News

ചൈനയിലെ പീഡനകാല ട്രാപ്പിസ്റ്റ് തലമുറയുടെ അവസാന കണ്ണി ഫാ. ബെനഡിക്റ്റ് വിടവാങ്ങി

പ്രവാചകശബ്ദം 11-08-2026 - Tuesday

ഹോങ്കോങ്ങ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ട്രാപ്പിസ്റ്റ് സന്യാസിയും, ചൈനയിൽ കമ്മ്യൂണിസ്റ്റ് പീഡനത്തിന് ഇരയായ സന്യാസി സമൂഹത്തിലെ അവശേഷിക്കുന്ന അവസാന അംഗവുമായിരുന്ന ഫാ. ബെനഡിക്റ്റ് ചാവോ അന്തരിച്ചു. 108-ാം വയസ്സിൽ ഹോങ്കോങ്ങിലെ ലന്റാവോയിൽവെച്ചായിരിന്നു അന്ത്യം. 'ഓർഡർ ഓഫ് സിസ്റ്റർഷ്യൻസ് ഓഫ് ദി സ്ട്രിക്റ്റ് ഒബ്‌സർവൻസ്' (OCSO) സമൂഹമാണ് അദ്ദേഹത്തിന്റെ നിര്യാണ വിവരം പുറംലോകത്തെ അറിയിച്ചത്. 79 വർഷം സന്യാസിയായും 77 വർഷം വൈദികനായും സേവനമനുഷ്ഠിച്ച ഫാ. ബെനഡിക്റ്റിന് അനേകരെ ക്രിസ്തു വിശ്വാസത്തിലേക്ക് ആനയിക്കുവാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 14-ന് നടക്കും.

1918-ൽ ചൈനയിലെ ചെങ് ടിംഗിലാണ് ഫാ. ചാവോ ജനിച്ചത്. 1941-ൽ 23-ാം വയസ്സിൽ ലന്റാവോയിലെ ആശ്രമത്തിൽ പ്രവേശിച്ചു. യുദ്ധകാലത്ത് കടുത്ത ദുരിതങ്ങൾ അനുഭവിച്ചിരുന്ന സമൂഹമായിരിന്നു അത്. 1937-ൽ ജാപ്പനീസ് സൈനികർ ആശ്രമം പിടിച്ചെടുക്കുകയും, നിരവധി സന്യാസിമാരെ തടവിലാക്കുകയും വധിക്കുകയും ചെയ്തിരുന്നു. നിരവധി പീഡനങ്ങള്‍ക്കും യാതനകള്‍ക്കും അദ്ദേഹവും സഹചാരികളും ഇരയായി. 1947-ൽ ഫാ. ചാവോ സന്യാസവ്രതങ്ങൾ പൂർണ്ണമായി ഏറ്റെടുക്കുകയും 1949-ൽ വൈദികനായി അഭിഷിക്തനാവുകയും ചെയ്തു.

ഇതിനിടെ ചൈനീസ് ഏകാധിപതിയായ മാവോ സേതൂങ് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് ഏറ്റവും മോശമായ അവസ്ഥ സംജാതമായത്. ഫാ. ചാവോ തന്റെ നിത്യവ്രത വാഗ്ദാനം നടത്തിയ 1947-ൽ, യാങ്ജിയാപിങ് ആക്രമിക്കപ്പെട്ടു. സന്യാസിമാർ പീഡിപ്പിക്കപ്പെടുകയും ആശ്രമം വിട്ടുപോകാൻ നിർബന്ധിതരാവുകയും ചെയ്തു. ഒരു വർഷത്തിനുശേഷം, 'ജനകീയ വിചാരണ' എന്ന പേരില്‍ നടത്തിയ വിധി ന്യായത്തിന് ശേഷം ആറ് സന്യാസിമാരെ വെടിവെച്ചുകൊന്നു. ആ സന്യാസിമാരിൽ, ആ സമൂഹത്തിന്റെ ഉപ തലവനായിരുന്ന ഫാ. ക്രിസോസ്റ്റം ചാങ്ങും ഉൾപ്പെട്ടിരുന്നു.

യുവ സന്യാസിയായ ബെനഡിക്റ്റ് ചാവോ താമസിച്ചിരുന്ന ലിയേസെ എന്ന സമൂഹത്തിന് നേരെയും ആക്രമണമുണ്ടായി. മറ്റൊരു നഗരത്തിൽ അഭയം തേടുകയല്ലാതെ അവർക്ക് മുന്നില്‍ മറ്റ് മാർഗമില്ലായിരിന്നു. പീഡനം രൂക്ഷമായതോടെ ചില സന്യാസിമാരെ ചൈനയിൽ നിന്ന് പുറത്തേക്ക് അയച്ചു. അവരിൽ ഫാ. ചാവോയും ഉൾപ്പെട്ടിരിന്നു. അങ്ങനെ കാനഡയിലെ മാനിറ്റോബയിലുള്ള നോത്ര്-ഡാം-ഡെ-പ്രെയറീസ് ആശ്രമത്തിലെത്തി ചേരുകയായിരിന്നു. പിന്നീട് ഹോങ്കോങ്ങിൽ തങ്ങളുടെ സമൂഹം പുനഃസ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി.

'പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസ്' (PIME) അംഗവും അന്നത്തെ ഹോങ്കോങ് ബിഷപ്പുമായ മോൺസിഞ്ഞോർ എൻറിക്കോ വാൽറ്റോർട്ടയുടെ പിന്തുണയോടെ, ലന്റാവോ ദ്വീപിലെ ഉയർന്ന പ്രദേശത്ത് അവർക്ക് ഒരു ഭൂപ്രദേശം ലഭിച്ചു. അവിടെ എട്ട് സന്യാസിമാർ ചേർന്ന് പുതിയ ആശ്രമം നിർമ്മിക്കുകയും 1956-ൽ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. 1999-ൽ, സിസ്റ്റർഷ്യൻ സമൂഹത്തിന് സ്വതന്ത്ര ആശ്രമ പദവി ലഭിച്ചു. ഫാ. ചാവോയുടെ മരണത്തോടെ, മാവോയുടെ ഭരണകാലത്ത് പീഡനത്തിനിരയാവുകയും ഹോങ്കോങ്ങിൽ വീണ്ടും ആരംഭിക്കുകയും ചെയ്ത ട്രാപ്പിസ്റ്റ് സന്യാസിമാരുടെ ആ തലമുറയിലെ അവസാന കണ്ണിയെയാണ് ആശ്രമത്തിന് നഷ്ടമായിരിക്കുന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »