News
പതിനായിരങ്ങള്‍ സാക്ഷി; ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ഷീന്‍ വാഴ്ത്തപ്പെട്ട നിരയില്‍
പ്രവാചകശബ്ദം 25-09-2026 - Friday
മിസോറി: ടെലിവിഷനും റേഡിയോയും ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണം കൊണ്ട് അനേകായിരങ്ങളെ വിശ്വാസത്തിലേക്ക് നയിച്ച ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇന്നലെ സെപ്റ്റംബർ 24-ന് മിസോറിയിലെ സെന്റ് ലൂയിസിലുള്ള 'ദി ഡോം അറ്റ് അമേരിക്കാസ് സെന്ററിൽ' നടന്ന വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തില്‍ ആയിരങ്ങള്‍ സാക്ഷിയായി. വാഴ്ത്തപ്പെട്ട ഷീന്റെ തിരുനാൾ അദ്ദേഹത്തിന്റെ ചരമദിനമായ ഡിസംബർ 9-ന് ആഘോഷിക്കുമെന്ന് ലെയോ പതിനാലാമൻ ഇത് സംബന്ധിച്ച ഉത്തരവിലൂടെ പ്രഖ്യാപിച്ചു.
വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള വിശുദ്ധ കുർബാനയിൽ മാർപാപ്പയുടെ പ്രതിനിധി കർദ്ദിനാൾ ലൂയിസ് ടാഗ്ലെ മുഖ്യകാര്‍മ്മികനായി. യേശുക്രിസ്തുവുമായുള്ള ആഴമേറിയതും വിനീതവുമായ ബന്ധവും ദരിദ്രരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള തീവ്രമായ ഐക്യദാർഢ്യവും ഷീനിന്റെ മിഷ്ണറി ജീവിതത്തെ അടയാളപ്പെടുത്തിയിരുന്നുവെന്നും, എല്ലാ കത്തോലിക്കരും മാതൃകയാക്കേണ്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും കർദ്ദിനാൾ അനുസ്മരിച്ചു.
ആയിരത്തോളം വൈദികരും 89 മെത്രാന്മാരും നൂറുകണക്കിന് സെമിനാരി വിദ്യാർത്ഥികളും ഡീക്കന്മാരും അണിനിരന്ന നീണ്ട പ്രദക്ഷിണത്തോടെ ആരംഭിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ, എല്ലാ പ്രായത്തിലുമുള്ള അരലക്ഷത്തിലധികം കത്തോലിക്കർ സ്റ്റേഡിയത്തിൽ ഒത്തുകൂടി. ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടാന്‍ ഷീനിന്റെ പരിപാടികൾ ആദ്യമായി സംപ്രേഷണം ചെയ്ത കാലം മുതൽക്കേ അവ കണ്ടിരുന്ന വയോധികരും ചെറിയ കുട്ടികളുള്ള നിരവധി കുടുംബങ്ങളും പ്രഖ്യാപന ചടങ്ങില്‍ നേരിട്ടു സാക്ഷികളായിന്നു.
ആരായിരിന്നു ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍?
1950-60 കളില്‍ അമേരിക്കയിലെ സംപ്രേഷണം ചെയ്ത “ലൈഫ് ഈസ് വര്‍ത്ത് ലിവിംഗ്” എന്ന ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടെലിവിഷന്‍ വചന പ്രഘോഷണ പരിപാടിയുടെ പേരിലാണ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ അനേകായിരങ്ങള്‍ക്ക് പരിചിതനാകുന്നത്. ദശലക്ഷകണക്കിന് ആളുകളാണ് ഈ പരിപാടി കണ്ടിട്ടുള്ളത്. മരണശേഷവും അദ്ദേഹത്തിനെ വചന പ്രഘോഷണ ഭാഗങ്ങള്‍ പുനഃസംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
1895-ല്‍ അമേരിക്കയിലെ ഇല്ലിനോയിസില്‍ ജനിച്ച ഷീന്‍ തന്റെ ഇരുപത്തിനാലാമത്തെ വയസ്സില്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. 1951-ല്‍ ന്യൂയോര്‍ക്കിലെ സഹായക മെത്രാനായി നിയമിതനായി. 1966-ല്‍ റോച്ചെസ്റ്റര്‍ രൂപതയുടെ മെത്രാനായി. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ച്ച് ബിഷപ്പ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 1979-ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വെച്ചാണ് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. വിശുദ്ധമായ ജീവിതം കൊണ്ടും സുവിശേഷ തീക്ഷ്ണത കൊണ്ടും അനേകായിരങ്ങളെ പ്രകാശത്തിലേക്ക് നയിച്ച ഫുള്‍ട്ടന്‍ ജെ. ഷീന്‍റെ നാമകരണ നടപടികള്‍ക്ക് 2002-ല്‍ ആരംഭമായി.
2010-ല്‍ ജീവന്റെ അടയാളങ്ങളൊന്നും കാണിക്കാതെ മരിച്ച നിലയില്‍ കണ്ടെത്തിയ ജെയിംസ് എങ്ങ്സ്ട്രോം എന്ന കുട്ടി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നതാണ് ഷീനിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാന്‍ കാരണമായ അത്ഭുതം. ഫുള്‍ട്ടന്‍ ജെ ഷീനിന്റെ മാധ്യസ്ഥം അപേക്ഷിച്ച് പ്രാര്‍ത്ഥിച്ചതോടെയാണ് വൈദ്യശാസ്ത്രം മരിച്ചതായി പ്രഖ്യാപിച്ച കുട്ടി ജീവിതത്തിലേക്ക് തിരികെ വന്നതെന്ന് മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടിവി വ്യക്തിത്വത്തിനുള്ള ‘എമ്മി’ അവാര്‍ഡ് രണ്ടു പ്രാവശ്യം ഷീന്‍ മെത്രാപ്പോലീത്തക്ക് ലഭിച്ചിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?






















