News - 2026
ബിഷപ്പുമാരുടെ നേതൃത്വത്തിൽ മിശ്ര വിവാഹമോ? സത്യാവസ്ഥ ഇങ്ങനെ..!
പ്രവാചകശബ്ദം 07-11-2026 - Saturday
കൊച്ചി: ബിഷപ്പുമാരുടെ നേതൃത്വത്തിൽ മിശ്ര വിവാഹം നടത്തികൊടുത്തുവെന്ന സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരിക്കുന്ന ചിത്രങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥ എന്താണ്? ഒരു സിക്കു മത വിശ്വാസിയ്ക്കു വേണ്ടി കത്തോലിക്ക മെത്രാന്മാര്‍ സഭാപ്രബോധനങ്ങളില്‍ വീഴ്ച വരുത്തിയോ? വിഷയത്തില്‍ വിശദീകരണം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് താമരശ്ശേരി രൂപത വൈദികനായ ഫാ. സബിന്‍ സൈമണ്‍ തൂമുള്ളില്‍. ഇത് മിശ്രവിവാഹമായിരുന്നില്ലായെന്നും രണ്ട് കത്തോലിക്ക വിശ്വാസികൾ തമ്മിലുള്ള വിവാഹം ആയിരുന്നുവെന്നും അതിന് തെളിവാണ് വരൻ വിശുദ്ധ കുർബാന സ്വീകരിക്കുന്ന ചിത്രമെന്നും ഫാ. സബിന്‍ വെളിപ്പെടുത്തി.
ഫാ. സബിന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
കഴിഞ്ഞദിവസം രൂപതയിൽ മൂന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ നേതൃത്വത്തിൽ ആശീർവദിക്കപ്പെട്ട ഒരു വിവാഹവുമായി ബന്ധപ്പെട്ട് രണ്ട് തെറ്റിദ്ധാരണകൾ പരക്കുന്നുണ്ട്.
1. മിശ്ര വിവാഹത്തിന് മൂന്ന് പിതാക്കന്മാർ പങ്കെടുത്തു എന്നതാണ് ആദ്യത്തെ തെറ്റിദ്ധാരണ.
ഉത്തരം: അതൊരു മിശ്രവിവാഹമായിരുന്നില്ല. രണ്ട് കത്തോലിക്ക വിശ്വാസികൾ തമ്മിലുള്ള വിവാഹം ആയിരുന്നു. അതിന് തെളിവ് നൽകുന്ന ചിത്രം പോസ്റ്റിൽ ചേർക്കുന്നുണ്ട്. വരൻ വിശുദ്ധ കുർബാന സ്വീകരിക്കുന്ന ചിത്രമാണ് പങ്കുവെക്കുന്നത്.
2. സിക്കുകാരുടെ തലപ്പാവ് വെച്ച് എങ്ങനെ ഒരു ക്രിസ്ത്യാനിക്ക് പള്ളിയിൽ കയറാൻ കഴിയും?
ഉത്തരം: വരൻ ഒരു പഞ്ചാബി ക്രിസ്ത്യാനി ആണ്. പഞ്ചാബി ക്രിസ്ത്യാനികൾ വർഷങ്ങളായി അവരുടെ സാംസ്കാരിക - പാരമ്പര്യ വസ്ത്രങ്ങൾ ധരിച്ചാണ് പള്ളിയിൽ പോകാറ്. സാംസ്കാരിക അനുരോപണത്തോട് ബന്ധപ്പെടുത്തി ഈ വിഷയത്തെ മനസ്സിലാക്കേണ്ടതുണ്ട്. പഞ്ചാബി ക്രിസ്ത്യാനികളുടെ ചിത്രങ്ങളും ഈ പോസ്റ്റിൽ ചേർക്കുന്നുണ്ട്. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാൻ പരിശ്രമിക്കാം.
'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate

















