News - 2026
തലപ്പാവ് കണ്ട് തെറ്റിദ്ധരിച്ചവർ അറിയാൻ..; കല്ലെറിയും മുൻപേ അറിയേണ്ട യാഥാര്ത്ഥ്യങ്ങള്
ഫാ. നൗജിൻ വിതയത്തിൽ 07-11-2026 - Saturday
ഇരിങ്ങാലക്കുട രൂപതയിലെ മാള ഫൊറോന ദേവാലയത്തിൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഒരു വിവാഹവും അതുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകളും അതേ തുടർന്നുണ്ടായ ചില സംവാദങ്ങളേയും കുറിച്ച് ഒരു വ്യക്തത വരുത്തേണ്ടത് ആവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.
സഭയെയും സഭാ നേതൃത്വത്തെയും കരിവാരിത്തേക്കുവാനും അപഹസിക്കുവാനുമുള്ള ഒരു അവസരമായി ചിലർ ഇതിനെ ബോധപൂർവ്വം ഉപയോഗിച്ചു എങ്കിലും ഇത് വായിക്കുന്ന കുറച്ചുപേർക്കെങ്കിലും എന്താണ് യഥാർത്ഥത്തിൽ നടന്നത് എന്ന വസ്തുത മനസ്സിലാക്കുവാൻ ഈ എഴുത്ത് ഉപകാരപ്രദമാകും എന്ന് കരുതുന്നു. മാള ഫോറോന ഇടവകയിലെ ഒരാളുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വന്ന ഏതാനും ചിത്രങ്ങളാണ് വിവാദങ്ങൾക്ക് വഴി തെളിച്ചത്.
പ്രസ്തുത പെണ്കുട്ടിയുടെ വരാനായി (Bridegroom) വന്ന ചെറുപ്പക്കാരൻ സിക്ക് വംശജരുടെ തലപ്പാവു (Turban) വച്ചു നിൽക്കുന്നത് പലർക്കും സംശയത്തിന് ഇട നൽകി. അദ്ദേഹം ഒരു സിക്ക് മത വിശ്വസിയാണെന്നും അങ്ങനെയെങ്കിൽ ഈ വിവാഹം പള്ളിയിൽ വച്ച് നടത്തിയതും അതിനു കത്തോലിക്കാ മെത്രാന്മാർ തന്നെ കാർമ്മികത്വം വഹിച്ചതും ശരിയായില്ല എന്നുതുമായിരുന്നു പ്രധാന വാദം. പിന്നെ സഭ കാശു വാങ്ങി ചിലർക്ക് ഇത്തരം കാര്യങ്ങളിൽ വിട്ട് വീഴ്ച്ച ചെയ്തു കൊടുക്കുന്നു എന്നതാണ് മറ്റൊരു പരാതി. വിവാഹത്തെ തുടർന്ന് എടുത്ത ഗ്രൂപ്പ് ഫോട്ടോയിൽ കണ്ട കൂടുതൽ വൈദികരുടെ സാന്നിധ്യം പോലും ചിലരെ അസ്വസ്ഥനാക്കി. അത്തരക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ പ്രധാനമായും മൂന്നാണ്.
1. പ്രധാന ആരോപണം കത്തോലിക്കയായിട്ടുള്ള ഒരു വ്യക്തിയുടെ (വധു) അകത്തോലിക്കനുമായുള്ള (സിക്കുകാരനായ വരൻ ) വിവാഹം വിവാഹം പള്ളിയിൽ വച്ച് നടത്തി കൊടുത്തു എന്നുള്ളതാണ്.
അത് ശരിയായ പ്രസ്താവനയല്ല .
കാരണം ആ വ്യക്തി (വരൻ) ഒരു കത്തോലിക്കൻ തന്നെയാണ്. അതുകൊണ്ടുതന്നെ അവർ തമ്മിൽ നടന്നത് കാനോനിക നിയമപ്രകാരമുള്ള കൗദാശിക വിവാഹമാണ് (Sacramental Marriage- CCEO 776.2). അതല്ലാതെ കത്തോലിക്കരും അക്രൈസ്തവരുമായുള്ള വിവാഹമോ (Disparity of Cult Marriage) അതുമല്ലെങ്കിൽ കത്തോലിക്കരും അകത്തോലിക്കാരുമായിട്ടുള്ള വിവാഹമോ (Mixed Marriage) അല്ല.
തികച്ചും കൂദാശപരമായ വിവാഹം ആയതിനാൽ പിതാക്കന്മാർ അതു ആശിർവദിക്കുന്നതിലോ വൈദികർ ആ ചടങ്ങിൽ പങ്കെടുക്കുന്നതിലോലോ യാതൊരു തെറ്റുമില്ല.
അപ്പോൾ അദ്ദേഹം തലപ്പാവ് (Turban) വെച്ചിരിക്കുന്നത് എന്തുകൊണ്ടാണ് എന്നുള്ളതാണ് ചിലരുടെ സംശയം...!
അറിവുള്ളവർക്കറിയാം അതു സിക്കുകാരുടെ സാംസ്ക്കാരിക പ്രതീകങ്ങളിൽ (Cultural Symbol) ഒന്നാണ്. പഞ്ചാബിലുള്ള സിഖ്- ക്രൈസ്തവരും ഈ തലപ്പാവ് ഉപയോഗിക്കുന്നു. അത് അവർ അഭിമാനമായി കരുതുകയും ചെയ്യുന്നു. അതല്ലാതെ അദ്ദേഹം സിഖ് മതവിശ്വാസി ആയതുകൊണ്ടല്ല.
2. മറ്റൊരാരോപണം ഒരുപാട് വൈദികർ ഇപ്രകാരം ഒരു കല്യാണത്തിന് അണിനിരന്നു എന്നുള്ളതും കാശുള്ളവർക്ക് മാത്രമാണ് ഇത്തരമൊരു ആനുകൂല്യം ലഭിക്കുകയുള്ളൂ എന്നുള്ളതാണ്.
ഇതും ശരിയല്ല. കാരണം ഈ വിവാഹം അവർക്കുള്ള അനുകൂല്യമല്ല മറിച്ചു ആ ദമ്പതികൾക്കുള്ള അവകാശമാണ്. കാരണം രണ്ട് കത്തോലിക്കാ വ്യക്തികൾക്ക് പ്രത്യേകിച്ചു തടസങ്ങൾ (Impediments) ഇല്ലെങ്കിൽ അവരുടെ വിവാഹം പള്ളിയിൽ വെച്ച് കത്തോലിക്കാ ആചാരപ്രകാരം നടത്തിക്കിട്ടണം എന്നത് അവരുടെ അവകാശമാണ്. (അതു സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവരുടെ കാര്യത്തിലും താഴെ നിൽക്കുന്നവരുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്.
പിന്നെ അധികം വൈദികർ ഈ വിവാഹത്തിൽ പങ്കുചേരാൻ വന്നത് കാശുവാങ്ങുന്നതിനുള്ള കൂറു മാത്രമാണ് എന്നുള്ള ആരോപണം തികച്ചും ബാലിശമാണ്. ഇടവക ദേവാലത്തോട് ചേർന്ന് നിൽക്കുന്ന, വൈദിക സൗഹൃദ ങ്ങൾ കാത്തു സൂക്ഷിക്കുന്ന വ്യക്തികളുടെ, അവരുടെ മക്കളുടെ വിവാഹങ്ങൾക്ക് വൈദികർ പങ്കെടുക്കുന്നത് ആ വ്യക്തിയോടും കുടുംബത്തോടുള്ള അടുപ്പം കൊണ്ടു കൂടിയാണ് അല്ലാതെ അവരുടെ സാമ്പത്തിക നിലവാരം നോക്കിയല്ല...!
3) മൂന്നാമത് ഇപ്രകാരം ഒരു വിവാഹം പള്ളിയിൽ വച്ച് നടന്നത് അല്ലെങ്കിൽ അതിന്റെ ചിത്രം പ്രചരിച്ചത് മറ്റു *വിശ്വാസികൾ ഉതപ്പ് ഉണ്ടാക്കി എന്നുള്ളതാണ്.
ഈ ആരോപണത്തിൽ കുറച്ചു കഴമ്പുണ്ട് എന്നു തോന്നുന്നു...കാരണം തലപ്പാവ് വച്ചു കൊണ്ടുള്ള ആ വ്യക്തിയുടെ വിവാഹ ഫോട്ടോ സ്വാഭാവികമായും മറ്റുള്ളവർക്ക് സംശയം ജനിപ്പിക്കും.
ഇതറിയാവുന്ന വികാരിയച്ചൻ ആ വ്യക്തിയോട് ഈ കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. എങ്കിലും അതിലുപരി ആ വ്യക്തിയുടെ വ്യക്തി സ്വാതന്ത്രത്തെയും സിഖ് വംശജരുടെ പ്രത്യേക ആനുകൂല്യത്തെയും അച്ചൻ മാനിച്ചു എന്നു വേണം മനസിലാക്കാൻ. (ഇന്ത്യൻ പോലീസ് സേനയിൽ പോലും സിക്കുകാർക്ക് അവരുടെ തലപ്പാവ് വയ്ക്കുവാൻ അനുവാദം കൊടുത്തിട്ടുണ്ട്. പിന്നെയല്ലേ നമ്മുടെ കല്യാണത്തിന് അത് എടുത്തു മാറ്റണം എന്ന് വാശിപിടിക്കുന്നത് ....!!! )
പിന്നെ സ്വന്തം മകളുടെ വിവാഹഫോട്ടോ എവിടെയും പോസ്റ്റ് ചെയ്യരുത് എന്ന് ഒരു പിതാവിനോട് നമുക്ക് എങ്ങനെ പറയാൻ പറ്റും..? എന്തുതന്നെയായാലും പറഞ്ഞുവന്നതിന്റെ രത്നച്ചുരുക്കം ഇതാണ്.
അവിടെ നടന്ന വിവാഹം രണ്ടു കത്തോലിക്കാ വ്യക്തികൾ തമ്മിലുള്ളതാണ് അതുകൊണ്ട് അതു കൂദാശപരമാണ് (Sacramental Marriage),* നിയമപരമാണ്. അതല്ലാതെ നിയമത്തിൽ ഇളവ് നൽകിയല്ല... പിന്നെ ഇത്രയേറെ വൈദികർ ആ വിവാഹത്തിൽ പങ്കെടുത്തത് ആ പെണ്കുട്ടിയുടെ പിതാവിനോടും അവരുടെ കുടുംബത്തോടുമുള്ള അടുപ്പം കൊണ്ടാണ്.
പിന്നെ കത്തോലിക്കനായ വരനു സിക്ക് തലപ്പാവ് വയ്ക്കാൻ അനുവദിച്ചത് അത് അവരുടെ (സിക്ക് വംശജരുടെ) Cultural Symbol ആയതുകൊണ്ടും അയാളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിച്ചതുകൊണ്ടുമാണ്. പിന്നെ ഇതെല്ലാം അറിഞ്ഞിട്ടും അറിയാത്ത പോലെ നടിച്ചുകൊണ്ട് സഭയെ കല്ലെറിയുന്ന സഭാ-വൈദിക വിദ്വേഷം മനസ്സിൽ പുലർത്തുന്ന ചില വ്യക്തികൾക്കും ഒപ്പം തികച്ചും ദുരുദ്ദേശപരമായി ഈ വിവാഹ ചിത്രങ്ങൾ പ്രചരിപ്പിച്ച ചില തൽപര കക്ഷികൾക്കും ഒരു പരിധി വരെ അവരുടെ ലക്ഷ്യം നേടി എന്നു താത്കാലികമായി ആശ്വസിക്കാം എന്നു മാത്രം...!
(ലേഖകന് ഇരിങ്ങാലക്കുട രൂപതാ വൈദികനാണ്)
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















