള അവളുടെ ആഗ്രഹം വലുതായിരിന്നു. 2020-ൽ, കോവിഡ്-19 മഹാമാരി മൂലം പൊതുവായ വിശുദ്ധ കുർബാന അർപ്പണങ്ങൾ നിർത്തിവെച്ചിരുന്ന സമയത്ത്, വിശുദ്ധ കുർബാന സ്വീകരിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചുകൊണ്ട് മരിയ, ഫിലാഡൽഫിയയിലെ ആർച്ച് ബിഷപ്പ് നെൽസൺ പെരെസിന് കത്തെഴുതി. താൻ നേരിട്ട് വന്ന് വിശുദ്ധ കുർബാന എത്തിച്ചുനൽകാമെന്ന് ആർച്ച് ബിഷപ്പ് പെരെസ് വാഗ്ദാനം ചെയ്തു. ഒട്ടും വൈകാതെ ആര്‍ച്ച് ബിഷപ്പ് മരിയയുടെ ആഗ്രഹം സാധിച്ചുകൊടുക്കുകയും ചെയ്തു. വൈകാതെ, സഹനത്തിന്റെ തീച്ചൂളയിലും ക്രിസ്തുവിനോടുള്ള അടങ്ങാത്ത സ്നേഹത്താല്‍ ജ്വലിച്ച മരിയ 2020 ഒക്ടോബർ എട്ടിന് സ്വര്‍ഗ്ഗീയ സമ്മാനത്തിനായി യാത്രയായി.

ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ പെൻസിൽവാനിയയിലെ ഡോയ്‌ലെസ്‌ടൗണിലുള്ള അവർ ലേഡി ഓഫ് സെസ്റ്റോചോവ ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയിരിന്നു. ഫിലാഡൽഫിയ ആർച്ച് ബിഷപ്പ് നെൽസൺ പെരസിന്റെ കാര്‍മ്മികത്വത്തില്‍ മരിയയുടെ ആത്മശാന്തിയ്ക്കായി വിശുദ്ധ കുർബാന അർപ്പിച്ചു. ഒരു മാസം പിന്നിട്ടപ്പോഴേക്കും വിശദമായ പരിശോധനകള്‍ക്ക് ഒടുവില്‍ മരിയയുടെ നാമകരണ നടപടികള്‍ക്ക് തുടക്കമിടാന്‍ സഭാനേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. വരും നാളുകളില്‍ രൂപതാതലത്തില്‍ ക്രോഡീകരിക്കുന്ന വിവരങ്ങള്‍ വിശദമായ പരിശോധനയ്കും പഠനത്തിനും ശേഷം വത്തിക്കാന് സമര്‍പ്പിക്കും. വിശുദ്ധ കാര്‍ളോയെപ്പോലെ തിരുസഭയ്ക്കു ഈ അടുത്ത കാലയളവ് വരെ ജീവിച്ച കൗമാര പ്രായത്തിലുള്ള വിശുദ്ധയെ ലഭിക്കുമോ? നമ്മുക്കും പ്രാര്‍ത്ഥിക്കാം..!



'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »