News

ചരിത്രത്തിലാദ്യമായി പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ അധ്യക്ഷയായി കന്യാസ്ത്രീയെ നിയമിച്ച് പാപ്പ

പ്രവാചകശബ്ദം 09-10-2026 - Friday

റോം: പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങളുടെ അധ്യക്ഷയായി കത്തോലിക്ക സന്യാസിനിയായ സിസ്റ്റർ മേരി തെരേസ ബാരണിനെ നിയമിച്ച് ലെയോ പാപ്പ. ഇതോടൊപ്പം വത്തിക്കാനിലെ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയില്‍ ജോയിന്റ് സെക്രട്ടറി എന്ന ഉത്തരവാദിത്വവും അയർലണ്ട് സ്വദേശിയായ സിസ്റ്ററിന് ലഭിച്ചിട്ടുണ്ട്. മിഷ്ണറീസ് ഓഫ് ഔർ ലേഡി ഓഫ് ദ അപ്പോസ്തൽസ് സന്യാസിനി സമൂഹാംഗമാണ്. 2027 ജനുവരി 4നു സിസ്റ്റര്‍ മേരി പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും. സന്യാസിനിസമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സേവനമനുഷ്ഠിച്ചുവരവെയാണ് വത്തിക്കാൻ കൂരിയയിലെ പ്രമുഖ സ്ഥാനത്തേക്ക് സി. മേരി തെരേസ തെരഞ്ഞെടുക്കപ്പെട്ടത്.

1968 നവംബർ 7നു അയർലണ്ടിലെ ഡൊനെഗാളിലാണ് സിസ്റ്ററുടെ ജനനം. ഡബ്ലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ നിന്ന് ‘പബ്ലിക് ഹെൽത്ത്‌ കെയർ അഡ്മിനിസ്ട്രേഷൻ’ വിഷയത്തിൽ മാസ്റ്റർ ബിരുദം നേടിയ സി. മേരി തെരേസ, ഡബ്ലിനിലെ കിമ്മേജ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ‘ഇന്റർനാഷണൽ ഡെവലപ്‌മെന്റ്’ വിഷയത്തിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. ആഗോള മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠന-രേഖാ സംവിധാനമായ സർവീസ് ഓഫ് ഡോക്യുമെന്റേഷൻ ആൻഡ് സ്റ്റഡി ഓൺ ഗ്ലോബൽ മിഷൻ (SEDOS)-ന്റെ അദ്ധ്യക്ഷയായി 2022 മുതൽ 2025 വരെ സിസ്റ്റർ സേവനമനുഷ്ഠിച്ചിരുന്നു.

2023 മുതൽ 2025 വരെ സമർപ്പിതസമൂഹങ്ങളുടെ സുപ്പീരിയർ ജനറൽമാരുടെ യൂണിയന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഭയുടെ സുവിശേഷവത്കരണ പ്രവർത്തനങ്ങൾക്കും മിഷൻ മേഖലകളിലെ സഭകളുടെ വളർച്ചയ്ക്കും നേതൃത്വം നൽകുന്നതിൽ പങ്കാളിയാകാനുള്ള അവസരമാണ് പുതിയ നിയോഗത്തിലൂടെ സി. മേരി തെരേസയ്ക്ക് ലഭിച്ചിരിക്കുന്നത്. റോമൻ കൂരിയയിലെ ഏറ്റവും ഉന്നത പദവിയിലുള്ള വനിതകളില്‍ ഒരാളായും, നൂറ്റിഇരുപതിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പൊന്തിഫിക്കൽ മിഷ്ണറി ശൃംഖലയെ നയിക്കുന്ന ആദ്യ വനിതയെന്ന നിലയിലും മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ് സിസ്റ്റർ മേരി.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »