News

ഫ്രഞ്ച് ഭരണകൂടത്തിന്റെ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി ലെയോ പാപ്പ ഫ്രാൻസില്‍

പ്രവാചകശബ്ദം 25-09-2026 - Friday

പാരീസ്: നാല് ദിവസത്തെ സന്ദർശനത്തിനായി ലെയോ പതിനാലാമൻ പാപ്പ ഫ്രാൻസിലെത്തി. ഇന്നു റോമില്‍ നിന്നു പ്രത്യേക വിമാനത്തിലാണ് പാപ്പ രാജ്യതലസ്ഥാനമായ പാരീസില്‍ എത്തിച്ചേര്‍ന്നത്. 2008-ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് ശേഷം പാരീസ് സന്ദർശിക്കുന്ന ആദ്യ മാർപാപ്പയാണ് ലെയോ പാപ്പ. പാരീസ് ഓർലി വിമാനത്താവളത്തിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പത്നിയും ചേര്‍ന്ന് പാപ്പയെ സ്വീകരിച്ചു. സൈനിക ബഹുമതികൾ സ്വീകരിക്കുന്നതിനിടെ രണ്ട് കുട്ടികൾ അദ്ദേഹത്തിന് പൂക്കൾ സമ്മാനിച്ചു.

മനോഹരമായി രൂപകൽപ്പന ചെയ്ത ഉദ്യാനങ്ങളാൽ ചുറ്റപ്പെട്ട, പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസി കൊട്ടാരത്തില്‍ സന്ദര്‍ശനം നടത്തുന്ന പാപ്പ അവിടെ രാഷ്ട്രീയ നേതാക്കൾ, സിവിൽ സമൂഹം, വ്യവസായ-വാണിജ്യ മേഖലകളിലെ പ്രമുഖര്‍, നയതന്ത്ര പ്രതിനിധികൾ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നുണ്ട്. തന്റെ സന്ദർശനത്തിലെ ആദ്യ ഔദ്യോഗിക പ്രസംഗം നടത്തുന്നതിന് മുൻപായി, മാക്രോണുമായി കൂടിക്കാഴ്ച നടത്തും.

യുനെസ്കോ ആസ്ഥാനം, ചരിത്ര പ്രസിദ്ധമായ നോട്രഡാം കത്തീഡ്രൽ, എൺപതിനായിരത്തോളം യുവാക്കൾക്കൊപ്പം പ്രാർത്ഥനാ സംഗമ വേദി എന്നിവിടങ്ങളും പാപ്പ ഇന്നു സന്ദര്‍ശിക്കുന്നുണ്ട്. 2008-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പ നടത്തിയ അപ്പസ്തോലികയാത്രയുടെ പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ്, ഫ്രാൻസിലെ ഭരണകൂട നേതൃത്വത്തിന്റെയും, കത്തോലിക്ക സഭയുടെയും, യുനെസ്കോ ഡയറക്ടർ ജനറലിന്റെയും ക്ഷണങ്ങൾ സ്വീകരിച്ച് ലെയോ പതിനാലാമൻ പാപ്പ ഫ്രാൻസിലേക്ക് എത്തുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ വത്തിക്കാനിലെത്തി പാപ്പയെ രാജ്യത്തേക്ക് ക്ഷണിച്ചിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »